കൊൽക്കത്ത: ഛത്തീസ്‌ഗഡിലും രാജസ്ഥാനിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട് കോൺഗ്രസിന് അധികാരം നഷ്ടമായതിന് പിന്നാലെ 'ഇന്ത്യ' സഖ്യത്തിന്റെ നേതൃസ്ഥാനം ലക്ഷ്യമിട്ട് തൃണമൂൽ കോൺഗ്രസിന്റെ നീക്കം. ഇന്ത്യ സഖ്യ നേതൃത്വം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് നല്കണമെന്ന പരോക്ഷ സൂചനയുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.

ബിജെപിയെ തോല്പിച്ച ചരിത്രമുള്ളവർക്ക് നേതൃ സ്ഥാനം നല്കണമെന്നാണ് തൃണമൂൽ പറയുന്നത്. പാർട്ടിയുടെ മുഖപത്രമായ ജാഗോ ബംഗ്ലയിലെ എഡിറ്റോറിയലിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ബിജെപി വിരുദ്ധ സഖ്യത്തിന് നേതൃത്വം നൽകേണ്ടത് ബിജെപിയെ പല തവണ തോൽപ്പിച്ച് പരിചയമുള്ള ആളായിരിക്കണമെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.

കോൺഗ്രസിന് രണ്ട് സംസ്ഥാനങ്ങളിലെ അധികാരം നഷ്ടമായതിനു പിന്നാലെയാണ് ഇന്ത്യ മുന്നണിയിലെ നേതൃസ്ഥാനത്തിനായി തൃണമൂൽ കോൺഗ്രസ് ചരടുവലികൾ നടത്തുന്നത്. ഇന്ത്യാ സഖ്യത്തിന്റെ യോഗം ചേരാനിരിക്കെയാണ് നിർണായക നീക്കം. കോൺഗ്രസ് തങ്ങളുടെ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രാദേശിക നേതാക്കൾക്ക് അർഹമായ ബഹുമാനം നൽകണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. അതേസമയം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസ് വിളിച്ച ഇന്ത്യാ സഖ്യ യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും തൃണമൂൽ നേതാക്കൾ പ്രതികരിച്ചു.

'ബിജെപിക്കെതിരെ ധീരമായി പോരാടുന്നതും ഓരോ തവണയും ജയിക്കുന്നതും തൃണമൂലാണെന്ന് കോൺഗ്രസ് ഓർക്കണം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒരു ഡസൻ ബിജെപി നേതാക്കളും ബംഗാളിൽ പ്രചാരണം നടത്തിയെങ്കിലും മമത ബാനർജിയെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അവർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഗീബൽസിയൻ തന്ത്രങ്ങൾ പ്രയോഗിക്കുന്നത്'- എഡിറ്റോറിയലിൽ പറയുന്നു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് നാളെ യോഗം ചേരുക. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് മമത അറിയിച്ചത്. അതേസമയം ക്ഷണം ലഭിച്ചാൽ തൃണമൂൽ പ്രതിനിധിയെ അയക്കുന്ന കാര്യം പരിഗണിക്കും എന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

മമത ബാനർജി തിങ്കളാഴ്ച നിയമസഭയിൽ നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. സീറ്റ് വിഭജനത്തിനുള്ള നിർദ്ദേശം അംഗീകരിച്ചിരുന്നെങ്കിൽ തെലങ്കാനയെപ്പോലെ മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും കോൺഗ്രസിന് അധികാരത്തിലേറാൻ കഴിയുമായിരുന്നു എന്നാണ് മമത പ്രതികരിച്ചത്. ഇന്ത്യ സഖ്യത്തിലെ ചെറിയ പാർട്ടികൾ വോട്ടുകൾ ഭിന്നിപ്പിച്ചു. അത് ബിജെപിക്ക് സഹായകരമായി. അതാണ് കോൺഗ്രസിന്റെ പരാജയ കാരണമെന്നും മമത പറഞ്ഞു.

പ്രചാരണവും പരസ്യവും മാത്രം പോരാ. തന്ത്രം ഉണ്ടായിരിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും വേണം. സീറ്റ് വിഭജനം ഉണ്ടായാൽ 2024ൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തില്ല. ബിജെപിക്ക് ഇപ്പോൾ അധികം സന്തോഷിക്കാനൊന്നുമില്ല. വോട്ട് ശതമാനത്തിലെ വ്യത്യാസം വളരെ കുറവാണെന്നും മമത ഓർമിപ്പിച്ചു.