ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയത്തിൽ സംശയം ഉന്നയിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ 230 മണ്ഡലങ്ങളിൽ 199 സീറ്റിലും കോൺഗ്രസ് ആയിരുന്നു മുന്നിലെന്നും ബിജെപി. മുന്നിട്ടുനിന്നത് 31 ഇടത്തുമാത്രമായിരുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 230 സീറ്റിൽ 163-ഉം നേടിയാണ് മധ്യപ്രദേശിൽ ബിജെപി. തുടർഭരണം നേടിയത്. കോൺഗ്രസ് വെറും 66 സീറ്റിലാണ് വിജയിച്ചത്.

'മറ്റൊരു ട്വീറ്റിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയെയും ദിഗ്‌വിജയ് സിങ് ചോദ്യംചെയ്യുന്നുണ്ട്. ചിപ്പ് ഉള്ള ഏതൊരു മെഷീനും ഹാക്ക് ചെയ്യാനാകും. ഇ.വി.എമ്മിലൂടെയുള്ള വോട്ടെടുപ്പിന് 2003 മുതൽ ഞാൻ എതിരാണ്. ഇന്ത്യൻ ജനാധിപത്യം പ്രൊഫഷണൽ ഹാക്കർമാരാൽ നിയന്ത്രിക്കപ്പെടുന്നത് നമുക്ക് അനുവദിക്കാനാകുമോ? എല്ലാ രാഷ്ട്രീയപാർട്ടികളും അഭിസംബോധന ചെയ്യേണ്ടുന്ന അടിസ്ഥാനപരമായ ചോദ്യമാണിത്. ബഹുമാനപ്പെട്ട തിരഞ്ഞെടുപ്പു കമ്മിഷൻ, ബഹുമാനപ്പെട്ട സുപ്രീം കോടതി ദയവായി നമ്മുടെ ഇന്ത്യൻ ജനാധിപത്യത്തെ നിങ്ങൾ സംരക്ഷിക്കാമോ?', എന്നായിരുന്നു ദിഗ്‌വിജയ് സിങ്ങിന്റെ ട്വീറ്റ്.

തന്റെ വാദത്തെ സാധൂകരിക്കാനായി മാധ്യമപ്രവർത്തകൻ രവി നായരുടെ ട്വീറ്റും ദിഗ്‌വിജയ സിങ് ചേർത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ ബിജെപി കുറ്റപ്പെടുത്തുന്നതായുള്ള പഴയ വാർത്തയുടെ ഭാഗമാണ് രവി നായർ ട്വീറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അതേ സമയം നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം നേരിട്ട സാഹചര്യത്തിൽ കമൽനാഥ് മധ്യപ്രദേശ് പി.സി.സി അധ്യക്ഷസ്ഥാനം രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് കമൽനാഥ് രാജി സമർപ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം കമൽനാഥ് പാർട്ടി നേതാക്കളെ കാണാത്തതിലും മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാനെ കണ്ടതിലും പാർട്ടി നേതൃത്വം അസ്വസ്ഥരാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സീറ്റ് വിഭജനത്തിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ജെ.ഡി.യു മേധാവി നിതീഷ് കുമാർ എന്നിവരുൾപ്പെടെ ഇന്ത്യ മുന്നണിയിലെ പല നേതാക്കൾക്കെതിരെയും കമൽനാഥ് നടത്തിയ പരാമർശങ്ങളിൽ കോൺഗ്രസ് നേതൃത്വം അസ്വസ്ഥരാണ്.

230 അംഗ നിയമസഭയിലെ 163 സീറ്റും നേടിയാണ് ബിജെപി മധ്യപ്രദേശിന്റെ ഭരണം പിടിച്ചത്. കോൺഗ്രസിന് 66 സീറ്റ് മാത്രമാണ് ലഭിച്ചത്. 2018ലെ തെരഞ്ഞെടുപ്പിൽ 114 സീറ്റുകൾ നേടി കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചിരുന്നു. എന്നാൽ, 23 എംഎ‍ൽഎമാർ കൂറുമാറിയതോടെ ബിജെപി ഭരണം പിടിക്കുകയായിരുന്നു.