- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇന്ത്യ' മുന്നണിയിൽ തമ്മിലടി; പ്രതിപക്ഷ പാർട്ടികൾ തമ്മിൽ പോര് മുറുകുന്നു; നേതൃസ്ഥാനത്തിനായി അവകാശവാദവുമായി തൃണമൂലും എഎപിയും ജെഡിഎസും; പ്രമുഖ നേതാക്കൾ പിന്മാറിയതോടെ ഡൽഹിയിൽ ചേരാനിരുന്ന യോഗം മാറ്റി; കോൺഗ്രസിന് തിരിച്ചടി
ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ 'ഇന്ത്യ' മുന്നണിയിലെ പ്രതിപക്ഷ പാർട്ടികൾ തമ്മിൽ പോര് മൂർച്ഛിക്കുന്നു. പ്രതിപക്ഷ പാർട്ടികളുടെ സംഖ്യത്തിൽ പ്രതിസന്ധി രൂക്ഷമെന്ന് സൂചന നൽകി ബുധനാഴ്ച നിശ്ചയിച്ചിരുന്ന സഖ്യയോഗം മാറ്റിവെച്ചു. ഡൽഹിയിൽ ചേരാനിരുന്ന യോഗമാണ് മാറ്റിയത്.
യോഗത്തിൽ പങ്കെടുക്കേണ്ടതില്ല എന്നാണ് തീരുമാനമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും അറിയിച്ചിരുന്നു. യോഗത്തിനെത്തില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് യോഗം മാറ്റിവച്ചവിവരം പുറത്തുവന്നത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണിയെ നയിക്കേണ്ട പ്രധാനപ്പെട്ട മൂന്നു നേതാക്കളുടെ പിന്മാറ്റം പ്രതിപക്ഷ ക്യാമ്പിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. നിതീഷിനേയും മമതയേയും അഖിലേഷിനെയും കൂടാതെ പ്രതിപക്ഷ സംഖ്യത്തിലെ മറ്റുപല നേതാക്കളും യോഗത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിരുന്നുവെന്നാണ് വിവരം.
നിയമസഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്കുനിന്നു നേരിടുന്ന കോൺഗ്രസിന്റെ നിലപാടിനെതിരെ പ്രദേശിക പാർട്ടികൾക്കിടയിലും പ്രതിഷേധം ശക്തമാണെന്നാണ് അറിയുന്നത്. സംഖ്യകക്ഷികളുമായി സീറ്റ് പങ്കിടാൻ കോൺഗ്രസ് ശ്രമിച്ചിരുന്നുവെങ്കിൽ തോൽവിയുടെ ആഘാതം കുറയ്ക്കാമായിരുന്നുവെന്ന് അഖിലേഷ് യാദവും മമതാ ബാനർജിയും നേരത്തെ വ്യക്തമാക്കിയിരുന്നു.
നിതീഷും അഖിലേഷും യോഗത്തിലേക്ക് പ്രതിനിധികളെ അയയ്ക്കും എന്നായിരുന്നു ചൊവ്വാഴ്ച രാവിലെ പുറത്തുവന്ന റിപ്പോർട്ടുകൾ. അതേസമയം, ആർ.ജെ.ഡി നേതാക്കളായ ലാലു പ്രസാദ് യാദവും മകൻ തേജസ്വി യാദവും യോഗത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നുവെന്നാണ് വിവരം.
മാറ്റിവെച്ച യോഗം ഈ മാസം മൂന്നാംവാരത്തിൽ നടക്കുമെന്നാണ് സൂചന. അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്കുപിന്നാലെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലിഗാർജുൻ ഗാർഗെയാണ് യോഗം ചേരുമെന്ന് അറിയിച്ചത്.
്അതേ സമയം സഖ്യത്തിന്റെ നേതൃസ്ഥാനത്തെച്ചൊല്ലിയാണ് തർക്കം രൂക്ഷമാകുന്നത്. നേതൃസ്ഥാനം മമതക്ക് നൽകണമെന്ന് തൃണമൂൽ നേതാക്കൾ ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് പോലും ആവശ്യപ്പെടാത്ത നേതാവാണ് മമതയെന്നായിരുന്നു അധിർ രഞ്ജൻ ചൗധരിയുടെ കുറ്റപ്പെടുത്തൽ.
നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ സഖ്യത്തിലെ ഭിന്നിപ്പ് രൂക്ഷമാകുകയാണ്. കൈയിലുണ്ടായിരുന്ന രണ്ട് സംസ്ഥാനങ്ങളിൽ കൂടി അധികാരം നഷ്ടമായ കോൺഗ്രസ് സഖ്യത്തിന്റെ നേതൃസ്ഥാനം കൈയാളുന്നതിലാണ് പാർട്ടികളിൽ മുറുമുറുപ്പ് ഉള്ളത്.. ഇന്ത്യ ഏകോപന സമിതിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള സിപിഎം തീരുമാനം സഖ്യ രൂപീകരണ സമയത്ത് തന്നെ വിവാദമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക്പിന്നാലെ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പാർട്ടി തങ്ങളാണെന്നായിരുന്നു ആംആദ്മി പാർട്ടിയുടെ പ്രതികരണം.
പ്രധാനമന്ത്രിയാകാൻ യോഗ്യതയുള്ളയാളാണ് നിതീഷ് കുമാറെന്ന് ബിഹാറിലെ മുതിർ നേതാവും മന്ത്രിയുമായമദൻ സാഹ്നി പറഞ്ഞതും ചർച്ചയാകുന്നുണ്ട്. അതേസമയം പാർലമെന്റിന് ചേരുന്നതിന് മുന്നോടിയായി കോൺഗ്രസ് വിളിച്ച ഇന്ത്യ സഖ്യ എംപിമാരുടെ യോഗത്തിൽ തൃണമൂൽ കോൺഗ്രസും എഎപിയും പങ്കെടുത്തിരുന്നു. ഇന്ത്യ സഖ്യത്തിലെ എല്ലാവരും ഒറ്റക്കെട്ടെന്നും ജനകീയ വിഷയങ്ങളിൽ യോജിച്ച് പോരാടുമെന്നും ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി എംപി പറഞ്ഞു.




