ന്യൂഡൽഹി: മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച പത്ത് ബിജെപി. പാർലമെന്റ് അംഗങ്ങൾ രാജിവെച്ചു. ലോക് സഭയിൽ നിന്നുള്ള ഒൻപത് എംപിമാരും, രാജ്യസഭയിൽ നിന്നുള്ള ഒരു എംപിയുമാണ് രാജിക്കത്ത് സമർപ്പിച്ചത്. രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച രണ്ട് കേന്ദ്ര മന്ത്രിമാർ അടക്കമുള്ള എംപിമാരാണ് രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുടേയും നിർദേശപ്രകാരം സ്പീക്കറുടെ ഓഫീസിൽ എത്തിയാണ് എംപിമാർ രാജിക്കത്ത് സമർപ്പിച്ചത്. പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദയും എംപിമാരെ അനുഗമിച്ചു.

കേന്ദ്രമന്ത്രിമാരായ നരേന്ദ്ര തോമർ, പ്രഹ്ലാദ് പട്ടേൽ എന്നിവരും മധ്യപ്രദേശിൽ നിന്നുള്ള എംപിമാരായ റിതി പതക്, രാകേഷ് സിങ്, ഉദയ് പ്രതാപ് സിങ്, രാജസ്ഥാനിൽ നിന്നുള്ള എംപിമാരായ രാജ്യവർധൻ സിങ് റാത്തോഡ്, ദിയ കുമാരി, ഛത്തീസ്‌ഗഡിൽ നിന്നുള്ള അരുൺ സാവോ, ഗോംതി സായ് എന്നിവർ സ്പീക്കർ ഓം ബിർളയ്ക്കാണ് രാജിക്കത്ത് സമർപ്പിച്ചത്. രാജ്യസഭാ എംപി. കിറോരി ലാൽ മീണ രാജയ്‌സഭാ ചെയർമാന് രാജിക്കത്ത് സമർപ്പിച്ചു.

പന്ത്രണ്ട് ബിജെപി. എംപിമാരാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചത്. ലോക് സഭാ എംപിമാരായ ബാബാ ബാലക്‌നാഥ്, രേണുക സിങ് എന്നിവർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചിരുന്നു. വൈകാതെ തന്നെ ഇവരും രാജിക്കത്ത് സമർപ്പിക്കുമെന്നാണ് വിവരം. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര തോമറും പ്രഹ്ലാദ് പട്ടേലും മധ്യപ്രദേശ് നിയമസഭയിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ് ഇരുവരും

കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ രാജിവെച്ച സാഹചര്യത്തിൽ കേന്ദ്ര മന്ത്രിസഭയിൽ ഉടൻ അഴിച്ചുപണിയുണ്ടാകാൻ സാധ്യതയേറി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മുഖം മിനുക്കലിന് കേന്ദ്രസർക്കാർ തയ്യാറായേക്കും. അതേ സമയം രാജിവെച്ച എംപിമാർക്ക് സംസ്ഥാനങ്ങളിൽ നിർണായക ചുമതലകൾ നൽകിയേക്കും.

രാജിവെച്ച എംപിമാർ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി സംസാരിച്ചു. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച വിജയിച്ച ബിജെപി എംപിമാരാണ് രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെയും അധ്യക്തയിൽ ചേർന്ന യോഗത്തിനുപിന്നാലെയാണ് എംപിമാരുടെ രാജി. മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും രാജസ്ഥാനിലും മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കുന്ന നടപടികളുമായി ബിജെപി ദേശീയ നേതൃത്വം മുന്നോട്ടുപോകുന്നതിനിടെയാണ് എംപിമാരുടെ രാജി.