ന്യൂഡൽഹി: രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനുള്ള ബിജെപിയുടെ ഉന്നതതല നിർണായക യോഗം വ്യാഴാഴ്ച ചേരാനിരിക്കെ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ട് സമ്മർദ്ദ തന്ത്രവുമായി വസുന്ധര രാജ സിന്ധ്യ ഡൽഹിയിൽ. കേന്ദ്രനേൃത്വവുമായുള്ള അസ്വാരസ്യം, മുഖ്യമന്ത്രിസ്ഥാനം വസുന്ധരയിൽനിന്ന് അകറ്റിയേക്കുമോ എന്ന ചോദ്യം നിലനിൽക്കെയാണ് മുൻ രാജസ്ഥാൻ മുഖ്യമന്ത്രി ബുധനാഴ്ച രാത്രി ഡൽഹിയിലെത്തിയത്.

വ്യാഴാഴ്ച ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് വസുന്ധര സമയം തേടിയെന്നാണ് വിവരം. അതേസമയം ഡൽഹിയിലെത്തിയ വസുന്ധര, മരുമകളെ കാണാൻ എത്തിയതാണ് എന്നായിരുന്ന മാധ്യമങ്ങൾക്ക് നൽകിയ മറുപടി. രാജസ്ഥാനിൽ ആരാകും മുഖ്യമന്ത്രി എന്ന ചർച്ച കൊടുമ്പിരി കൊള്ളുമ്പോൾ വസുന്ധര രാജ സിന്ധ്യയുടെ ഡൽഹി സന്ദർശനം ഏറെ ശ്രദ്ധേയമാകുന്നുണ്ട്. സംസ്ഥാനത്തെ മുഖ്യമന്ത്രിസ്ഥാനാർത്ഥികളിൽ മുൻപന്തിയിലാണ് വസുന്ധരയുടെ പേര്. എന്നാൽ കേന്ദ്രനേൃത്വവുമായുള്ള അസ്വാരസ്യമാണ് വസുന്ധര പക്ഷത്തിന് ആശങ്ക ഉയർത്തുന്നത്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട അറുപത് എംഎ‍ൽഎമാരുമായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വസുന്ധര സ്വന്തം വസതിയിൽ ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പാർട്ടി വസുന്ധരയെ തിരഞ്ഞെടുക്കുന്ന പക്ഷം പിന്തുണയ്ക്കുമെന്ന് ഇവർ ഉറപ്പുനൽകിയെന്നാണ് വിവരം. വസുന്ധരയെ കൂടാതെ കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിങ് ശെഖാവത്ത്, അർജുൻ മേഘ്വാൾ, എംപിമാരായ ബാലക്നാഥ്, ദിയാകുമാരി എന്നിവരുടെ പേരും രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.

വ്യാഴാഴ്ച ഡൽഹിയിൽ ബിജെപിയുടെ ഉന്നതതല നിർണായക യോഗം ചേരും. മൂന്നിടത്തേക്കുമുള്ള മുഖ്യമന്ത്രിമാരുടെ കാര്യത്തിൽ യോഗം തീരുമാനം കൈക്കൊള്ളും. മധ്യപ്രദേശിൽ 230-ൽ 163 സീറ്റ് നേടിയാണ് ബിജെപി. ഭരണം പിടിച്ചത്. 199 മണ്ഡലങ്ങളിൽ 115-ഇടത്ത് വിജയിച്ച് രാജസ്ഥാനിലും 90-ൽ 54 സീറ്റ് നേടി ഛത്തീസ്‌ഗഢിലും ബിജെപി. അധികാരം ഉറപ്പിച്ചു

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളിലെ തിളക്കമാർന്ന ജയത്തിന് ശേഷം പുതിയ മുഖ്യമന്ത്രിമാരുടെ കാര്യത്തിൽ കരുതലോടെയുള്ള തീരുമാനത്തിലെത്താനുള്ള നീക്കത്തിലാണ് പാർട്ടി നേതൃത്വം എന്നാണ് വ്യക്തമാകുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും ആരൊക്കെയാകണം മുഖ്യമന്ത്രി എന്ന കാര്യത്തിൽ വലിയ ചർച്ചകളാണ് ബിജെപി ദേശീയ നേതൃത്വം നടത്തുന്നത്.

പഴയ പടക്കുതിരകൾ മതിയോ പുതുമുഖങ്ങളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവതരിപ്പിക്കണോ എന്ന കാര്യത്തിലടക്കമാണ് ചർച്ച നടക്കുന്നത്. മുഖ്യമന്ത്രിമാർക്കായുള്ള ചർച്ചകളിൽ 3 സംസ്ഥാനങ്ങളിലും പുതുമുഖങ്ങളെ ബിജെപി പരിഗണിക്കുന്നതായുള്ള സൂചനകളടക്കം പുറത്തുവന്നിട്ടുണ്ട്.

പൊതുവിൽ ഉയർന്ന എല്ലാ കാര്യങ്ങളിലും ചർച്ച നടത്താനായി ബുധനാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്ത്രര മന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. മുഖ്യമന്ത്രിമാരെ തീരുമാനിക്കാനാണ് കൂടിക്കാഴ്ച നടത്തിയതെങ്കിലും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര പ്രഖ്യാപിക്കുമെന്നാണ് ബിജെപിയിൽ നിന്നും പുറത്തുവരുന്നത്.

മധ്യപ്രദേശിൽ നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ, ഛത്തീസ്‌ഗഡിൽ മുൻ മുഖ്യമന്ത്രി ഡോ. രമൺ സിങ് എന്നിവർ വീണ്ടും മുഖ്യമന്ത്രി കസേര ലക്ഷ്യം വച്ചുള്ള നീക്കം സജീവമാക്കിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ബിജെപി ദേശീയ നേതൃത്വത്തിന്റേതാകും.

മധ്യപ്രദേശിലും ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. താൻ ഒരിക്കലും മുഖ്യമന്ത്രിസ്ഥാനാർത്ഥി ആയിരുന്നില്ലെന്ന പ്രതികരണവുമായി ശിവരാജ് സിങ് ചൗഹാൻ രംഗത്തെത്തിയിട്ടുണ്ട്. മുൻപോ ഇപ്പോഴോ ഞാൻ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിയായിരുന്നില്ല. ഞാൻ പാർട്ടി പ്രവർത്തകൻ മാത്രമാണ്. പാർട്ടി നൽകുന്ന എന്ത് ചുമതലയും സ്ഥാനവും നിർവഹിക്കും, അദ്ദേഹം പറഞ്ഞു.

ശിവരാജ് സിങ് ചൗഹാനെ കൂടാതെ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ, കൈലാഷ് വിജയവർഗിയ തുടങ്ങിയവരാണ് മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്ന പേരുകൾ. രമൺ സിങ്, വിഷ്ണു ദേവ് സായി, രേണുക സിങ് സർപോത, ഒ.പി. ചൗധരി തുടങ്ങിയവരെയാണ് ഛത്തീസ്‌ഗഢിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം