ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ലക്ഷ്യമിട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് നിതീഷ് കുമാറിന്റെ നീക്കം. നേതൃപദവി ലക്ഷ്യമിട്ട് മമത ബാനർജി ചരട് വലി തുടങ്ങിയതോടെയാണ് നിതീഷ് കുമാർ കളത്തിലിറങ്ങാൻ തയ്യാറെടുക്കുന്നത്.

നാല് സംസ്ഥാനങ്ങളിലെ റാലികളിൽ ഈ മാസം അവസാന വാരം മുതൽ നിതീഷ് പങ്കെടുക്കും. ജനശ്രദ്ധ നേടാൻ രാഷ്ട്രീയ പര്യടനത്തിനുള്ള മുന്നൊരുക്കം ജെഡിയു തുടങ്ങി. ഇന്ത്യ മുന്നണി യോഗത്തിലും നിലപാടറിയിക്കാനുള്ള നീക്കത്തിലാണ് ജെഡിയു.

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ തിരിച്ചടി മുതലെടുക്കാനാണ് ജെഡിയു നീക്കം. ഇന്ത്യ സഖ്യത്തിൽ കോൺഗ്രസിന്റെ നേതൃപദവി ചോദ്യം ചെയ്യപ്പെടുമ്പോൾ പ്രധാനമന്ത്രി സ്ഥാനാർത്ഥി നിതിഷ് കുമാറെന്ന പ്രചാരണം ജെഡിയു ശക്തമാക്കുകയാണ്.

കുർമി വിഭാഗത്തിൽ പെടുന്ന നിതീഷ് കുമാർ പിന്നാക്ക വിഭാഗങ്ങൾക്ക് നിർണ്ണായക സ്വാധീനമുള്ള ഉത്തർപ്രദേശിലെ ഫുൽപൂരിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ജെഡിയു കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് രാഷ്ട്രീയ റാലികളുമായി സജീവമാകാനുള്ള നിതീഷിന്റെ തീരുമാനം.

ഉത്തർപ്രദേശിലെ വാരണാസിയിലാണ് ആദ്യ റാലി. 24 ന് പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ നിന്ന് തന്നെ പര്യടനത്തിന് തുടക്കമിടുന്നത് കൃത്യമായ സന്ദേശം നൽകാനാണെന്നത് വ്യക്തമാണ്. യുപിയിലെ തന്നെ പ്രയാഗ് രാജ്, ഫുൽപൂർ തുടങ്ങിയ മണ്ഡലങ്ങളിലെ റാലികളിലും പങ്കെടുക്കും. പിന്നീട് ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും നീങ്ങും.

ജനുവരി മുതൽ ഒരു മാസക്കാലം നീളുന്ന പര്യടനമാണ് ഇപ്പോഴത്തെ പദ്ധതിയിലുള്ളത്. തുടർന്ന് മറ്റ സംസ്ഥാനങ്ങളിലേക്കും പോകും. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന പ്രചാരണം നേരത്തെ നിതീഷ് കുമാർ തള്ളിയിരുന്നെങ്കിലും നിയമസഭ തെരഞ്ഞടുപ്പിന് പിന്നാലെ അവകാശവാദം ഉന്നയിക്കാനുള്ള ശേഷി കോൺഗ്രസിന് കുറഞ്ഞതോടെയാണ് കരുനീക്കങ്ങൾ തുടങ്ങിയിരിക്കുന്നത്.

കേന്ദ്രസർക്കാരിനെതിരെ നിരന്തരം പോരാടുക എന്നതായിരുന്നു സഖ്യതീരുമാനം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ കോൺഗ്രസ് അതിലേക്ക് മാത്രമായിപ്പോയി. തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് തന്നെ സഖ്യത്തിന് മുൻകൈ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിതീഷ് കുമാർ പറഞ്ഞു.

സംസ്ഥാനങ്ങളിൽ സഖ്യമുണ്ടാകണമെന്ന പൊതുനിർദ്ദേശത്തെ പലപ്പോഴും മറികടക്കുന്ന രീതിയാണ് മധ്യപ്രദേശിലും രാജസ്ഥാനിലും ഉണ്ടായത്. മധ്യപ്രദേശിൽ കോൺഗ്രസ് തനിച്ച് മത്സരിക്കുന്ന സാഹചര്യമുണ്ടായി. മധ്യപ്രദേശിലെ നിലപാടിനെതിരെ അഖിലേഷ് യാദവ് ഉൾപ്പെടെ രംഗത്തുവരികയും ആം ആദ്മി പാർട്ടിഅടക്കം വേറെ മത്സരിക്കുന്ന സാഹചര്യവും ഉണ്ടായി