- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുപ്രീം കോടതിയുടേത് ചരിത്രപരമായ വിധി; കൂടുതൽ ശക്തമായ ഇന്ത്യ നിർമ്മിക്കാൻ പ്രതീക്ഷ നൽകുന്ന വിധിയെന്ന് പ്രധാനമന്ത്രി; ആർട്ടിക്കിൾ 370 റദ്ദാക്കിയ സർക്കാർ തീരുമാനം ഭരണഘടനപരമെന്ന് തെളിഞ്ഞുവെന്ന് അമിത് ഷാ
ന്യൂഡൽഹി: ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടന അനുച്ഛേദം 370 റദ്ദാക്കിയ നടപടി സുപ്രീം കോടതി ശരിവച്ചത് കേന്ദ്രസർക്കാരിന് വലിയ ആശ്വാസമാണ് നൽകുന്നത്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന കോടതിയുടെ നിരീക്ഷണം കേന്ദ്രസർക്കാരിന്റെ നിലപാടിനുള്ള അംഗീകാരമായാണ് വിലയിരുത്തുന്നത്. ചരിത്രപരമായ വിധിയാണ് സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ പ്രതികരിച്ചു. പാർലമെന്റ് നടപടിയെ കോടതി ശരിവച്ചിരിക്കുകയാണ്. കൂടുതൽ ശക്തമായ ഇന്ത്യ നിർമ്മിക്കാന് പ്രതീക്ഷ നൽകുന്ന വിധിയെന്നും നരേന്ദ്ര മോദി സമൂഹമാധ്യമത്തിൽ കുറിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ തീരുമാനം ശരിവച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഭരണഘടനാപരമെന്ന് തെളിയിക്കുന്നതാണ് ഇന്ന് സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി പ്രസ്താവം എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
'2019 ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദീർഘവീക്ഷണത്തോടെ ഒരു തീരുമാനമെടുത്തു. അതായിരുന്നു ആർട്ടിക്കിൾ 370 റദ്ദാക്കൽ. അന്നുമുതൽ ജമ്മുകശ്മീർ സാധാരണ നിലയിലേക്ക് തിരികെ വന്നു. സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു. ഒരിക്കൽ ആക്രമണങ്ങളിൽ തകർന്ന് തരിപ്പണമായ താഴ്‌വരയിലെ മനുഷ്യരുടെ ജീവിതത്തിന് പുതിയൊരു അർത്ഥം നൽകാൻ ഇപ്പോഴത്തെ വികസനത്തിനും വളർച്ചയ്ക്കും സാധിച്ചു.
വിനോദ സഞ്ചാര, കാർഷിക മേഖലകൾ സമൃദ്ധിയിലേക്ക് വളർന്നതോടെ ജമ്മു, കശ്മീർ,ലഡാക്ക് മേഖലയിലെ നിവാസികളുടെ വരുമാന നിലവാരവും ഉയർന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഭരണഘടനാപരമെന്ന് ഇന്നത്തെ സുപ്രീം കോടതി വിധി തെളിയിച്ചു''- അമിത് ഷാ എക്‌സിൽ കുറിച്ചു.
2019 ഓഗസ്റ്റ് 5 ന് 61നെതിരെ 125 വോട്ടുകൾക്കാണ് ജമ്മുകശ്മീർ പുനഃസംഘടന ബില്ല് അമിത് ഷാ രാജ്യ സഭയിൽ അവതരിപ്പിക്കുന്നത്. പിറ്റേന്ന് 67 നെതിരെ 367 വോട്ടുകൾക്ക് ബില്ല് ലോക്‌സഭയും കടന്നു. അന്ന് തന്നെ രാഷ്ട്രപതി ഒപ്പുവച്ചു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുമെന്ന സംഘപരിവാർ പ്രഖ്യാപനവും, ബിജെപിയുടെ കാലങ്ങളായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനവുമാണ് ഇതോടെ യാഥാർത്ഥ്യമായത്.
താഴ് വരയിൽ തീവ്രവാദം വളരുന്നുവെന്ന ഗുരുതരമായ ആക്ഷേപം, കേന്ദ്രസർക്കാരിന്റെ ഇടപെടലിന് പോലും പരിമിതി ഏർപ്പെടുത്തുന്ന പ്രത്യക പദവി, പുറത്ത് നിന്നുള്ളവർക്ക് ഭൂമിയും മറ്റും വാങ്ങുന്നതിലെ പൗരാവകാശ ലംഘനം ഇതൊക്ക ന്യായീകരണങ്ങളായി സർക്കാർ നിരത്തി.
പ്രത്യേക പദവി എടുത്ത് കളഞ്ഞ് ജമ്മുകശ്മീരെന്നും, ലഡാക്കെന്നുമുള്ള രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതോടെ അക്രമസംഭവങ്ങൾ കുറഞ്ഞെന്നും, തീവ്രവാദത്തെ ഫലപ്രദമായി ചെറുക്കാനാകുന്നുവെന്നും, സ്വകാര്യ നിക്ഷേപങ്ങൾ വർധിച്ചെന്നുമുള്ള കണക്കുകൾ പാർലമെന്റിലടക്കം സർക്കാർ നിരത്തിയിരുന്നു.
മണ്ഡല പുനർനിർണ്ണയ്തിനെതിരെ കശ്മീരിലെ പ്രതിപക്ഷ പാർട്ടികളും, മറ്റ് സംഘടനകളും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും നീക്കത്തിന് കോടതി തടയിട്ടതും സർക്കാരിന് ആശ്വാസമായി. ഫലത്തിൽ ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് മതിയെന്നതും സൗകര്യമായി. അങ്ങനെ രാമക്ഷേത്ര നിർമ്മാണത്തിന് പിന്നാലെ സർക്കാർ നടപ്പാക്കിയ രണ്ടാമത്തെ വലിയ തീരുമാനവും അംഗീകരിക്കപ്പെടുകയാണ്.
അതേസമയം, വ്യക്തമായ സൂചന നൽകാതെ സംസ്ഥാന പദവി നൽകുമെന്ന് ആവർത്തിച്ചിരുന്നെങ്കിലും എത്രയും വേഗം തിരികെ നൽകണമെന്ന നിർദ്ദേശം ഹർജിക്കാർക്ക് ആശ്വാസമാണ്. സർക്കാർ സംവിധാനങ്ങളുടെ ഭാഗത്ത് നിന്നും സർക്കാരിതര ശക്തികളുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഒരു പോലെ പരിഗണിക്കമെന്നും സമിതി വേണമെന്നുമുള്ള നിർദ്ദേശവും മുറിവുണക്കുന്നതായി.




