ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രിയായി ബിജെപിയുടെ ഭജൻലാൽ ശർമ്മ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ദിവ്യകുമാരി, പ്രേംചന്ദ് ഭൈർവ എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മുൻ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ജയ്പുരിലെ ചരിത്രപ്രസിദ്ധമായ ആൽബർട്ട് ഹാളിൽവച്ചായിരുന്നു ചടങ്ങ്. രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്രയുടെ മുൻപാകെയായിരുന്നു സത്യപ്രതിജ്ഞ. കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.

ബദ്ധവൈരികളായ രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ടും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവതും സത്യപ്രതിജ്ഞാ ചടങ്ങിൽ വേദി പങ്കിട്ടു. ഗജേന്ദ്ര സിങ് ഷെഖാവതിനെതിരേ നിരന്തരം അഴിമതി ആരോപണവുമായി ഗെലോട്ട് രംഗത്തെത്തുന്നതിനിടെയാണ് ഇരുവരും അടുത്തടുത്ത ഇരിപ്പിടങ്ങളിലായി വേദി പങ്കിട്ടത് എന്നതും ശ്രദ്ധേയമാണ്.

മുൻ പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ്, സതീഷ് പുനിയ അടക്കമുള്ളവരുമായി ഗെലോട്ട് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. നവംബർ 25ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ 200 സീറ്റുകളിൽ, 115 സീറ്റുകൾ നേടി ബിജെപി ഒറ്റയ്ക്ക് അധികാരം നേടുകയായിരുന്നു. 69 സീറ്റുകളിൽ മാത്രം വിജയിച്ച അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന് തുടർഭരണം നേടാനായിരുന്നില്ല.

കഴിഞ്ഞ 34 വർഷമായി സജീവ രാഷ്ട്രീയത്തിലുണ്ടെങ്കിലും ഭജൻലാൽ ശർമ്മ ഇതാദ്യമായാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. വ്യവസായിയായ ഭജൻലാൽ ശർമ്മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായിരുന്നു. വസുന്ധര രാജ മുഖ്യമന്ത്രിയാകുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്.

എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. പിന്നീട് ഭാരതീയ ജനത യുവമോർച്ചയുടെ വിവിധ പദവികൾ വഹിച്ചു. 27ാം വയസ്സിൽ സർപഞ്ചായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് ബിജെപിയുടെ സംസ്ഥാന വൈസ് പ്രസഡിന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങിൽ നിരവധി ബിജെപി നേതാക്കൾ പങ്കെടുക്കുന്നുണ്ട്. ത്രിപുര മുഖ്യമന്ത്രി മണിക് സാഹ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്വാൾ, ഗജേന്ദ്ര സിങ് ഷെഖാവത്ത് എന്നിവരും ചടങ്ങ് വീക്ഷിക്കാനെത്തി. അഞ്ച് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട വാസുദേവ് ദേവ്‌നാനിയാണ് പുതിയ സ്പീക്കർ. മന്ത്രിസഭാ വികസനം ഉടനെയുണ്ടാകുമെന്നാണ് സൂചന.

ജയ്പൂരിലേക്കുള്ള പ്രധാന റോഡുകൾ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിന്റെ ക്ഷേമപദ്ധതികളുടെ പോസ്റ്ററുകളും ബാനറുകളും നേതാക്കളുടെ കട്ട് ഔട്ടുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നുവെന്ന് വക്താവിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

സംഗാനർ മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്ഥാർത്ഥി പുഷ്‌പേന്ദ്ര ഭരദ്വാജിനെതിരെ 145,162 വോട്ടുകൾ നേടിയാണ് ഭജൻലാൽ ശർമ്മ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചത്. പുഷ്‌പേന്ദ്ര ഭരദ്വാജ് 97,081 വോട്ടുകൾ നേടി. ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി നാല് തവണ പ്രവർത്തിച്ചിട്ടുണ്ട്

ഡിസംബർ 12ന് നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് അദ്ദേഹത്തെ നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. പാർട്ടിയുടെ കേന്ദ്ര നിരീക്ഷകരായ രാജ്നാഥ് സിങ്, സരോജ് പാണ്ഡെ, വിനോദ് താവ്ഡെ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്.

രാജസ്ഥാനിലെ ഭരത്പൂർ സ്വദേശിയായ ഭജൻ ലാൽ ശർമ്മ, ആദ്യമായാണ് എംഎൽഎ ആകുന്നത്. രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്), അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) എന്നിവയുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.