- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എതിർപ്പില്ലാതെ ഇനി ആഗ്രഹിക്കുന്ന ബില്ലുകളെല്ലാം ഈ ശീതകാല സമ്മേളനത്തിൽ മോദി സർക്കാരിന് പാസാക്കാം; ലോക്സഭയിൽ ഇനി എതിർക്കാനുള്ളത് വെറും 13 പേർ മാത്രം; പുകയാക്രമണത്തിലെ പ്രതിഷേധത്തിൽ സൃഷ്ടിക്കപ്പെടുന്നത് പ്രതിപക്ഷമില്ലാ പാർലമെന്റ്
ന്യൂഡൽഹി: എതിർപ്പില്ലാതെ ഇനി ആഗ്രഹിക്കുന്ന ബില്ലുകളെല്ലാം മോദി സർക്കാരിന് പാസാക്കാം. പ്രതിപക്ഷം ഇല്ലാത്ത പാർലമെന്റ് ആയി മാറുകയാണ് ഇന്ത്യയുടേത്. എംപി.മാരുടെ സസ്‌പെൻഷൻ റെക്കോഡുകൾ ഭേദിച്ചതാണ് ഇതിന് കാരണം. ലോക്സഭയിൽ പ്രതിപക്ഷ ബഹളമരങ്ങേറുമ്പോൾ എത്താതിരുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ ഉച്ചയ്ക്ക് പ്രതിപക്ഷമൊഴിഞ്ഞുനിന്ന സഭയിൽ ക്രിമിനൽ നടപടിച്ചട്ടത്തിന് പകരമായുള്ള ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബിൽ അവതരിപ്പിച്ചു. സുരക്ഷാവീഴ്ചയെക്കുറിച്ച് ഷാ പ്രതികരിച്ചില്ല. ബിൽ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷ ബെഞ്ചിൽ 11 അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അവതരണം വേഗത്തിലും ആയി. ഈ ബില്ലടക്കം പ്രതിപക്ഷം കുറവായ സഭ പാസാക്കുമെന്നാണ് സൂചന.
ലോക്സഭയിൽ 95 പേരും രാജ്യസഭയിൽ 46 പേരുമാണ് സസ്‌പെൻഷനിലായത്. ശീതകാലസമ്മേളനത്തിന്റെ അവശേഷിക്കുന്ന മൂന്നുദിവസം ലോക്സഭയിൽ പ്രതിപക്ഷനിരയിൽ ബാക്കിയുള്ളത് 13 പേർമാത്രം, രാജ്യസഭയിൽ 63 പേരും. ഈ അവസരം മുതലെടുത്ത് ക്രിമിനൽ ബിൽ, തിരഞ്ഞെടുപ്പ് കമ്മിഷൻ ബിൽ തുടങ്ങിയ നിർണായക ബില്ലുകൾ പാസാക്കിയെടുക്കാനാണ് നീക്കമെന്ന് പ്രതിപക്ഷവും മനസ്സിലാക്കുന്നു. ബിജെപി മുന്നണിയിൽ ഇല്ലാത്ത ബി.ജെ.ഡി., വൈ.എസ്.ആർ. കോൺഗ്രസ് അംഗങ്ങളായിരുന്നു പ്രതിപക്ഷമായി പേരിന് സഭയിലുണ്ടായിരുന്നത്. ബിൽ ചർച്ചയിലുടനീളം ഇവർ പതിവുപോലെ സർക്കാരിനെ തുണച്ചു. ചർച്ച രാത്രിവരെ നീണ്ടു. എൻഡിഎ മുന്നണിയിൽ ഇല്ലെങ്കിലും ഇവർ എന്നും മോദി സർക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് എടുക്കാറുള്ളത്.
ഒഴിവുള്ള സീറ്റുകൾ കഴിച്ച് ലോക്സഭയിലിപ്പോൾ 522 അംഗങ്ങളും രാജ്യസഭയിൽ 233 അംഗങ്ങളുമുൾപ്പെടെ ആകെ 755 എംപി.മാരാണുള്ളത്. ഈ സമ്മേളനത്തിൽ 141 പ്രതിപക്ഷ എംപി.മാർക്ക് സസ്‌പെൻഷൻ ലഭിച്ചതോടെ ബാക്കിയുള്ളത് 614 പേർ. അതിൽ ബഹുഭൂരിപക്ഷവും ബിജെപിയെ പിന്തുണയ്ക്കുന്നതാണ്. വിവാദ വിഷയങ്ങളിലെല്ലാം കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്ന വൈ.എസ്.ആർ. കോൺഗ്രസിന്റെയും ബിജു ജനതാദളിന്റെയും എംപി.മാരെ പ്രതിപക്ഷത്ത് ആരും കാണുന്നില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിൽ പ്രതിപക്ഷം ഒന്നാകെ സഭ ബഹിഷ്‌കരിക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പ്രതിപക്ഷം ഇല്ലാത്ത സഭാ സമ്മേളനമാകും ഈ ശീതകാലത്ത് നടക്കുക.
ലോക്സഭയിൽ ബിജെപി.ക്കും അവരുടെ സഖ്യകക്ഷികൾക്കുമായി 323 അംഗങ്ങളും പ്രതിപക്ഷത്തിന് 142 അംഗങ്ങളുമാണ്. പ്രതിപക്ഷാംഗങ്ങളിൽ 95 പേർ പുറത്തായതോടെ അവശേഷിക്കുന്നത് 47 പേർ മാത്രം. അതിൽ 22 പേർ വൈ.എസ്.ആർ. കോൺഗ്രസും 12 പേർ ബിജു ജനതാദളും.ഫലത്തിൽ എതിർക്കാൻ ഇനി 13 പേർ മാത്രമേയുള്ളൂ. രാജ്യസഭയിലെ 233 സീറ്റുകളിൽ ബിജെപി.ക്കുമാത്രം 93 അംഗങ്ങളുണ്ട്. ഓരോ അംഗങ്ങൾവീതമുള്ള എട്ട് സഖ്യകക്ഷികളും അഞ്ച് നോമിനേറ്റഡ് അംഗങ്ങളും ചേരുമ്പോൾ ഭരണപക്ഷത്തിന് 106 അംഗങ്ങളായി.
പ്രതിപക്ഷനിരയിലെ 127 പേരിൽ 46 അംഗങ്ങൾ സസ്‌പെൻഷനിലാണ്. വൈ.എസ്.ആർ. കോൺഗ്രസിന്റെയും ബിജു ജനതാദളിന്റെയും ഒമ്പതുവീതം അംഗങ്ങളും ഉണ്ടാത്. ഇവരെ കുറച്ചാൽ ബാക്കിയുള്ളത് 63 പേർ. ഇവരാണ് മോദി സർക്കാരിനെതിരെ എതിർശബ്ദം ഉയർത്തുന്നത്. പാർലമെന്റിലെ പുകയാക്രമണത്തെക്കുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്ലക്കാർഡുകളുമായി ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങിയ 49 പ്രതിപക്ഷ എംപിമാരെക്കൂടി സസ്‌പെൻഡ് ചെയ്തതോടെയാണ് പ്രതിപക്ഷ ആൾ ബലം കുറഞ്ഞത്. ഇരാജ്യസഭയിൽ ഇന്നലെയും ബഹളമുണ്ടായെങ്കിലും പുതുതായി ആരെയും സസ്‌പെൻഡ് ചെയ്തില്ല.
സഭാ സമ്മേളനം തീരുന്ന മറ്റന്നാൾ സസ്‌പെൻഷനിൽ പ്രതിഷേധിച്ചു രാജ്യവ്യാപക പ്രക്ഷോഭത്തിന് 'ഇന്ത്യ' മുന്നണി ആഹ്വാനം ചെയ്തു. പാർലമെന്റിനു മുൻപിലും പ്രതിഷേധം തുടരും. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചശേഷം ആഭ്യന്തരമന്ത്രി അമിത്ഷാ ലോക്‌സഭയിലെത്തി ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കാനുള്ള 3 ബില്ലുകൾ അവതരിപ്പിച്ചു. കഴിഞ്ഞദിവസങ്ങളിൽ അദ്ദേഹം പാർലമെന്റിലുണ്ടായിരുന്നെങ്കിലും സഭയിൽ വന്നിരുന്നില്ല. ലോക്‌സഭയിൽ പ്ലക്കാർഡുകൾ ഉയർത്തിയുള്ള പ്രക്ഷോഭമാണ് സസ്‌പെൻഷനു കാരണമായി പറഞ്ഞത്. 49 പേരിൽ 18 പേരും കോൺഗ്രസിൽ നിന്നാണ്.
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രക്ഷോഭത്തിൽ പങ്കുചേർന്ന് എഴുന്നേറ്റുനിന്നെങ്കിലും സസ്‌പെൻഡ് ചെയ്തില്ല. ഒപ്പം നിന്ന സുപ്രിയ സുളെയ്ക്ക് (എൻസിപി) സസ്‌പെൻഷൻ കിട്ടി. ശശി തരൂർ, കെ.സുധാകരൻ, അടൂർ പ്രകാശ്, അബ്ദുസമദ് സമദാനി എന്നിവരും നാഷനൽ കോൺഫറൻസിലെ ഫാറൂഖ് അബ്ദുല്ല, ബിഎസ്‌പി സസ്‌പെൻഡ് ചെയ്ത ഡാനിഷ് അലി തുടങ്ങിയവരും നടപടി നേരിട്ടവരിലുണ്ട്. ചൊവ്വാഴ്ച രണ്ടുവട്ടം നിർത്തിവെച്ചശേഷം ഉച്ചയ്ക്ക് 12.30-ന് വീണ്ടും ചേരുമ്പോഴാണ് അംഗങ്ങൾക്കെതിരേ നടപടിയുണ്ടായത്. സ്പീക്കർ സഭയിലുണ്ടായിരുന്നില്ല. സഭ നിയന്ത്രിച്ചിരുന്ന പാനൽ അംഗവും ബിജെപി. നേതാവുമായ രാജേന്ദ്ര അഗർവാൾ, 49 അംഗങ്ങൾക്ക് ആദ്യം താക്കീതുനൽകി.
തൊട്ടുപിന്നാലെ ഇവർക്കെതിരേ നടപടി ആവശ്യപ്പെട്ട് പാർലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി പ്രമേയം അവതരിപ്പിച്ചു. തുടർന്ന് ഭരണപക്ഷ അംഗങ്ങളുടെ ശബ്ദവോട്ടോടെ സഭ സസ്‌പെൻഷന് അംഗീകാരം നൽകി. പ്രതിപക്ഷ അംഗങ്ങളുടെ പേരുകൾ ഓരോന്നായി അധ്യക്ഷൻ വായിക്കുമ്പോൾ പ്രതിപക്ഷനിരയിൽ മുദ്രാവാക്യങ്ങളുയർന്നു. സഭവിട്ട പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിനുപുറത്ത് പ്രതിഷേധിച്ചു. അകത്ത് ബില്ലുകളുമായി സഭാനടപടികൾ തുടർന്നു.




