- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഷ്ട്രീയ പാർട്ടികൾ തമ്മിൽ സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാകാം; വാദ പ്രതിവാദവും നടക്കാം; മിമിക്രി കാണിച്ചതും വീഡിയോയിൽ ചിത്രീകരിച്ചതും നാണക്കേടും അസ്വീകാര്യവും; ധൻകറെ പിന്തുണച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; ഉപരാഷ്ട്രപതി അവഹേളനത്തിൽ നടപടിക്ക് സാധ്യത
ന്യൂഡൽഹി: സുരക്ഷാ വീഴ്ചയും സസ്‌പെൻഷനും ചോദ്യംചെയ്ത് പ്രതിപക്ഷ എംപി.മാർ പാർലമെന്റ് വളപ്പിൽ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ നേരിട്ട് വിളിച്ച് നിരാശ രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി ധൻകറിനെ അനുകരിച്ച് മിമിക്രി കാണിച്ചതിന് പിന്നാലെയാണിത്. ഈ വിഷയത്തെ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്.
രാഷ്ട്രപതിയും സംഭവത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പാർലമെന്റിൽ വെച്ച് ഉപരാഷ്ട്രപതി അവഹേളിക്കപ്പെട്ടത് നിരാശപ്പെടുത്തുന്നു. തെരഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് സ്വതന്ത്രമായി പ്രതികരിക്കാൻ അവകാശമുണ്ട്. എന്നാൽ അംഗങ്ങളുടെ പെരുമാറ്റം അന്തസ്സും മാന്യവുമായിരിക്കണം. പാർലമെന്റിന്റെ പാരമ്പര്യം അംഗങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് ജനം പ്രതീക്ഷിക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുർമു അഭിപ്രായപ്പെട്ടു. ധൻകറെ അനുകരിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി സംസാരിക്കുകയും പ്രതിപക്ഷാംഗങ്ങൾ ചിരിച്ച് പ്രോത്സാഹിപ്പിക്കുകയും അതെല്ലാം രാഹുൽ ഗാന്ധി മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് ധൻകർ നേരത്തെ രംഗത്തെത്തിയിരുന്നു.
പ്രധാനമന്ത്രി തന്നെ നേരിട്ട് വിളിച്ച് സംഭവത്തെ അപലപിച്ചതായി ഉപരാഷ്ട്രപതി എക്സിലൂടെ അറിയിച്ചു. കഴിഞ്ഞ ഇരുപത് വർഷക്കാലയളവിൽ ഇതേ അവഹേളനങ്ങളുടെ ഇരയാണ് താനെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, പാർലമെന്റിൽ വച്ച് ഉപരാഷ്ട്രപതിയെപ്പോലെയൊരു വ്യക്തിക്ക് ഇത് നേരിടേണ്ടി വന്നത് നിർഭാ?ഗ്യകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങൾ തന്റെ കടമ നിർവഹിക്കുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിക്കില്ല. രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ നിന്നും ചിലരുടെ കോമാളിത്തരങ്ങളും തന്നെ തടയില്ല. ഭരണഘടനാ മൂല്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണ്- മറുപടിയായി പ്രധാനമന്ത്രിയോട് പറഞ്ഞതായി ധൻകർ എക്‌സിൽ കുറിച്ചു.
പാർലമെന്റിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ രാജ്യസഭ ചൊവ്വാഴ്ച അഞ്ചുതവണയാണ് നിർത്തിവെച്ചത്. അതിനിടെ, സഭ ചേർന്ന ചുരുങ്ങിയ സമയത്താണ് പാർലമെന്റ് വളപ്പിൽ തന്നെ അവഹേളിച്ചതിനെതിരേ ധൻകർ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം സംഭവത്തിൽ പ്രതികരണവുമായി എത്തുന്നത്.
താനിതെല്ലാം ടി.വി.യിൽ കണ്ടതായി ധൻകർ പറഞ്ഞു. തന്റെ കാർഷിക പശ്ചാത്തലവും ജാതിയുമെല്ലാം പറഞ്ഞ് മുതിർന്ന നേതാക്കൾ അവഹേളിച്ചെന്നും രാഹുൽ ഗാന്ധിയുടെ പേര് പറയാതെ ധൻകർ ആരോപിച്ചു. രാജ്യസഭാ അധ്യക്ഷന്റെയും ലോക്സഭാ സ്പീക്കറുടെയും പദവികൾ മറ്റ് പദവികളെ പോലല്ല. രാഷ്ട്രീയപ്പാർട്ടികൾ തമ്മിൽ സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാകാം. വാദപ്രതിവാദങ്ങളും നടക്കാം. എന്നാൽ മിമിക്രി കാണിച്ചതും അത് വീഡിയോയിൽ ചിത്രീകരിച്ചതും നാണക്കേടും അസ്വീകാര്യവുമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
പാർലമെന്റിൽ നിന്നും സസ്പെൻഡ് ചെയ്ത എംപിമാർ പാർലമെന്റ് കവാടത്തിന് മുന്നിൽ ധർണ നടത്തുമ്പോഴാണ് വിവാദ സംഭവം ഉണ്ടാകുന്നത്. തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയാണ് ധർണയ്ക്കിടെ ഉപരാഷ്ട്രപതിയെ അനുകരിച്ചത്. ഇതിന്റെ വീഡിയോ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പകർത്തുകയും ചെയ്തിരുന്നു. കല്യാൺ ബാനർജിയുടേയും രാഹുലിന്റെയും നടപടിയെ ബിജെപി ഇന്നലെ വിമർശിച്ചിരുന്നു.
ലോക്സഭയിലെ സുരക്ഷാവീഴ്ചയ്ക്കെതിരെ പ്രതിഷേധിച്ചതിനാണ് 141 പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തത്.




