- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'എല്ലാവരും പാർലമെന്റ് നിയമങ്ങൾ പ്രകാരമാണു പെരുമാറേണ്ടത്; അവർ വിചിത്രമായി പെരുമാറി; കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചു; പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷനെക്കുറിച്ച് ഹേമ മാലിനി; പരിഹസിച്ച് കോൺഗ്രസ്
ന്യൂഡൽഹി: പാർലമെന്റിലെ സുരക്ഷ വീഴ്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തിയതിൽ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്തതിനെ ന്യായികരിച്ച് ബിജെപി എംപിയും നടിയുമായ ഹേമ മാലിനി. പ്രതിപക്ഷ എംപിമാർ കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചെന്നും വിചിത്രമായി പെരുമാറിയെന്നും അതിനാലാണു നടപടിയെന്നുമായിരുന്നു ഹേമ മാലിനി വാർത്താ ഏജൻസി എഎൻഐയോടു പറഞ്ഞത്.
''അവർ ചില കാര്യങ്ങൾ തെറ്റായി ചെയ്തതിനാലാണു സസ്‌പെൻഡ് ചെയ്തത്. എല്ലാവരും പാർലമെന്റ് നിയമങ്ങൾ പ്രകാരമാണു പെരുമാറേണ്ടത്. അവർ അങ്ങനെ ചെയ്തില്ല. സസ്‌പെൻഷനിൽ തെറ്റായി ഒന്നുമില്ല. അങ്ങനെ ചെയ്തതാണു ശരിയും. പ്രതിപക്ഷം കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചതിനാലാണ് അവരെ സസ്‌പെൻഡ് ചെയ്തത്'' ഹേമ മാലിനി വ്യക്തമാക്കി.
Finally, a BJP MP has revealed the reason for the suspension of Congress and opposition MPs.
- Sama Ram Mohan Reddy (@RamMohanINC) December 19, 2023
BJP MP Hema Malini:- They ask too many questions that's why they are suspended. pic.twitter.com/KYOH7vZPF0
തൊട്ടുപിന്നാലെ ബിജെപിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് രംഗത്തെത്തി. പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തതിന്റെ കാരണം ഒടുവിൽ ഒരു ബിജെപി എംപി വെളിപ്പെടുത്തി എന്ന കുറിപ്പോടെ ഹേമ മാലിനിയുടെ വിഡിയോ തെലങ്കാനയിലെ കോൺഗ്രസ് നേതാവ് സാമ റാം മോഹൻ റെഡ്ഡി എക്‌സിൽ പങ്കുവച്ചു.
പുകയാക്രമണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങിയ 49 പ്രതിപക്ഷ എംപിമാരെക്കൂടി കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ഇതോടെ സസ്‌പെൻഡ് ചെയ്യപ്പെട്ട ആകെ ലോക്‌സഭാംഗങ്ങൾ 95 ആയി.
ഇരുസഭകളിലുമായി മൊത്തം 141 പ്രതിപക്ഷ എംപിമാരെയാണ് ഇതുവരെ സസ്‌പെൻഡ് ചെയ്തത്. പ്ലക്കാർഡുകൾ ഉയർത്തിയുള്ള പ്രക്ഷോഭമാണ് സസ്‌പെൻഷനു കാരണമായി പറഞ്ഞത്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രക്ഷോഭത്തിൽ പങ്കുചേർന്ന് എഴുന്നേറ്റു നിന്നെങ്കിലും സസ്‌പെൻഡ് ചെയ്തില്ല.
ഒപ്പം നിന്ന സുപ്രിയ സുളെയ്ക്ക് (എൻസിപി) സസ്‌പെൻഷൻ കിട്ടി. ശശി തരൂർ, കെ.സുധാകരൻ, അടൂർ പ്രകാശ്, അബ്ദുസമദ് സമദാനി എന്നിവരും നാഷനൽ കോൺഫറൻസിലെ ഫാറൂഖ് അബ്ദുല്ല, ബിഎസ്‌പി സസ്‌പെൻഡ് ചെയ്ത ഡാനിഷ് അലി തുടങ്ങിയവരും നടപടി നേരിട്ടവരിലുണ്ട്.




