- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അതിരുവിട്ട പ്രതിഷേധം! ജഗ്ദീപ് ധൻകറിനെ അനുകരിച്ച കല്യാൺ ബാനർജിക്കെതിരെ പരാതിയുമായി അഭിഭാഷകൻ; വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചല്ല മിമിക്രി ചെയ്തതെന്ന് തൃണമൂൽ കോൺഗ്രസ് എംപി
ന്യൂഡൽഹി: പാർലമെന്റിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ മോക് പാർലമെന്റ് നടത്തുന്നതിനിടെ രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകറിനെ പരിഹാസ രൂപത്തിൽ അനുകരിച്ച തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി കല്യാൺ ബാനർജിക്കെതിരെ പൊലീസിൽ പരാതി. ഡൽഹി ഡിഫൻസ് കോളനി പൊലീസ് സ്റ്റേഷനിൽ അഭിഷേക് ഗൗതം എന്ന അഭിഭാഷകനാണ് പരാതി നൽകിയതെന്ന് സൗത്ത് ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഡിസിപി) പറഞ്ഞു.
ഇന്ത്യൻ ഉപരാഷ്ട്രപതിയെയും അദ്ദേഹത്തിന്റെ ജാതിയെയും കർഷക, അഭിഭാഷക പശ്ചാത്തലത്തെയും അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമുള്ള ഉദ്ദേശ്യത്തോടെയാണ് അനുകരിച്ച് വിഡിയോ പകർത്തിയതെന്ന് പരാതിയിൽ പറയുന്നു. വിഡിയോയിൽ കാണുന്ന തൃണമൂൽ എംപിക്കും മറ്റുള്ളവർക്കുമെതിരെ ഐപിസിയിലെയും ഐടി നിയമത്തിലെയും ഉചിതമായ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
മോക് പാർലമെന്റ് നടത്തുന്നതിനിടെ, കല്യാൺ ബാനർജിയാണ് രാജ്യസഭയിൽ ധൻകർ പക്ഷപാതപരമായി പെരുമാറുന്നുവെന്നു കാണിക്കാൻ അദ്ദേഹത്തെ അനുകരിച്ചത്. ഇതു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അൽപനേരം വിഡിയോയിൽ പകർത്തിയിരുന്നു. പ്രതിപക്ഷം തന്നെ കളിയാക്കിയതിനെ ധൻകർ രാജ്യസഭയിൽ വിമർശിച്ചിരുന്നു. കോൺഗ്രസ് പങ്കുവച്ച വിഡിയോ പിന്നീടു പിൻവലിച്ചിരുന്നു.
അതേ സമയം മോക് പാർലമെന്റിലെ അനുകരണ വിവാദത്തിൽ പ്രതികരണവുമായി തൃണമൂൽ എംപി കല്യാൺ ബാനർജി രംഗത്തെത്തി. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല മിമിക്രി ചെയ്തതെന്നാണ് എംപി കല്യാൺ ബാനർജിയുടെ വിശദീകരണം. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനോട് ബഹുമാനമേ ഉള്ളൂ എന്ന് വ്യക്തമാക്കിയ എംപി അനുകരണം ഒരു കലയാണെന്നും വിശദീകരണത്തിൽ വ്യക്തമാക്കി. മോദിയും ലോക്സഭയിൽ മിമിക്രി ചെയ്തിട്ടുണ്ടെന്നും കല്യാൺ ബാനർജി ചൂണ്ടിക്കാട്ടി.
അതേ സമയം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാർലമെന്റിൽ ഭരണപക്ഷ എംപിമാരുടെ പ്രതിഷേധം അരങ്ങേറി. ഒരുമണിക്കൂർ എഴുന്നേറ്റുനിന്നാണ് പ്രതിഷേധിക്കുന്നത്. സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഉപരാഷ്ട്രപതിയെ വിളിച്ചു ഖേദം അറിയിച്ചിരുന്നു. പ്രതിപക്ഷ എംപിമാരുടെ ഭാഗത്തു നിന്നുണ്ടായ അധിക്ഷേപത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തിയതായി ഉപരാഷ്ട്രപതി സമൂഹമാധ്യമത്തിൽ കുറിച്ചു.
'പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ഓഫിസിൽ നിന്ന് ഫോൺകോൾ വന്നു. പാർലമെന്റ് മന്ദിരത്തിൽ ചില പ്രതിപക്ഷ എംപിമാരുടെ ഭാഗത്തു നിന്ന് വന്ന ആക്ഷേപം തന്നെ വേദനിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഇരുപതു വർഷമായി ഇത്തരം ആക്ഷേപങ്ങളെ താൻ നേരിടുന്നുണ്ട്. എന്നാൽ ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ ഓഫിസിൽ ഇത്തരത്തിലൊരു സംഭവമുണ്ടായതിൽ ഖേദമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ചിലരുടെ കോമാളിത്തരങ്ങൾ എന്റെ കടമ നിർവഹിക്കുന്നതിൽ നിന്ന് എന്നെ തടയില്ലെന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചു.' ധൻകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
തൃണമൂൽ എംപി കല്യാൺ ബാനർജി ഉപരാഷ്ട്രപതിയെ പരിഹാസരൂപേണ അനുകരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിഡിയോ ബിജെപി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവയ്ക്കുകയും ചെയ്തു. ഉപരാഷ്ട്രപതി സംസാരിക്കുന്നതും ആംഗ്യം കാണിക്കുന്നതും മുഖഭാവങ്ങളും ഉൾപ്പെടെയായിരുന്നു കല്യാണിന്റെ പ്രകടനം. ഈ പ്രകടനത്തിന്റെ വിഡിയോ രാഹുൽ ഗാന്ധി റെക്കോർഡ് ചെയ്യുന്നതും ബിജെപി പങ്കുവച്ച ദൃശ്യങ്ങളിലുണ്ട്. എന്തുകൊണ്ട് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തു എന്ന ചോദ്യത്തിനു മറുപടിയാണിതെന്നായിരുന്നു ബിജെപിയുടെ വാദം.
മറുനാടന് ഡെസ്ക്