ന്യൂഡൽഹി: ബ്രിജ് ഭൂഷൻ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ് റെസ്ലേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തലപ്പത്ത് എത്തിയതിൽ പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങൾ. സാക്ഷി മാലിക്കിനും ബജ്രംങ് പൂനിയയ്ക്കും പിന്നാലെ പത്മശ്രീ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച് മുൻ ഗുസ്തി താരം വിരേന്ദർ സിംങ് രംഗത്തെത്തി. അതേ സമയം വിഷയത്തിൽ പരസ്യ പ്രതികരണത്തിന് തയ്യാറാകാത്ത കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം കായികതാരങ്ങളുമായി സംസാരിക്കും എന്ന സൂചനയാണ് നൽകുന്നത്.

ഡെഫ്ലിമ്പിക്സിലെ (അന്താരാഷ്ട്ര തലത്തിൽ ബധിര കായികതാരങ്ങൾക്കുള്ള വിവിധ കായികമത്സരങ്ങൾ) ഗുസ്തി സ്വർണ മെഡൽ ജേതാവ് വിരേന്ദർ സിങ് പത്മശ്രീ മടക്കിനൽകുമെന്ന് അറിയിച്ചു. എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേൾവി പരിമിതർക്കുള്ള ഒളിംപിക്‌സിൽ മൂന്നു തവണ സ്വർണ്ണ മെഡൽ ജേതാവാണ് വിരേന്ദർ സിംങ്. രാജ്യത്തെ മറ്റു കായികതാരങ്ങളും നിലപാട് വ്യക്തമാക്കണമെന്നും സാക്ഷിക്കൊപ്പമെന്നും വിരേന്ദർ എക്‌സിൽ കുറിച്ചു.

'എന്റെ സഹോദരിക്കും രാജ്യത്തിന്റെ മകൾക്കും വേണ്ടി ഞാനും പത്മശ്രീ മടക്കി നൽകും. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജീ, അങ്ങയുടെ മകളും എന്റെ സഹോദരിയുമായ സാക്ഷി മാലിക്കിനെ കുറിച്ച് എനിക്ക് അഭിമാനമാണ്. എന്നിരുന്നാലും രാജ്യത്തെ വലിയ കായിതാരങ്ങളോടും തീരുമാനം കൈക്കൊള്ളാൻ അഭ്യർത്ഥിക്കുകയാണ്', സിങ് ട്വീറ്റ് ചെയ്തു. സച്ചിൻ തെണ്ടുൽക്കറെയും നീരജ് ചോപ്രയെയും ടാഗ് ചെയ്തുകൊണ്ടാണ് വിരേന്ദറിന്റെ ട്വീറ്റ്.

വിഷയത്തിൽ മൗനം പാലിക്കുന്ന സിനിമാ - കായികതാരങ്ങളെ വിമർശിച്ച് ബോക്‌സർ വിജേന്ദർ സിംങും രംഗത്തെത്തി സാക്ഷി മാലിക്കിനെ അഭിനന്ദിച്ചു കൊണ്ടുള്ള സച്ചിന്റെയും അമിതാഭ് ബച്ചന്റെയും പോസ്റ്റുകളാണ് വിജേന്ദർ പങ്കു വച്ചത്. 2005-ലെ സമ്മർ ഡെഫ്ലിമ്പിക്സിലാണ് 'ഗൂംഗാ ഫയൽവാൻ' എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്ന വിരേന്ദർ സിങ് സ്വർണം നേടിയത്. 2021-ലാണ് അദ്ദേഹത്തെ പത്മശ്രീ നൽകി രാജ്യം ആദരിച്ചത്. 2015-ൽ അദ്ദേഹത്തിന് അർജുന അവാർഡും ലഭിച്ചിരുന്നു.

തെരഞ്ഞെടുപ്പിനു പിന്നാലെ അയോധ്യയിലെത്തിയ ബ്രിജ് ഭൂഷനും സഞ്ജയ് സിംങിനും വൻ സ്വീകരണമാണ് ലഭിച്ചത്. ഇതിനിടെ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിനെ ന്യായീകരിച്ച് കായിക മന്ത്രാലയം രംഗത്തെത്തി. നടന്നത് നിഷ്പക്ഷ തെരഞ്ഞെടുപ്പെന്നായിരുന്നു അനൗദ്യോഗിക വിശദീകരണം. സർക്കാർ ഉറപ്പുകൾ ഒന്നും പാലിച്ചില്ലെന്നാണ് താരങ്ങളുടെ പരാതി. പരസ്യപ്രതികരണത്തിന് സർക്കാർ തയ്യാറാകാത്തത് ബ്രിജ്ഭൂഷണിനുള്ള പിന്തുണ സൂചിപ്പിക്കുന്നു എന്നാണ് പ്രതിപക്ഷം വിമർശിക്കുന്നത്. എന്നാൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധം രാഷ്ടീയമെന്നായിരുന്നു ദേശീയ ഗുസ്തി ഫെഡറേഷന്റെ പുതിയ അധ്യക്ഷൻ സഞ്ജയ് സിംങിന്റെ വിമർശനം.

സഞ്ജയ് സിങ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഗുസ്തി വിടുന്നതായി പ്രഖ്യാപിച്ച് സാക്ഷി മാലിക് ബൂട്ടുകൾ ഉപേക്ഷിച്ചിരുന്നു. ഇതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മറ്റൊരു ഗുസ്തി താരമായ ബജ്രംഗ് പുനിയ പത്മശ്രീ മടക്കി നൽകിയിരുന്നു.

പ്രായപൂർത്തിയാകാത്ത താരം ഉൾപ്പെടെയുള്ള വനിതാ ഗുസ്തിതാരങ്ങൾക്കെതിരേ ലൈംഗികചൂഷണം നടത്തിയതിനാണ് ബ്രിജ് ഭൂഷൻ സിങ്ങിനെതിരേ താരങ്ങൾ പ്രതിഷേധിച്ചത്. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ തുടങ്ങിയവരായിരുന്നു സമരത്തിന്റെ മുൻനിരയിൽ. തുടർന്ന് ബ്രിജ് ഭൂഷന് രാജിവെക്കേണ്ടി വന്നു. പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലാണ് ബ്രിജ് ഭൂഷന്റെ ദീർഘകാല അനുയായി ആയ സഞ്ജയ് സിങ് റെസ്ലേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷസ്ഥാനത്തേക്ക് ജയിച്ചത്.