ന്യൂഡൽഹി: ജനതാദൾ യുണൈറ്റഡ് (ജെഡിയു) അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ദേശീയ അധ്യക്ഷൻ ലലൻ സിങ് രാജിവച്ചതിനു പിന്നാലെയാണ് ഏകകണ്‌ഠേന നിതീഷ് കുമാറിനെ തിരഞ്ഞെടുത്തത്. ജെഡിയു സഖ്യമായ ആർജെഡിയോട് കൂടുതൽ താൽപര്യം കാണിക്കുന്നതിന്റെ പേരിൽ ലലൻ സിങ്ങിനെ മാറ്റിയതാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഡൽഹിയിൽ ചേർന്ന ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. പാർട്ടിയുടെയും രാജ്യത്തിന്റെയും താത്പര്യം മുൻനിർത്തി ദേശീയ എക്സിക്യുട്ടീവ് ആവശ്യപ്പെട്ടത് പ്രകാരമാണ് നിതീഷ് കുമാർ ചുമതലയേറ്റെടുത്തതെന്ന് ജെഡിയു ബിഹാർ അധ്യക്ഷൻ ഉമേഷ് കുശ്വാഹ പ്രതികരിച്ചു.

നിതീഷ് കുമാറിനെ അധ്യക്ഷ സ്ഥാനത്തേക്ക് പുനരവരോധിക്കുന്നതിനായി ലാലൻ സിങ് സ്ഥാനമൊഴിയുമെന്ന് ദിവസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. നിതീഷുമായി അടുത്ത കാലത്തായി ലാലൻ സിങ് അകൽച്ചയിലാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സഖ്യകക്ഷിയായ ആർജെഡിയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പമാണ് ഈ അകൽച്ചയ്ക്ക് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ കാലങ്ങളിൽ മുന്നണികൾ മാറിമാറി ചുവടുവെച്ച നിതീഷിനും ജെഡിയുവിനും ഏതെങ്കിലും ഘട്ടത്തിൽ ബിജെപി സഖ്യത്തിലേക്ക് മടങ്ങേണ്ടി വന്നാൽ ലാലൻ സിങ് അതിന് തടസ്സമാകുമെന്ന ഭയവുമുണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കടുത്ത ബിജെപി വിരുദ്ധ നേതാവ് കൂടിയാണ് ലാലൻ സിങ്.

ജെഡിയു, ആർജെഡിയിൽ ലയിക്കുമെന്ന് ലാലു യാദവ് തന്നോട് പറഞ്ഞുവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ലാലു യാദവിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തള്ളിയിരുന്നു.

ഇന്ന് ഡൽഹിയിൽ ചേർന്ന ദേശീയ നിർവാഹക സമിതി യോഗത്തിലാണ് ലല്ലൻ സിങിന്റെ രാജിയും, നിതീഷ് കുമാറിന്റെ അധ്യക്ഷ പദവിയും തീരുമാനിക്കപ്പെട്ടത്. പിന്നാലെ യോഗത്തിൽ ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തണമെന്ന് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. ദേശീയ തലത്തിൽ ജാതി സെൻസസ് നടത്തണമെന്നും എംപിമാരുടെ കൂട്ട സസ്‌പെൻഷൻ അപലപനീയമെന്നും പാർട്ടി എക്‌സിക്യുട്ടീവ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. ഇത് ദേശീയ കൗൺസിലിലും അവതരിപ്പിക്കും.

അതിനിടെ ലല്ലൻ സിങ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത് സ്വന്തം താത്പര്യപ്രകാരമാണെന്നും പ്രസിഡന്റായി നിതീഷ് കുമാറിനെ നിർദ്ദേശിച്ചത് ലല്ലൻ സിങാണെന്നും ജെഡിയു ജനറൽ സെക്രട്ടറി ധനഞ്ജയ് സിങ് പറഞ്ഞു. നിതീഷ് കുമാർ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണം എന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും അതിനാണ് പാർട്ടി അധ്യക്ഷനാക്കിയതെന്നും ജെഡിയു ജനറൽ സെക്രട്ടറി ധനഞ്ജയ് സിങ് വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് ജനതാദൾ (യു) നേതൃത്വത്തിൽ മാറ്റം. ബിജെപിയുമായി വീണ്ടും സഖ്യത്തിലേർപ്പെടാനാണ് നിതീഷിന്റെ നീക്കമെന്നും അതിന്റെ ഭാഗമായാണ് പാർട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

ഇന്ത്യ സഖ്യത്തിന് മുൻകൈ എടുത്ത നിതീഷ് അടുത്ത കാലത്തായി മുന്നണിയോട് അകൽച്ച കാണിക്കുന്നുണ്ട്. ഡൽഹിയിൽ അവസാനമായി ചേർന്ന ഇന്ത്യ മുന്നണിയുടെ യോഗത്തിന് ശേഷം നിതീഷ് എൻഡിഎയിലേക്ക് മടങ്ങിയേക്കുമെന്ന പ്രചാരണങ്ങളുണ്ടായിരുന്നു. ഇന്ത്യ സഖ്യത്തിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയാണ് നിതീഷിനുള്ളത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജുൻ ഖാർഗെയുടെ പേര് നിർദേശിച്ചതും അനിഷ്ടങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.