അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ പുതുക്കിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്യുന്നതിനു എത്തിയ പ്രധാനമന്ത്രി, ഇതിനുശേഷം നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു.

പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്ന ജനുവരി 22ന് അയോധ്യ സന്ദർശിക്കരുതെന്നും പ്രധാനമന്ത്രി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കുറച്ച് ആളുകളെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂ, അവർ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

''ഭക്തന്മാരെന്ന നിലയിൽ, ഭഗവാൻ രാമന് പ്രശ്നങ്ങളൊന്നും ഉണ്ടാക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. ജനുവരി 23 മുതൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്കെല്ലാവർക്കും വരാം. രാമക്ഷേത്രം എക്കാലവും അവിടെ ഉണ്ട്,' പ്രധാനമന്ത്രി മോദി പറഞ്ഞു.

ജനുവരി 22 ന് എല്ലാ ഇന്ത്യക്കാരും അവരുടെ വീട്ടിൽ ദീപം തെളിയിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജനുവരി 14 മുതൽ രാജ്യത്തെ തീർത്ഥാടന കേന്ദ്രങ്ങളിൽ ശുചിത്വ യജ്ഞം ആരംഭിക്കാനും പ്രധാനമന്ത്രി അഹ്വാനം ചെയ്തു.

ആധുനിക അയോധ്യ രാജ്യ ഭൂപടത്തിൽ അഭിമാനമാകുമെന്നും രാമക്ഷേത്രം രാജ്യത്തിന്റെ സ്വന്തമാണെന്നും അയോധ്യയിലെ പ്രതിഷ്ഠാ ദിനം വീടുകളിലും ആഘോഷിക്കണമെന്നും പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജയ് ശ്രീറാം വിളിച്ചാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്.

'എന്നെ അനുഗ്രഹിച്ച അയോധ്യയിലെ ജനങ്ങൾക്ക് നന്ദി. ഈ ദിവസം രാജ്യ ചരിത്രത്തിൽ രേഖപ്പെടുത്തും. വികസിത് ഭാരതത്തിലേക്കുള്ള യാത്രയിൽ അയോധ്യ വലിയ ഊർജം നൽകുന്നു. വികസനവും പാരമ്പര്യവും ഭാരതത്തെ മുന്നോട്ടു നയിക്കും. ജനുവരി 22 ലെ അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണ്. രാജ്യത്തെ ഓരോ തരി മണ്ണിന്റെയും സേവകനാണ് ഞാൻ, ഞാനും വലിയ കൗതുകത്തോടെ കാത്തിരിക്കുകയാണ്.

ഭാവിയിൽ യുപിയുടെ വികസനത്തിന് ദിശകാട്ടുന്നത് അയോധ്യയാകും. അയോധ്യയിലെ വികസനം തൊഴിലവസരങ്ങൾ സൃഷ്ടിക്കും എല്ലാവരും ജനുവരി 22 ന് അയോധ്യയിൽ വന്നാൽ ബുദ്ധിമുട്ടാകും. രാമഭക്തർ ക്ഷേത്രത്തിൽ പിന്നീട് വരാൻ ശ്രമിക്കണം' -നരേന്ദ്ര മോദി പറഞ്ഞു. അയോധ്യ ലോകത്തെ ഏറ്റവും വൃത്തിയുള്ള നഗരമായിരിക്കണമെന്നും ഇത് അയോധ്യാവാസികളുടെ ഉത്തരവാദിത്വമാണെന്നും ജനുവരി 22 ന് വീടുകളിൽ ശ്രീരാമജ്യോതി തെളിയിക്കണമെന്നും നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.

അയോധ്യയിൽ വിവിധ വികസന പദ്ധതികൾക്ക് നരേന്ദ്ര മോദി തുടക്കമിട്ടു. രാവിലെ 11 മുതൽ ആരംഭിച്ച വിവിധ ഉദ്ഘാടന ചടങ്ങുകൾക്കുശേഷം വൈകിട്ട് മൂന്നോടെയാണ് അയോധ്യയിൽ നടന്ന പൊതുസമ്മേളനത്തിൽ നരേന്ദ്ര മോദി സംസാരിച്ചത്. രാവിലെ അയോധ്യയിൽനടന്ന റോഡ് ഷോക്ക് ശേഷമാണ് വികസന പദ്ധതികളുടെ ഉദ്ഘാടനം നടന്നത്.

അയോധ്യയിലെ പുതുക്കി പണിത അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. ശ്രീരാമ കിരീട മാതൃക ചൂടിയ അയോധ്യാ ധാം റെയിൽവേ സ്റ്റേഷൻ, രാജ്യത്തെ ആദ്യത്തെ അമൃത് ഭാരത് ട്രെയിനുകൾ, 6 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, അയോധ്യ ക്ഷേത്രത്തിലേക്കുള്ള നവീകരിച്ച റോഡുകൾ തുടങ്ങിയവയുടെ ഉദ്ഘാടനവും അയോധ്യ ഗ്രീൻഫീൽഡ് ടൗൺഷിപ്പിന്റെ തറക്കല്ലിടലും നരേന്ദ്ര മോദി നിർവഹിച്ചു.