- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അന്ന് മകൻ ജഗന്മോഹന് മുഖ്യമന്ത്രി സ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് പാർട്ടിവിട്ടു; ഇന്ന് മകൾ ശർമിളയ്ക്ക് ഒപ്പം കോൺഗ്രസിലേക്ക് മടങ്ങാൻ വൈ എസ് വിജയമ്മയും? ആന്ധ്ര തിരിച്ചുപിടിക്കാൻ കോൺഗ്രസ് നീക്കം
ബെംഗളൂരു: ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ഭാര്യ വൈ എസ് വിജയമ്മ മകൾ ശർമിളയ്ക്ക് ഒപ്പം കോൺഗ്രസിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. നാളെ വൈഎസ്ആർടിപി എന്ന തന്റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്താനിരിക്കുകയാണ് വൈ എസ് ശർമിള. അതിനിടെയാണ് വൈ എസ് വിജയമ്മ കോൺഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന സൂചനകൾ പുറത്തുവരുന്നത്. ആന്ധ്ര മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡിക്ക് എതിരെ പാർട്ടിയുടെ മുഖമായി ഇരുവരെയും നിർത്താനാണ് കോൺഗ്രസ് നീക്കം.
2009ൽ വൈ എസ് രാജശേഖര റെഡ്ഡി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത് ആന്ധ്രയിൽ കോൺഗ്രസിന് വലിയ ആഘാതമായിരുന്നു. അതിലും വലിയ ആഘാതമായിരുന്നു, മകൻ ജഗന്മോഹന് മുഖ്യമന്ത്രി പദവി കൊടുക്കാതിരുന്നതിൽ പ്രതിഷേധിച്ച് വൈഎസ്ആറിന്റെ ഭാര്യ വൈ എസ് വിജയമ്മ തന്റെ രണ്ട് മക്കളെയും കൂട്ടി പാർട്ടി വിട്ടത്. ആന്ധ്രയൊട്ടാകെ മക്കളെയും കൂട്ടി വിജയമ്മ നടത്തിയ 'പ്രജാ സങ്കൽപ' എന്ന പദയാത്ര അന്ന് ആന്ധ്രയിലെ കോൺഗ്രസിന്റെ വേരറുത്തു.
വലിയ വിജയത്തോടെ 2019-ൽ ജഗന്മോഹൻ മുഖ്യമന്ത്രിയുമായി. ജഗന്മോഹന്റെ വിജയത്തിന് പിന്നിലെ പ്രധാന സാന്നിധ്യമായിരുന്ന അമ്മ വിജയമ്മ ഭർത്താവിന്റെ പഴയ തട്ടകമായ കോൺഗ്രസിലേക്ക് തിരികെ വരികയാണ്. മകൾ വൈ എസ് ശർമിളയോടൊപ്പം ജഗന്മോഹനെതിരെ പ്രധാനമുഖമായി വിജയമ്മയും ഉണ്ടാകും. ഇതുവരെ ഒരേ സംസ്ഥാനത്ത് വൈ എസ് ആറിന്റെ രണ്ട് മക്കളും പരസ്പരം മത്സരിച്ചിട്ടില്ല. ശർമിളയുടെ പ്രവർത്തനമണ്ഡലം തെലങ്കാനയായിരുന്നു.
എന്നാൽ ഇത്തവണ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്ന ശർമിള കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ജഗന്മോഹൻ റെഡ്ഡിയാകട്ടെ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകൾക്കുള്ള സ്ഥാനാർത്ഥിപ്പട്ടികകൾ ഉടൻ പ്രഖ്യാപിക്കാനിരിക്കുകയാണ്. രാഷ്ട്രീയത്തിൽ എതിരാളികളായി നിൽക്കാൻ തീരുമാനിക്കുമ്പോഴും ജഗനെ കണ്ട് മകന്റെ വിവാഹം ക്ഷണിക്കാൻ പോകുമെന്ന് ശർമിള പറയുന്നു. ആന്ധ്രയുടെ രാഷ്ട്രീയസമവാക്യങ്ങളിൽ ഈ ചുവടുമാറ്റം എന്തെല്ലാം മാറ്റം വരുത്തുമെന്നതാണ് നിർണായകമായ ചോദ്യം.
ആന്ധ്രയിൽ ഈ വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് നീക്കം. ഇതു കണക്കിലെടുത്ത് ശർമ്മിളയ്ക്ക് ആന്ധ്രയിലെ കോൺഗ്രസിൽ ഉന്നത പദവി നൽകിയേക്കുമെന്നാണ് സൂചന. ശർമ്മിള ഡൽഹിയിൽ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ശർമ്മിള കോൺഗ്രസിൽ ചേരാതിരിക്കാൻ ആന്ധ്രാ മുഖ്യമന്ത്രി കൂടിയായ ജഗൻ മോഹൻ റെഡ്ഡി ശ്രിമിച്ചിരുന്നു. അമ്മാവൻ കൂടിയായ മുൻ എംപി ശുഭ റെഡ്ഡിയെ അയച്ച് നടത്തിയ സന്ധി സംഭാഷണവും വിഫലമായി. വൈഎസ്ആർടിപി രൂപീകരിച്ച ശേഷം തെലങ്കാനയിൽ ശർമ്മിള സജീവമായിരുന്നു. അന്ന് മുഖ്യമന്ത്രി ആയിരുന്ന ചന്ദ്രശേഖര റാവുവിന് കനത്ത വെല്ലുവിളിയാണ് ഇവർ ഉയർത്തിയിരുന്നത്. എന്നാൽ ഒരിക്കൽ പോലും ശർമിള തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല.
അമ്മ വിജയമ്മ ജഗനുമായി തെറ്റി ശർമിളയോടൊപ്പമാണ് ഉള്ളത്. മൂന്നാം സ്ഥാനത്ത് നിൽക്കുന്ന കോൺഗ്രസിന് ശർമ്മിളയുടെ വരവ് നേട്ടമാകുമെന്നാണ് പ്രതീക്ഷ. വൈഎസ്ആറിന്റെ സഹപ്രവർത്തകനായിരുന്ന രാമകൃഷ്ണ റെഡ്ഡി ശർമിളയോടൊപ്പം നാളെ കോൺഗ്രസിൽ ചേരും. ഇതിന് മുന്നോടിയായി മൂന്നാഴ്ച മുൻപ് വൈഎസ്ആർടിപിയിൽ നിന്നും രാമകൃഷ്ണറെഡ്ഢി രാജിവെച്ചിരുന്നു. ഇന്ന് ഡൽഹിയിൽ എത്തുന്ന ശർമിള നാളെ ഔദ്യോഗികമായി കോൺഗ്രസിന്റെ ഭാഗമാകും.
വൈ.എസ്. ശർമ്മിളയെ കോൺഗ്രസിലേക്കെത്തിച്ച് തെലങ്കാന പിടിക്കാമെന്ന മനക്കോട്ടയിൽ കരുക്കൾ നീക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. എന്നാൽ വമ്പൻ ഓഫർ കിട്ടി വൈ.എസ്.ശർമ്മിള കോൺഗ്രസിലേക്ക് മടങ്ങിപ്പോയാലും അണികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വല്ലാതെ ബുദ്ധിമുട്ടും. കാരണം വിജയമ്മ എന്ന വൈ.എസ് വിജയലക്ഷ്മിയും മക്കളായ ജഗന്മോഹൻ റെഡ്ഡിയും വൈ.എസ്.ശർമ്മിളയും ചേർന്ന് രൂപീകരിച്ച വൈ.എസ്.ആർ.കോൺഗ്രസ് പാർട്ടി കോൺഗ്രസ് ഹൈക്കമാൻഡിനോടുള്ള പകയിൽ നിന്ന് പിറവിയെടുത്തതാണ്.
അതിന്റെ തെലുങ്ക് പതിപ്പാണ് ശർമ്മിളയുടെ നേതൃത്വത്തിൽ ആരംഭിച്ച വൈ.എസ്.ആർ തെലങ്കാന പാർട്ടി .ആന്ധ്രപ്രദേശിൽ ജഗന്മോഹൻ പാർട്ടിയുടെ ആജീവനാന്ത ചെയർമാനായി മാറിയതോടെയാണ് ശർമ്മിള തെലങ്കാന നോട്ടമിട്ടത്. അമ്മ വൈ.എസ്. വിജയമ്മയും മകൾക്കൊപ്പം നിന്നു. 2021ൽ പിതാവ് ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖർ റെഡ്ഡിയുടെ ജന്മദിനമായ ജൂലായ് എട്ടിനാണ് വൈ.എസ് ശർമിള തന്റെ പുതിയ പാർട്ടി സ്ഥാപിക്കുന്നത്.
വൈ.എസ്.ആർ തെലങ്കാന പാർട്ടി രൂപീകരണത്തിന് തൊട്ടു മുൻപ് ഖമ്മത്ത് നടത്തിയ വൻ പൊതുയോഗത്തിൽ വൈ.എസ് വിജയമ്മ മകളെക്കുറിച്ച് പറഞ്ഞത്, ശർമിള ഏതൊരു പുരുഷ നേതാവിനെയും കടത്തിവെട്ടാൻ ശേഷിയുള്ള, പോരാട്ടവീര്യമുള്ള സ്ത്രീയാണെന്നാണ്. കോൺഗ്രസിനോടുള്ള പകയിൽ തുടങ്ങി, തെലങ്കാന ഭരിക്കുന്ന ബി.ആർ.എസിനെ മറിച്ചിടാൻ കച്ചക്കെട്ടിയിറങ്ങിയ ശർമ്മിളയെയാണ് കോൺഗ്രസ് സ്വന്തം പാളയത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നത്.
അവിഭക്ത ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രി മാത്രമായിരുന്നില്ല കോൺഗ്രസിന്റെ അനിഷേധ്യ നേതാവുമായിരുന്നു വൈ.എസ് രാജശേഖര റെഡ്ഡി. 2009 ലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ രാജശേഖര റെഡ്ഡി കൊല്ലപ്പെട്ടു. വൻ വ്യവസായിയായി മാറിയ മകൻ ജഗൻ മോഹൻ റെഡ്ഡി അപ്പോൾ കടപ്പയിൽനിന്നുള്ള എംപിയായിരുന്നു. പിതാവിന്റെ മരണത്തോടെ ജഗൻ പാർട്ടി നേതൃത്വത്തിലേക്കോ മുഖ്യമന്ത്രി പദത്തിലേക്കോ വരുമെന്ന് റെഡ്ഡി അനുകൂലികൾ സ്വാഭാവികമായും പ്രതീക്ഷിച്ചു. പക്ഷേ, അങ്ങനെ സംഭവിച്ചില്ല.
രാജശേഖര റെഡ്ഡിയുമായി അത്ര രസത്തിലല്ലായിരുന്ന കെ. റോസയ്യ മുഖ്യമന്ത്രിയായി. തുടർന്ന് റെഡ്ഡി കുടുംബവും റോസയ്യ സർക്കാരും തമ്മിലുള്ള അധികാര വടംവലിയും ആരംഭിച്ചു.ഇതിനിടെയാണ്, രാജശേഖര റെഡ്ഡിയുടെ മരണത്തിൽ ദുഃഖം താങ്ങാനാവാതെ ആത്മഹത്യ ചെയ്തവരുടേയും അസുഖബാധിതരായവരുടേയും ഒക്കെ വീടുകൾ സന്ദർശിക്കുന്ന 'ഒതർപ്പ് യാത്ര'യ്ക്ക് ജഗൻ തുടക്കമിട്ടത്. സംസ്ഥാന സർക്കാരിനെ തകിടം മറിക്കാനുള്ള യാത്രയാണിതെന്ന് ഹൈക്കമാൻഡ് മനസിലാക്കി. അങ്ങനെ 2010 മദ്ധ്യത്തോടെ വിജയമ്മയേയും വൈ.എസ് ശർമ്മിളയേയും പാർട്ടി ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു.
'ജഗൻ എത്രയും വേഗം യാത്ര അവസാനിപ്പിക്കണം'- അതായിരുന്നു ഹൈക്കമാൻഡിന്റെ ആവശ്യം. രാജശേഖര റെഡ്ഡി മരിച്ചപ്പോൾ ജീവൻ വെടിഞ്ഞവരുടെ ഉറ്റവരെ കാണാനുള്ള യാത്രയാണ് അതെന്ന് ബോദ്ധ്യപ്പെടുത്താൻ ഇരുവരും ശ്രമിച്ചെങ്കിലും യാതൊരു ഇളവും ലഭിച്ചില്ല. അന്ന് ഡൽഹിയിൽനിന്ന് മടങ്ങിപ്പോരേണ്ടി വന്ന അമ്മയും മകളും ചേർന്നെടുത്ത പ്രതിജ്ഞയാണ് പിന്നീട് ആന്ധയിൽ കോൺഗ്രസിന്റെ സർവനാശത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾക്ക് തുടക്കം കുറിച്ചതെന്നതാണ് നിറം പിടിപ്പിച്ച ഫ്‌ളാഷ് ബാക്കിന്റെ ചുരുക്കം.
അന്ന് പാർട്ടിയുടെ സർവാധികാരി സോണിയാ ഗാന്ധി പോലും വൈ.എസ്.രാജശേര റെഡ്ഡിയുടെ ഭാര്യയേയും മക്കളേയും കേൾക്കാൻ കൂട്ടാക്കിയില്ല. അതേ സോണിയയുടെ മകൾ പ്രിയങ്കഗാന്ധിയാണ് ഇപ്പോൾ ശർമ്മിളയെ പാട്ടിലാക്കാൻ മുന്നിലുള്ളത്.കോൺഗ്രസിന്റെ ഓഫറിൽ വീണാൽ ശർമ്മിളയ്ക്കും അമ്മയ്ക്കും കോൺഗ്രസിനെതിരെ മുൻപ് പറഞ്ഞതൊക്കെ മാറ്റി പറയേണ്ടി വരും. ജഗൻ വൈ.എസ്.ആർ.കോൺഗ്രസ് പാർട്ടി രൂപീകരിച്ച് അധികം വൈകാതെയാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
അപ്പോൾ ശർമ്മിളയും അമ്മയും കുറ്റപ്പെടുത്തിയത് കേന്ദ്രം ഭരിച്ച കോൺഗ്രസിനെ ആയിരുന്നു.2012 മേയിലാണ് ജഗൻ ജയിലിലാകുന്നത്. ആ വർഷം ഒക്ടോബറിൽ ശർമ്മിള അവിഭക്ത ആന്ധ്രപ്രദേശിലൂടെ മറ്റൊരു യാത്ര തുടങ്ങി. കടപ്പയിൽ പിതാവ് വൈ.എസ് രാജശേഖര റെഡ്ഡിയുടെ കുഴിമാടത്തിൽ നിന്നാരംഭിച്ച 3112 കിലോമീറ്രർ നീളുന്ന പദയാത്ര ആന്ധ്രയുടേയും കോൺഗ്രസിന്റെയും ഭാവി തന്നെ മാറ്റി മറിച്ചു. ആന്ധ്രയിൽ കോൺഗ്രസിന് നാമവശേഷമാക്കിയാണ് ജഗന്മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായത്.
മറുനാടന് മലയാളി ബ്യൂറോ