- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിജ്ഭൂഷണെതിരെ സമരത്തിനിറങ്ങിയ ഗുസ്തിതാരങ്ങൾക്കെതിരെ ജൂനിയർ താരങ്ങൾ
ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ ആരോപണ വിധേനയായ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി. എംപി.യുമായ ബ്രിജ് ഭൂഷനെതിരെ സമരം ചെയ്ത ഇന്ത്യൻ ഗുസ്തി താരങ്ങൾക്കെതിരെ പ്രതിഷേധവുമായി ജൂനിയർ താരങ്ങൾ. സാക്ഷി മാലിക്ക്, ബജറങ് പുനിയ, വിനേഷ് ഫോഗട്ട് എന്നീ ഗുസ്തി താരങ്ങൾക്കെതിരെ മുദ്രാവാക്യവുമായി ജൂനിയർ ഗുസ്തി താരങ്ങൾ ജന്തർ മന്ദറിലെത്തി.
വൈകീട്ട് ഇന്ത്യ ഗേറ്റിലേക്ക് മാർച്ച് നടത്തിയ ജൂനിയർ ഗുസ്തി താരങ്ങളെ പൊലീസ് തടഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ സസ്പെൻഷൻ പത്തു ദിവസത്തിനകം പിൻവലിച്ചില്ലെങ്കിൽ അർജുന അവാർഡ് അടക്കമുള്ള പുരസ്കാരങ്ങൾ തിരികെ നൽകുമെന്ന് ജൂനിയർ ഗുസ്തി താരങ്ങളും പരിശീലകരും പറഞ്ഞു.
ജന്തർമന്തറിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തങ്ങളുടെ കരിയറിലെ നിർണായകമായ ഒരു വർഷം മുതിർന്ന താരങ്ങൾ കാരണം നഷ്ടമായെന്ന് ആരോപിച്ചാണ് ജൂനിയർ താരങ്ങൾ പ്രതിഷേധിച്ചത്. ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് നൂറോളം താരങ്ങൾ പ്രതിഷേധവുമായി ജന്തർമന്തറിലെത്തിയത്. ഈ മൂന്ന് താരങ്ങളിൽ നിന്ന് ഗുസ്തിയെ സംരക്ഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
അതേസമയം, തനിക്കും വിനേഷ് ഫോഗട്ടിനും ബജ്റങ് പുനിയയ്ക്കുമെതിരെയുള്ള ജൂനിയർ താരങ്ങളുടെ പ്രതിഷേധം വ്യക്തമായ പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്നായിരുന്നു സാക്ഷി മാലികിന്റെ പ്രതികരണം. ബ്രിജ് ഭൂഷണിനു വേണ്ടി ഒരു ഐ.ടി. സെൽ പ്രവർത്തിക്കുന്നുണ്ടെന്നും പ്രതിഷേധക്കാർ ബ്രിജ് ഭൂഷണിന്റെയാളുകളാണെന്നും സാക്ഷി മാലിക് പറഞ്ഞു. അതേസമയം തനിക്ക് ജീവനിൽ ഭീഷണിയുണ്ടെന്നും സർക്കാർ സുരക്ഷ ഒരുക്കണമെന്നും സാക്ഷി മാലിക് ആവശ്യപ്പെട്ടു.