- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഈ നില തുടർന്നാൽ ഇന്ത്യൻ ഭരണഘടന അതിന്റെ ചുമതല നിർവഹിക്കുമെന്ന് ഗവർണർ; ആനന്ദബോസിന് കൂടുതൽ കരുത്ത് നൽകി കോൺഗ്രസിന്റെ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുന്ന അസാധാരണ നീക്കം; ബംഗാളിൽ ഇനി 'ഇന്ത്യാ' സഖ്യമില്ല; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് കരുതിക്കൂട്ടി; ബംഗാളിൽ മമത ഒറ്റപ്പെടുമോ?
കൊൽക്കത്ത: ബംഗാളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം വ്യാപകം. അതിനിടെ ഇന്ത്യാ മുന്നണിയിലെ പ്രധാന പാർട്ടികളായ കോൺഗ്രസും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമാകുകയുമാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേററ്റ് ഉദ്യോഗസ്ഥർ ആക്രമണത്തിന് ഇരയായതിന് പിന്നാലെ പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ അധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. ഇത് തൃണമൂലിനേയും ഞെട്ടിച്ചു. ബിജെപിക്ക് കടുത്ത തീരുമാനം എടുക്കാനുള്ള ലൈസൻസ് കൂടിയാണ് കോൺഗ്രസിന്റെ പ്രതികരണം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതക്ക് അന്ത്യശാസനം നൽകി ഗവർണർ സി വി ആനന്ദ ബോസ് രംഗത്ത് വന്നിരുന്നു. ബംഗാൾ ബനാനാ റിപബ്‌ളിക് അല്ല എന്നും, സർക്കാർ ഇതിന് തിരിച്ചടി നേരിടേണ്ടി വരുമെന്നും ഗവർണർ മമതയ്ക്കും നേതാക്കൾക്കും മുന്നറിയിപ്പ് നൽകി. ഇതിനൊപ്പമാണ് കോൺഗ്രസിന്റെ ആവശ്യവും ചർച്ചയാകുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച് കോൺഗ്രസും തൃണമൂൽ കോൺഗ്രസും പരസ്പരം പോരടിക്കുന്നുണ്ട്. ഇതിനിടയിലാണ് രാഷ്ട്രപതി ഭരണമെന്ന ആവശ്യവുമായി അധിർ രഞ്ജൻ ചൗധരി രംഗത്തുവരുന്നത്.
'ഇഡി ഉദ്യോഗസ്ഥരെ സർക്കാറിന്റെ ഗുണ്ടകൾ ആക്രമിച്ചതോടെ സംസ്ഥാനത്ത് ക്രമസമാധാനം നഷ്ടമായെന്നത് വ്യക്തമാണ്. ഇന്ന് അവർക്ക് പരിക്കേറ്റു, നാളെ അവർ കൊല്ലപ്പെട്ടേക്കാം. അങ്ങനെ സംഭവിച്ചാൽ ഞാൻ അത്ഭുതപ്പെടില്ല. പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഉടൻ ഏർപ്പെടുത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്'-അധിർ രഞ്ജൻ ചൗധരി പറഞ്ഞു. കോൺഗ്രസിന് മറുപടിയുമായി തൃണമൂൽ നേതാവ് കുനാൽ ഘോഷ് രംഗത്തെത്തി. അധിർ രഞ്ജൻ ചൗധരി ബിജെപിയുടെ ഏജന്റാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതോടെ ബംഗാളിൽ 'ഇന്ത്യാ' സഖ്യം ഉണ്ടാകില്ലെന്ന് ഉറപ്പായി. ഇന്ത്യാ മുന്നണിയിലെ മറ്റ് പാർട്ടികൾ ഈ വിഷയത്തിൽ എടുക്കുന്ന നിലപാട് നിർണ്ണായകമാണ്. മമതാ ബാനർജിയെ 'ഇന്ത്യാ' സഖ്യം ഒറ്റപ്പെടുത്തുമോ എന്നതാണ് നിർണ്ണായകം. ഏതായാലും കോൺഗ്രസ് തന്നെ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടത് ബിജെപിയെ പോലും ഞെട്ടിച്ചിട്ടുണ്ട്.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖലിയിൽ റെയ്ഡിനെത്തിയ ഇ.ഡി സംഘത്തെയാണ് നാട്ടുകാർ ആക്രമിച്ചത്. റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥരുടെ കാർ നൂറിലധികം വരുന്ന ഗ്രാമീണർ അടിച്ചു തകർക്കുകയായിരുന്നു. പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഷാജഹാൻ ശൈഖ്, ശങ്കർ അധ്യ എന്നിവരുടെ വീടുകളിൽ പരിശോധന നടത്താനാണ് ഇ.ഡി എത്തിയത്. സംസ്ഥാന ഭക്ഷ്യമന്ത്രി ജ്യോതി പ്രിയ മല്ലിക് അറസ്റ്റിലായ കേസിലാണ് ഇ.ഡി വിശദമായ അന്വേഷണം നടത്തുന്നത്.
മമത സർക്കാരിനൊപ്പം എല്ലാരീതിയിലും ഒത്തുപോയിരുന്ന വ്യക്തിയായായിരുന്നു ഗവർണർ സി വി ആനന്ദ ബോസ് കടുത്ത നിലപാടിൽ എത്തുകയാണ്. തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വസതിയിൽ റെയ്ഡിനെത്തിയപ്പോൾ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ അതീവ രോക്ഷാകുലനായാണ് അദ്ദേഹം പ്രതികരിച്ചത്. തന്റെ അധികാരം ഉപയോഗിച്ചുകൊണ്ട് എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ഇത്തരം നടപടിക്കെതിരെ എടുക്കുമെന്ന് അദ്ദേഹം സർക്കാരിനെ ഓർമിപ്പിച്ചു. ജനാധിപത്യത്തിന് എതിരെയുള്ള ഇത്തരം നടപടി ഒരു രീതിയിലും അംഗീകരിക്കാൻ ആകില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇത്തരം നടപടി തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വീടിന് സമീപമെത്തിയതോടെ വാഹനം വളഞ്ഞ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഇരുനൂറിലധികം പേരാണ് ആക്രമിച്ചത്. ആക്രമത്തിൽ ചില ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. തൃണമൂൽ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. തൃണമൂൽ കോൺഗ്രസ് പാർട്ടിക്കു കീഴിൽ സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായും ഇല്ലാതായിരിക്കുകയാണ്. അതു കൊണ്ടു തന്നെ സംസ്ഥാനത്ത് എത്രയും പെട്ടെന്ന് രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്നാണ് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി. ഗവർണർ സി.വി. ആനന്ദബോസ് ഭരണഘടനാ സാധ്യതകൾ പ്രകാരം രാഷ്ട്രപതി ഭരണത്തിനുള്ള നടപടികളിലേക്ക് കടക്കുമെന്ന് സൂചനകൾ നൽകിയിട്ടുണ്ട്.
നികൃഷ്ടമായ സംഭവമാണുണ്ടായതെന്നായിരുന്നു സി വി ആനന്ദബോസിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ആക്രമണമാണ്. പ്രാകൃതമായ ഇത്തരം അക്രമങ്ങൾ തടയുക എന്നത് പരിഷ്‌കൃത സർക്കാരിന്റെ കടമയാണ്. സർക്കാർ അടിസ്ഥാന കടമ മറന്നാൽ രാജ്യത്തിന്റെ ഭരണഘടന നടപടിയെടുക്കും എന്നും ആനന്ദബോസ് മുന്നറിയിപ്പ് നൽകി. ഈ നില തുടർന്നാൽ ഇന്ത്യൻ ഭരണഘടന അതിന്റെ ചുമതല നിർവഹിക്കുമെന്നാണ് ഗവർണ്ണർ പറയുന്നത്. ഇഡി ഉദ്യോഗസ്ഥർക്ക് എതിരായ ആക്രമണത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. വിഷയത്തിൽ എൻഐഎ അന്വേഷണം വേണമെന്ന് ബിജെപി ബംഗാൾ ചീഫ് സുഖാന്ത മജുംദാർ ആവശ്യപ്പെട്ടു.
റേഷൻ അഴിമതിക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി ഷാജഹാന്റെ വസതിയിൽ പരിശോധനയ്ക്ക് ഒരുങ്ങിയത്. എന്നാൽ ഷാജഹാന്റെ വീട്ടിൽ തടിച്ചു കൂടിയിരുന്ന തൃണമൂൽ പ്രവർത്തകർ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ആക്രമണത്തെക്കുറിച്ച് ഡൽഹി ഓഫിസിലേക്ക് റിപ്പോർട്ട് നൽകിയതായി ഇഡി ഓഫിസർമാർ വ്യക്തമാക്കി. ഇന്ന് ബംഗാളിൽ ഇഡി സംഘം ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും നാളെ കൊലപാതകം നടന്നേക്കുമെന്നുമായിരുന്നു അധിർ രഞ്ജന്റെ വിമർശനം. ഭരണകക്ഷിയായ ടിഎംസിയുടെ ഗുണ്ടകളാണ് ഇഡിക്കെതിരെ ആക്രമണം നടത്തിയതെന്ന് ആരോപിച്ച അധിർ രഞ്ജൻ ക്രമസമാധാന നില തകർന്ന ബംഗാളിലേയ്ക്ക് കൂടുതൽ സൈനികരെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ