ന്യൂഡൽഹി: 'ഇന്ത്യ' മുന്നണിയുടെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് ജെ.ഡി.യു. അധ്യക്ഷൻ നിതീഷ് കുമാർ നിർദ്ദേശിച്ചത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേരെന്ന് റിപ്പോർട്ടുകൾ. എന്നാൽ, തനിക്ക് താഴെത്തട്ടിൽ പ്രവർത്തിക്കാനാണ് താത്പര്യമെന്ന് പറഞ്ഞ് രാഹുൽ ഒഴിയുകയായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ താഴേത്തട്ടിലുള്ള പ്രവർത്തനം ഏകോപിപ്പിക്കൽ, ഭാരത് ജോഡോ യാത്ര എന്നിവയുമായി മുന്നോട്ടു പോകേണ്ടതിനാൽ നിലവിൽ പുതിയ സ്ഥാനം ഏറ്റെടുക്കാനാവില്ലെന്ന നിലപാട് രാഹുൽ സ്വീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് നിയമിക്കാൻ മുന്നണിയിൽ ധാരണയാകുന്നത്.

മല്ലികാർജുൻ ഖർഗെയെ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി നിർദ്ദേശിക്കുകയും സോണിയാ ഗാന്ധി ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. പിന്നാലെ മറ്റു പാർട്ടികൾ കൂടി ഈ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. മുന്നണിയുടെ കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ നിതീഷ് കുമാറിനെ നിർദ്ദേശിച്ചപ്പോൾ, മുതിർന്ന നേതാവായ ലാലു പ്രസാദ് യാദവിന് ഈ ചുമതല നൽകണമെന്ന് നിതീഷ് അഭിപ്രായപ്പെട്ടു. അധ്യക്ഷന് തൊട്ടുതാഴെയുള്ള പദവിയാണ് കൺവീനറുടേത്.

സഖ്യത്തിലെ പ്രമുഖ പാർട്ടികൾ ശനിയാഴ്ച ഓൺലൈനായി യോഗംചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്. കൺവീനർ സ്ഥാനത്തേക്ക് നിതീഷ് കുമാറിന്റെ പേര് യോഗത്തിൽ ഉയർന്നെങ്കിലും അന്തിമതീരുമാനം മാറ്റി. യോഗത്തിൽ പങ്കെടുക്കാതിരുന്ന ചില കക്ഷികളുടെകൂടി അംഗീകാരം നേടിയശേഷം ഇക്കാര്യം തീരുമാനിച്ചാൽ മതിയെന്നാണ് ധാരണ. തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ശിവസേന-ഉദ്ധവ് വിഭാഗം എന്നീ കക്ഷികളാണ് യോഗത്തിൽനിന്ന് വിട്ടുനിന്നത്.

അതേസമയം, കൺവീനറെ നിയമിക്കുന്ന കാര്യത്തിൽ ഇന്ത്യാ മുന്നണിയിൽ യാതൊരു തർക്കവുമില്ലെന്ന് എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ് പവാർ ശനിയാഴ്ച പ്രതികരിച്ചിരുന്നു. വിവിധ പാർട്ടികൾ ഒരുമിച്ചുനിൽക്കുന്നുവെന്നത് നല്ല ലക്ഷണമാണ്. എന്നാൽ, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുതേടുന്നതിന് ആരേയും ഉയർത്തിക്കാട്ടേണ്ടതില്ലെന്നും ഫലം വന്നശേഷം നേതാവിനെ തീരുമാനിക്കാമെന്നും പവാർ വ്യക്തമാക്കി.

ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ നിന്നും വിട്ടുനിന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് എല്ലാ കക്ഷികളും ഖർഗെയെ പിന്തുണച്ചു. അന്തിമ തീരുമാനമെടുക്കും മുൻപ് മമതയുടെ അഭിപ്രായം ആരായണ്ടേയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. മറ്റാരുടെയും പേര് അവസാന നിമിഷം ഉയർന്നുവന്നില്ലെങ്കിൽ നിതീഷ് തന്നെ കൺവീനറാകും. നിതീഷിനെ വെട്ടാൻ മമത അണിയറനീക്കം നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അധ്യക്ഷനെയും കൺവീനറെയും വരുംദിവസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.