ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കേണ്ട സുരക്ഷിതമായ മണ്ഡലങ്ങൾ ഏതൊക്കെയെന്നത് പാർട്ടി നേതൃത്വത്തിൽ ചർച്ചയാകുന്നു. അടുത്ത ഫെബ്രുവരിയോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണ പരിപാടികളിലേക്ക് നേരത്തെ ഇറങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് ഇരുവരും മത്സരിക്കേണ്ട മണ്ഡലങ്ങളെ സംബന്ധിച്ച് ചർച്ച നടക്കുന്നത്.

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയിൽ നിന്നും തെലങ്കാനയിൽ നിന്നുമായി രണ്ടു സീറ്റിൽ മത്സരിച്ചേക്കുമെന്നാണ് നിലവിലെ റിപ്പോർട്ട്. പ്രാദേശിക കോൺഗ്രസ് ഘടകത്തെ അറിയിക്കാതെ, എഐസിസി കർണാടകയിലെ കൊപ്പൽ ലോക്‌സഭാ മണ്ഡലത്തിൽ സർവേ നടത്തിക്കഴിഞ്ഞതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കൊപ്പലിനു പുറമേ തെലങ്കാനയിലെ മറ്റൊരു സീറ്റിലും പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുമെന്നാണ് വിവരം. എന്നാൽ, മുതിർന്ന കോൺഗ്രസ് നേതാക്കളാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കർണാടകയിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലകളിലൊന്നാണ് കൊപ്പൽ. ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ ആറ് എണ്ണത്തിൽ കോൺഗ്രസാണ്. എഐസിസി നടത്തിയ സർവേയിൽ കൊപ്പൽ പ്രിയങ്കാ ഗാന്ധിക്ക് സുരക്ഷിതമായ സീറ്റാണെന്ന് കണ്ടെത്തിയെന്നാണ് വിവരം. നിലവിൽ ബിജെപിയുടെ കാരാടി സംഗണ്ണയാണ് കൊപ്പൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

മുൻപ് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കർണാടകയിലെ ചിക്കമംഗളൂരു ലോക്സഭാ സീറ്റിൽ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. 1999-ൽ കർണാടകയിലെ ബല്ലാരി മണ്ഡലത്തിൽ നിന്ന് അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിനെതിരെ സോണിയ ഗാന്ധി മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. പ്രിയങ്ക ഗാന്ധി കർണാടകയിൽ നിന്ന് മത്സരിക്കുകയാണെങ്കിൽ, അത് സംസ്ഥാനത്തുടനീളം കോൺഗ്രസിന് നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

അതേ സമയം രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെയെന്ന് ഉറപ്പിക്കുമ്പോൾ, വടക്കേ ഇന്ത്യയിൽ നിന്ന് കൂടി മത്സരിക്കണമെന്ന നിർദ്ദേശം പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. സോണിയാ ഗാന്ധി റായ്ബറേലിയിൽ ഒരു വട്ടം കൂടി മത്സരിക്കുമെന്നാണ് സൂചന. എന്നാൽ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാതെ രാജ്യസഭയിൽ മതിയെന്ന അഭിപ്രായവും പരിഗണനയിലുണ്ട്.

തെരഞ്ഞെടുപ്പ് സമിതികൾ, കോർഡിനേറ്റർമാർ, വാർ റൂം അങ്ങനെ മറ്റ് പാർട്ടികളേക്കാൾ ഒരു മുഴം മുന്നേ ലോക് സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞു കോൺഗ്രസ്. ഇന്ത്യ സഖ്യത്തിലെ സീറ്റ് ചർച്ചകൾ പുരോഗമിക്കുമ്പോഴും ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ച സീറ്റുകളിൽ സ്ഥാനാർത്ഥി ചർച്ചയും തുടങ്ങി കഴിഞ്ഞു. സിറ്റിങ് എംപിമാർ തന്നെ അതാത് മണ്ഡലങ്ങളിൽ മത്സരിക്കട്ടെയെന്ന നിർദ്ദേശത്തിനാണ് മേൽക്കൈ. എങ്കിലും പാർട്ടിയുടെ സർവേയും തെരഞ്ഞെടുപ്പ് തന്ത്രഞ്ജൻ കനുഗോലുവിന്റെ റിപ്പോർട്ടും പരിഗണിക്കും.

വയനാട് രാഹുൽ ഗാന്ധിക്ക് സുരക്ഷിത മണ്ഡലമാകുമ്പോൾ തന്നെ ഇന്ത്യ സഖ്യത്തിന്റെ പോരാട്ടത്തിൽ വടക്കേ ഇന്ത്യയിൽ നിന്ന് കൂടി മത്സരിക്കണമെന്ന അഭിപ്രായം പാർട്ടിയിലുണ്ട്. അമേഠി ഇക്കുറിയും സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ. പാർട്ടിക്ക് ഭരണമുള്ള സംസ്ഥാനങ്ങളിൽ പോലും കഴിഞ്ഞ തവണ മോശം പ്രകടനമായിരുന്നു കോൺഗ്രസിന്റേത്. അതുകൊണ്ട് തന്നെ രാഹുലിന്റെ രണ്ടാമത്തെ മണ്ഡലത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.

ഗാന്ധി കുടംബത്തിന്റെ കുത്തക മണ്ഡലമായ റായ്ബറേലിയിൽ നിന്ന് സോണിയ ഗാന്ധി വീണ്ടും മത്സരിക്കണമെന്ന് പാർട്ടിയിൽ അഭിപ്രായമുണ്ട്. എന്നാൽ റായ്‌ബേറലിയിലെ സമവാക്യങ്ങളിൽ മാറ്റം വന്നാൽ അത് വലിയ തിരിച്ചടിയാകും. തെലങ്കാന ഘടകം അവിടെ നിന്ന് സോണിയ ലോക് സഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യം മുൻപോട്ട് വച്ചിട്ടുണ്ട്. ലോക്‌സഭയിലേക്കില്ലെങ്കിൽ കർണ്ണാടകയിൽ ഏപ്രിലിലിൽ ഒഴിവ് വരുന്ന സീറ്റുകളിലൊന്നിൽ നിന്ന് രാജ്യസഭയിലേക്ക് സോണിയ മത്സരിക്കാനുള്ള സാധ്യതയും കാണുന്നു.

ജനറൽസെക്രട്ടറിയായി എഐസിസി തലപ്പത്തുണ്ടെങ്കിലും പ്രത്യേക ചുമതല പ്രിയങ്ക ഗാന്ധിക്ക് നൽകിയിട്ടില്ല. മത്സര സാധ്യത പരിഗണിച്ചാണിതെന്ന് സൂചനയുണ്ട്. പ്രിയങ്ക രാജസ്ഥാനിൽ നിന്ന് മത്സരിക്കണമെന്ന് സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരിക്കുകയാണ്. റായ്ബറേലിയിലേക്ക് സോണിയ ഇല്ലെങ്കിൽ പ്രിയങ്കയെ പരിഗണിച്ചേക്കുമെന്നും കേൾക്കുന്നു. വടക്കേ ഇന്ത്യയിലെ മണ്ഡലങ്ങൾ ഗാന്ധി കുടംബം പാടേ ഉപേക്ഷിച്ചാൽ അത് പാർട്ടിക്കുണ്ടാക്കാവുന്ന ക്ഷീണം ചെറുതായിരിക്കില്ല.