- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സരയു നദിയിൽ പുണ്യസ്നാനം; പിന്നാലെ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ച് യു.പിയിലെ കോൺഗ്രസ് നേതാക്കൾ; ബിജെപി മതത്തിന്റെ പേരിൽ ദുഷിച്ച രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപണം
ലഖ്നൗ: പ്രതിഷ്ഠാ ചടങ്ങിന് മുമ്പ് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ച് ഉത്തർ പ്രദേശിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. ഉത്തർപ്രദേശ് ഘടകത്തിനൊപ്പം ദേശീയ നേതാക്കളും ക്ഷേത്രത്തിലെത്തി. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായിയുടെ നേതൃത്വത്തിലുള്ള നേതാക്കളാണ് രാമക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നത്. രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയിലേക്കുള്ള ക്ഷണം കോൺഗ്രസ് നിരസിച്ചതിനു പിന്നാലെ തങ്ങൾ ക്ഷേത്രം സന്ദർശിക്കുമെന്ന് യുപി കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു.
ഉത്തർ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ, കോൺഗ്രസ് നേതാക്കളായ അവിഷ് പാണ്ഡേ, ദീപേന്ദർ ഹൂഡ, അഖിലേഷ് പ്രതാപ് സിങ്, യുപി കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് അർഥന മിശ്ര, ധീരജ് ഗുർജാർ, സുപ്രിയ ശ്രീനേത് തുടങ്ങിയവരും സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു. സരയൂ നദിയിൽ പുണ്യസ്നാനം ചെയ്തതിനു ശേഷം നേതാക്കൾ ഹനുമാൻ ഗർഹി ക്ഷേത്രത്തിലും ദർശനം നടത്തി.
മകരസംക്രാന്തി ദിനമായ ഇന്ന് ഭഗവാൻ രാമനെ ദർശനം നടത്താനും സരയൂ നദിയിൽ പുണ്യസ്നാനം നിർവഹിക്കാനും സാധിച്ചതായി അജയ് റായ് പറഞ്ഞു. വിശ്വാസത്തിന്റെ പ്രതീകമാണ് രാമൻ. എല്ലാവരിലും രാമൻ വസിക്കുന്നു. മകരസംക്രാന്തി ദിനത്തിൽ രാമന്റെ അനുഗ്രഹം തേടിയാണ് തങ്ങൾ അയോധ്യയിലെത്തിയതെന്നും ദീപേന്ദർ ഹൂഡയും പ്രതികരിച്ചു.
മതത്തിന്റെ പേരിൽ ദുഷിച്ച രാഷ്ട്രീയം കളിക്കുന്നത് ബിജെപിയാണെന്ന് സുപ്രിയ ശ്രീനേത് പറഞ്ഞു. ഭഗവാൻ രാമന്റെ ദർശനത്തിനായാണ് ഞങ്ങൾ അയോധ്യയിൽ വന്നത്. ഇതിൽ രാഷ്ട്രീയം കാണുന്നത് ബിജെപിയുടെ തകരാറാണെന്നും സുപ്രിയ ശ്രീനേത് പറഞ്ഞു.
ജനുവരി 22-ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, അധീർ രഞ്ജൻ ചൗധരി, മല്ലികാർജുൻ ഖാർഗെ എന്നിവർ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് നേട്ടത്തിനായി ക്ഷേത്ര പ്രതിഷ്ഠയെ ഒരു രാഷ്ട്രീയ പദ്ധതിയാക്കിമാറ്റുകയാണ് ബിജെപി ചെയ്യുന്നതെന്നും അവർ ആരോപിച്ചിരുന്നു.
ശ്രീരാമൻ എല്ലാവരുടേതുമെന്ന മുദ്രാവാക്യവുമായാണ് കോൺഗ്രസ് സംഘം അയോധ്യയിലെത്തിയത്. ജയ്ശ്രീറാം വിളികളുമായി സരയു നദിയിൽ സ്‌നാനം നടത്തിയശേഷമായിരുന്നു ക്ഷേത്ര ദർശനം. ആയിരത്തോളം പേരടങ്ങുന്ന സംഘമാണ് അയോധ്യയിലെത്തിയത്.
പ്രതിഷ്ഠാ ദിനത്തെ ബിജെപി രാഷ്ട്രീയ ചടങ്ങാക്കുന്നുവെന്നോരോപിച്ച് വിട്ട് നിൽക്കാൻ തീരുമാനിച്ച കോൺഗ്രസ് നേതാക്കൾ മറ്റ് ദിവസങ്ങളിൽ ക്ഷേത്രത്തിലെത്താനാണ് തീരുമാനം. രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ നേതാക്കളും വൈകാതെ ക്ഷേത്രത്തിലെത്തും. ന്യായ് യാത്രയുടെ ഉത്തർപ്രദേശ് പര്യടനത്തിനിടെ രാഹുൽ ഗാന്ധിയും ക്ഷേത്രത്തിലെത്തിയേക്കും.
ഇതിനിടെ, രാമക്ഷേത്രത്തിന് സമീപം കോൺഗ്രസ് പ്രവർത്തകനെ ഒരു സംഘം കയ്യേറ്റം ചെയ്തു. കൊടി പിടിച്ചുവാങ്ങി നിലത്തിട്ട് ചവിട്ടി. 22ന് 12.20നാണ് രാമവിഗ്രഹം ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നത്. പ്രതിഷ്ഠാ സമയത്ത് പ്രധാനമന്ത്രി ശ്രീകോവിലിലുണ്ടാകുമെന്നും ചടങ്ങുകളുടെ ഭാഗമാകുമെന്നും ക്ഷേത്ര് ട്രസ്റ്റ് അറിയിച്ചു. 121 ആചാര്യന്മാർ പങ്കെടുക്കുന്ന ചടങ്ങിന് വാരാണസിയിൽ നിന്നുള്ള ലക്ഷ്മികാന്ത് ദീക്ഷിത് നേതൃത്വം നൽകും. 200 കിലോ വരെ ഭാരം വരുന്ന വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്.
മറുനാടന് ഡെസ്ക്