- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആന്ധ്രയിൽ മുഖ്യമന്ത്രി വൈ എസ് ജഗന്മോഹനെ നേരിടാൻ സഹോദരി; വൈ.എസ്.ശർമിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ; രാജ്യസഭയിലേക്കോ ലോക്സഭയിലേക്കോ മത്സരിച്ചേക്കും; പാർട്ടിയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നേതൃത്വം
വിജയവാഡ: ആന്ധ്രപ്രദേശ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി വൈഎസ് രാജശേഖരൻ റെഡ്ഡിയുടെ മകളും, ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗന്മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശർമിളയെ നിയമിച്ച് കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ശർമിളയെ പിസിസി അധ്യക്ഷയായി നിയമിച്ചത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വാർത്താക്കുറിപ്പിറക്കി.
ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് ഗിഡുഗു രുദ്രരാജു കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഗിഡുഗു രുദ്രരാജുവിനെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കുകയും ചെയ്തിട്ടുണ്ട്. ശർമിളയുടെ വൈ.എസ്.ആർ. തെലങ്കാന കോൺഗ്രസ് പാർട്ടി ഈ മാസം ആദ്യമാണ് കോൺഗ്രസിൽ ലയിപ്പിച്ചത്.
ആന്ധ്രയിൽ പാർട്ടിയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചാണ് കോൺഗ്രസ് തെലങ്കാന കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ശർമിളയെ കൊണ്ടുവന്നത്. ഒരു എംഎൽഎ.പോലുമില്ലാത്ത ആന്ധ്രയിൽ പാർട്ടിയുടെ പുനരുജ്ജീവനം ശർമിളയിലൂടെ നടപ്പാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
ഹെലികോപ്ടർ അപകടത്തിൽ മരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വിയോഗവും പിന്നാലെ നടത്തിയ ആന്ധ്രാ വിഭജനവുമാണ് സംസ്ഥാനത്ത് കോൺഗ്രസിന്റെ തകർച്ച പൂർണമാക്കിയത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സഹോദരൻ ജഗന്മോഹൻ റെഡ്ഡിക്കെതിരെ കോൺഗ്രസിനെ നയിക്കുന്നത് ഇതോടെ വൈഎസ് ശർമിളയായിരിക്കും. എന്നാൽ വൈഎസ് ശർമിള തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നതിൽ ഇപ്പോഴും വ്യക്തമായ സൂചന പാർട്ടി വൃത്തങ്ങൾ നൽകുന്നില്ല. വൈഎസ് ശർമ്മിള രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാനോ, ലോക്സഭാ സീര്റിൽ മത്സരിക്കാനോ സാധ്യതയുണ്ട്.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലായിരുന്നു ശർമിള കോൺഗ്രസിൽ ചേർന്നത്. തെലങ്കാനയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനിടെയാണ് ശർമിള കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.
കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആർഎസിന്റെ അഴിമതിയും ജനവിരുദ്ധവുമായ ഭരണം അവസാനിപ്പിക്കാൻ കോൺഗ്രസിന് പിന്തുണ നൽകുമെന്നാണ് ശർമിള വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയസാധ്യതയുള്ളതിനാലാണ് താൻ കോൺഗ്രസിന് പിന്തുണ നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ വോട്ടുകളുടെ ഭിന്നിപ്പ് മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ശർമിള വിസമ്മതിച്ചു.
'കഴിഞ്ഞ 9 വർഷത്തെ ഭരണത്തിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും കെ ചന്ദ്രശേഖർ റാവു പാലിച്ചിട്ടില്ല. അതുകൊണ്ട് കെസിആർ വീണ്ടും അധികാരത്തിൽ വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വൈഎസ്ആറിന്റെ മകൾ എന്ന നിലയിൽ കോൺഗ്രസിന്റെ അവസരത്തെ പിന്തുണയ്ക്കുന്നു. 55-ലധികം മണ്ഡലങ്ങളിൽ ഞാൻ കോൺഗ്രസിന്റെ വോട്ട് ബാങ്കിൽ നിർണായകമാകും', വൈഎസ് ശർമിള കൂട്ടിച്ചേർത്തു. അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുൻ മുഖ്യമന്ത്രി അന്തരിച്ച വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളാണ് ശർമിള.
മറുനാടന് മലയാളി ബ്യൂറോ