- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയോധ്യ പ്രതിഷ്ഠാ ദിനം, പൊതുഅവധി പ്രഖ്യാപിച്ച് ഹിമാചൽ കോൺഗ്രസ് സർക്കാർ
ഷിംല: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്ന ജനുവരി 22-ന് പൊതുഅവധി പ്രഖ്യാപിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. സംസ്ഥാനത്ത് നാളെ പൊതു അവധിയായിരിക്കുമെന്നാണ് ഹിമാചൽ പ്രദേശ് സർക്കാർ ഉത്തരവിൽ അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, പ്രതിഷ്ഠാചടങ്ങിന് പൊതു അവധി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്.
'വകുപ്പുകൾ, ബോർഡുകൾ, വിദ്യാലയങ്ങൾ, കോളേജുകൾ, സർവകലാശാലകൾ തുടങ്ങിയവയ്ക്കെല്ലാം നാളെ പൊതുഅവധി നൽകാനുള്ള അറിയിപ്പ് നൽകുകയാണ്. ദിവസവേതനക്കാരായ ജീവനക്കാർക്കും അവധി ബാധകമായിരിക്കും. തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.
അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും പകുതി ദിവസത്തെ അവധി അനുവദിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ ബാങ്കുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22ന് അവധിയാണ്.
നേരത്തെ പതിമൂന്ന് സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളും ജനുവരി 22-ന് പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ചണ്ഡീഗഢ്, പുതുച്ചേരി എന്നിവിടങ്ങളിൽ ദിവസം മുഴുവനും ഗുജറാത്ത്, ഹരിയാണ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡിഷ, അസം, ത്രിപുര, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിൽ ഉച്ചവരെയുമാണ് അവധി.
രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ഇത് ആദ്യമാണ് കോൺഗ്രസ് ഭരിക്കുന്ന സർക്കാർ അവധി പ്രഖ്യാപിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ പരിപാടിയെന്ന് കോൺഗ്രസ് വിമർശനത്തിനിടെയാണ് അവധി പ്രഖ്യാപനം. അതേസമയം, എൻഡിഎ ഭരിക്കുന്ന 12 സംസ്ഥാനങ്ങളാണ് ഇതിനോടകം ജനുവരി 22 ന് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ചണ്ഡിഗഡ് ഭരണകൂടവും ബിജു ജനതാദൾ സർക്കാരുള്ള ഒഡീഷയും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പ്രതിഷ്ഠ ദിനത്തിൽ പൊതുഅവധി നൽകിയ മഹാരാഷ്ട്രാ സർക്കാർ തീരുമാനത്തിനെതിരായ ഹർജി ബോംബെ ഹൈക്കോടതി തള്ളി. നാല് നിയമ വിദ്യാർത്ഥികൾ നൽകിയ ഹർജിയാണ് അതിരൂക്ഷ വിമർശനത്തോടെ കോടതി തള്ളിയത്. ഹർജി രാഷ്ട്രീയ പ്രേരിതവും പ്രശസ്തിക്ക് വേണ്ടിയുള്ളതാണെന്നും കോടതി പറഞ്ഞു. നിയമ വിദ്യാർത്ഥികൾ തന്നെ ഭാവനയിലെ ബാലിശമായ വാദങ്ങളുമായി എത്തുന്നത് ജുഡീഷ്യൽ ബോധത്തെ തന്നെ ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു.
NI ആക്ട് 25 പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് പൊതു അവധി പ്രഖ്യാപിക്കാൻ അധികാരമില്ലെന്നാണ് ഹർജിക്കാർ വാധിച്ചത്. മതപരമായ ആഘോഷങ്ങളല്ലാതെ ക്ഷേത്രം തുറക്കുന്നതിന് അവധി നൽകുന്നത് മതേതരത്വത്തിന് എതിരെന്നും വാദിച്ചു. എന്നാൽ 1968ലെ നോട്ടിഫിക്കേഷൻ പ്രകാരം സംസ്ഥാന സർക്കാരിനും അവധി നൽകാൻ അധികാരമുണ്ടെന്ന് എജി സർക്കാരിനായി വാദിച്ചു. പ്രതിഷ്ഠാ ദിനത്തിലെ അവധി മതേതരത്വത്തെ ബാധിക്കില്ലെന്നും എജി പറഞ്ഞു.