ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരേ അസമിൽ വീണ്ടും ആക്രമണം അരങ്ങേറിയെന്ന് കോൺഗ്രസ്. തന്റെ വാഹനം ആക്രമിക്കപ്പെട്ടുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ആരോപിച്ച് ദൃശ്യങ്ങൾ അടക്കം പുറത്ത് വിട്ടിരിക്കുകയാണ് ജയറാം രമേശ്.

വാഹനം തടഞ്ഞ് ചില്ലിൽ ഒട്ടിച്ച ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകൾ വലിച്ച കീറിയ ബിജെപി പ്രവർത്തകർ വാഹനത്തിലേക്ക് വെള്ളം ഒഴിച്ചെന്നും ജയ്‌റാം ആരോപിക്കുന്നു. ആക്രമണത്തിന് പിന്നിൽ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയെന്നും ജയ്‌റാം രമേശ് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.

ജുമുഗുർഹിതിൽ വച്ചാണ് ജോഡോ യാത്രക്ക് നേരെ ആക്രമണമുണ്ടായതെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് അറിയിച്ചു. എക്‌സിലൂടെയാണ് ആക്രമണം സംബന്ധിച്ച വിവരങ്ങൾ കോൺഗ്രസ് നേതാവ് പുറത്തുവിട്ടത്.

ജുമുഗുർഹിതിൽ വെച്ച് തന്റെ വാഹനം ആക്രമിച്ചു. കാറിന്റെ വിൻഡ് ഷീൽഡിൽ ഒട്ടിച്ച ജോഡോ യാത്രയുടെ സ്റ്റിക്കറുകൾ നീക്കുകയും ചെയ്തു. കാറിലേക്ക് വെള്ളമൊഴിച്ച അവർ ജോഡോ യാത്രക്ക് നേരെ മുദ്രവാക്യം വിളിക്കുകയും ചെയ്തു. എന്നാൽ, സംയമനം പാലിച്ച ഞങ്ങൾ അവർക്ക് നേരെ കൈവീശി കടന്നു പോയെന്നും ജയ്‌റാം രമേശ് എക്‌സിൽ കുറിച്ചു.

അതേസമയം, താനും അസമിലെ ജനങ്ങളും ഹിമന്ത ബിശ്വശർമ്മയെ ഭയക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ അസമിൽ ഭീഷണി നേരിടുന്നുണ്ടെന്ന് തനിക്കറിയാം. പക്ഷേ പ്രത്യയശാസ്ത്രത്തിനായി അവർ പോരാടും. നിങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കുന്നതിനായാണ് ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ഭാരത് ജോഡോ ന്യായ് യാത്ര അസമിലാണ് ഇപ്പോൾ പര്യടനം നടത്തുന്നത്. നേര?ത്തെ? ജോഡോ യാത്ര വഴിമാറി സഞ്ചരിച്ചുവെന്ന് ആരോപിച്ച് അസം സർക്കാർ രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു. യാത്ര തുടങ്ങിയത് മുതൽ അതിനെതിരായ നടപടികളുമായി അസം സർക്കാർ മുൻപന്തിയിലുണ്ട്.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെ കഴിഞ്ഞ ദിവസവും ആക്രമണം ഉണ്ടായിരുന്നു. അസമിലെ ലഖിംപൂരിലായിരുന്നു സംഭവം. യാത്രക്കെത്തിയ വാഹനങ്ങളുടെ ചില്ലുകൾ അക്രമികൾ തകർത്തു. ബിജെപി യുവമോർച്ച പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.