- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസമിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ, രാഹുലിന്റെ മാസ് എൻട്രി
ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രക്കിടയിൽ പ്രതിഷേധിക്കാനെത്തിയ ബിജെപി പ്രവർത്തകർക്കിടയിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മാസ് എൻട്രി. യാത്ര നടക്കുന്നതിനിടയിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ എത്തുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകരും സംഭവസ്ഥലത്തുണ്ടായിരുന്നു. ബിജെപിയുടെ പ്രതിഷേധം കനക്കുന്നതിനിടെ അവർക്കിടയിലേക്ക് രാഹുൽ ഗാന്ധി ഇറങ്ങുകയായിരുന്നു.
യാത്ര തടയാനുള്ള ഉദ്ദേശത്തോടെ പാർട്ടി കൊടികളുമേന്തിനിന്ന ആളുകൾക്കിടയിലേക്ക് രാഹുൽ ഇറങ്ങിച്ചെല്ലുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് ആയിരുന്നു സംഭവം. ജയ് ശ്രീറാം, ജയ് മോദി എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു ഇവർ ബസ്സിനടുത്തേക്കെത്തിയത്. ഇതോടെ, ബസിൽനിന്ന് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും ചേർന്ന് ബസ്സിലേക്ക് തിരികെ കയറ്റുകയായിരുന്നു.
सबके लिए खुली है मोहब्बत की दुकान,
— Rahul Gandhi (@RahulGandhi) January 21, 2024
जुड़ेगा भारत, जीतेगा हिंदुस्तान।???????? pic.twitter.com/Bqae0HCB8f
'20-25 ബിജെപി പ്രവർത്തകർ വടിയുമേന്തി ബസിന് മുന്നിൽ വന്നു. ഞാൻ ബസിൽനിന്ന് ഇറങ്ങിയതോടെ അവർ ഓടിപ്പോയി. കോൺഗ്രസിന് ബിജെപിയേയും ആർ.എസ്.എസ്സിനേയും ഭയമാണെന്നാണ് അവർ കരുതുന്നത്. അവർ ഞങ്ങളുടെ പോസ്റ്ററുകളും പ്ലക്കാർഡുകളും കീറുന്നത് കാര്യമാക്കുന്നില്ല. പ്രധാനമന്ത്രിയെയോ അസം മുഖ്യമന്ത്രിയെയോ ഞങ്ങൾ ഭയക്കുന്നുമില്ല', സംഘർഷത്തിന് ശേഷം നടന്ന റാലിയിൽ രാഹുൽ പറഞ്ഞു.
നായകീയ രംഗങ്ങൾക്കിടെ പ്രശ്നത്തിൽ ഇടപ്പെട്ട രാഹുലിന്റെ സുരക്ഷാജീവനക്കാർ അദ്ദേഹത്തെ തിരികെ നിർബന്ധപൂർവം ബസിലേക്ക് കയറ്റിവിട്ടു. അസമിൽ ഭാരത് ജോഡോ യാത്രക്ക് നേരെ വ്യാപക ആക്രമണമാണ് ബിജെപി പ്രവർത്തകർ അഴിച്ചുവിടുന്നത്.
അതേസമയം, ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ഇന്നും ബിജെപി ആക്രമണമുണ്ടായിരുന്നു. ജുമുഗുർഹിതിൽ വച്ചാണ് ജോഡോ യാത്രക്ക് നേരെ ആക്രമണമുണ്ടായതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് അറിയിച്ചിരുച്ചു. എക്സിലൂടെയാണ് ആക്രമണം സംബന്ധിച്ച വിവരങ്ങൾ കോൺഗ്രസ് നേതാവ് പുറത്തുവിട്ടത്. ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കാണിച്ച് ദൃശ്യങ്ങൾ അടക്കം പുറത്ത് വിട്ടിരിക്കുകയാണ് ജയറാം രമേശ്.
ജുമുഗുർഹിതിൽ വെച്ച് തന്റെ വാഹനം ആക്രമിച്ചു. കാറിന്റെ വിൻഡ് ഷീൽഡിൽ ഒട്ടിച്ച ജോഡോ യാത്രയുടെ സ്റ്റിക്കറുകൾ നീക്കുകയും ചെയ്തു. കാറിലേക്ക് വെള്ളമൊഴിച്ച അവർ ജോഡോ യാത്രക്ക് നേരെ മുദ്രവാക്യം വിളിക്കുകയും ചെയ്തു. എന്നാൽ, സംയമനം പാലിച്ച ഞങ്ങൾ അവർക്ക് നേരെ കൈവീശി കടന്നു പോയെന്നും ജയ്റാം രമേശ് എക്സിൽ കുറിച്ചു. ആക്രമണത്തിന് പിന്നിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയാണെന്നും ജയ്റാം രമേശ് ആരോപിച്ചു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെ കഴിഞ്ഞ ദിവസവും ആക്രമണം ഉണ്ടായിരുന്നു. അസമിലെ ലഖിംപൂരിലായിരുന്നു സംഭവം. യാത്രക്കെത്തിയ വാഹനങ്ങളുടെ ചില്ലുകൾ അക്രമികൾ തകർത്തു. ബിജെപി യുവമോർച്ച പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.