ന്യൂഡൽഹി: നിർമ്മിതബുദ്ധിയുടെ സാധ്യത വിവിധ സേവന മേഖലകളിൽ ഉപയോഗപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാരിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിഷൻ താമസിയാതെ അനുമതിക്കായി കേന്ദ്ര കാബിനറ്റിന്റെ മുമ്പിലെത്തുമെന്ന് ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്ര ശേഖർ. രാജ്യത്തിന് സ്വന്തമായി ഒരു എ ഐ വികസിപ്പിക്കാനും രാജ്യത്തിന്റെ കമ്പ്യൂട്ടേഷണൽ ശേഷി വർധിപ്പിക്കാനും ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക് കമ്പ്യൂട്ട്-ആസ്-എ-സർവീസ് വാഗ്ദാനം ചെയ്യാനും സർക്കാർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 10,000 കോടിയുടെ പദ്ധതിയാണ് ഇതിനായി ഒരുങ്ങുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിഷൻ രൂപീകരണത്തിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകായണെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ കണക്കനുസരിച്ച് ഇത് 10000 കോടിയലധികം രൂപയുടെ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ എഐ ദൗത്യം പ്രഖ്യാപിച്ചത്. രാജ്യത്തിനകത്ത് എഐ കംപ്യൂട്ടിങ് ശക്തി ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും മെച്ചപ്പെട്ട സേവനങ്ങൾ നൽകും ആരോഗ്യം, കാർഷികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിൽ എഐ സാധ്യതകൾ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകൾ പൊതു സ്വകാര്യ പങ്കാളിത്തത്തിൻ കീഴിൽ രാജ്യത്ത് സ്ഥാപിക്കും. ഇതിന്റെ ഭാഗമായി 10000 നും 30000 നും ഇടയിൽ എണ്ണംവരുന്ന ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകൾ ഒരുക്കും. കൂടാതെ പിഎസ്യു സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് (സി-ഡാക്) വഴി 100-2000 ജിപിയുകൾ അധികമായി തയ്യാറാക്കുമെന്നും ചന്ദ്രശേഖർ നേരത്തെ പറഞ്ഞിരുന്നു.

നൂതന എഐ സാങ്കേതിക വിദ്യകളുടെ പ്രവർത്തനത്തിന് ശക്തിയേറിയ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകൾ ആവശ്യമാണ്. എഐയുടെ ശേഷി നിർണയിക്കുന്നതിൽ വലിയ കംപ്യൂട്ടിങ് ശക്തിയും ആവശ്യമുണ്ട്. ചാറ്റ് ജിപിടി നിർമ്മാതാക്കളായ ഓപ്പൺ എഐയുടെ എഐ മോഡലുകളുടെ പ്രവർത്തനത്തിനായി മൈക്രോസോഫ്റ്റ് 10000 ഗ്രാഫിക്പ്രൊസസിങ് യൂണിറ്റുകളടങ്ങുന്ന സൂപ്പർ കംപ്യൂട്ടർ ഒരുക്കിയിരുന്നു.

സമാനമായ രീതിയിൽ രാജ്യത്തെ എഐ വികാസത്തിനായി സർക്കാരിന്റെ ഇടപെടലോടൂകൂടി കംപ്യൂട്ടിങ് ശേഷി ആർജിച്ചെടുക്കാനും അത് രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും ഉപയോഗപ്പെടുത്താൻ അവസരം നൽകാനും രാജ്യത്തെ എഐ വികാസം ത്വരിതപ്പെടുത്താനുമാണ് എഐ മിഷൻ ലക്ഷ്യമിടുന്നത്. മേക്ക് ഇൻ ഇന്ത്യ, സെമികണ്ടക്ടർ ദൗത്യങ്ങൾക്ക് സമാനമായി, രാജ്യത്ത് കംപ്യൂട്ടിങ് സെന്ററുകൾ സ്ഥാപിക്കുന്നതിന് സ്വകാര്യകമ്പനികൾക്ക് വിവിധ ഇൻസെന്റീവുകൾ നൽകുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്.

കംപ്യൂട്ടിങ് ശേഷി വികസിപ്പിക്കുന്നതിനൊപ്പം ഡാറ്റാ സെറ്റുകൾ നിർമ്മിക്കുന്നതിനും അവ സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാക്കുന്നതിനുമുള്ള ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്. 2022 മെയിൽ ഐടി മന്ത്രാലയം ദേശീയ ഡാറ്റാ ഗവേണൻസ് ഫ്രെയിംവർക്ക് നയത്തിന്റെ കരട് പുറത്തിറക്കിയിരുന്നു. ഇതിന് കീഴിൽ ഒരു ഇന്ത്യ ഡാറ്റാസെറ്റ് പ്ലാറ്റ്ഫോ നിർമ്മിക്കാനുള്ള നിർദേശമുണ്ട്. ഇന്ത്യൻ പൗരന്മാരിൽ നിന്നോ ഇന്ത്യയിലുള്ളവരിൽ നിന്നോ വിവരങ്ങൾ ശേഖരിച്ചതും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള വ്യക്തിപരമല്ലാത്തതും അജ്ഞാതവുമായ ഡാറ്റാസെറ്റുകൾ ഇതിലുണ്ടാവും.