ന്യൂഡൽഹി: ബിഹാറിലെ 'ഇന്ത്യാ' മുന്നണിയിൽ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട്. ആർ.ജെ.ഡിക്കും ജെ.ഡി.യുവിനുമിടയിൽ വീണ്ടും അസ്വാരസ്യങ്ങൾ അതിശക്തം. നിതീഷ് കുമാർ വീണ്ടും ബിജെപി പാളയത്തിൽ എത്തുമെന്നും സൂചനകളുണ്ട്. ഏതായാലും ബീഹാർ മറ്റൊരു രാഷ്ട്രീയ അട്ടിമറിയുടെ മുനമ്പിലാണ്. റിപ്പബ്ലിക് ദിനത്തിന് ശേഷം എന്തും സംഭവിക്കും.

ബിഹാറിൽ വീണ്ടും രാഷ്ട്രീയനാടകങ്ങൾ. ഭരണകക്ഷിയായ മഹാസഖ്യത്തിൽ വിള്ളൽ വീഴുന്നെന്ന സൂചന ഉയർത്തി ആർ.ജെ.ഡി.യും ജെ.ഡി.യു.വും പട്‌നയിൽ പ്രത്യേകം യോഗംചേർന്നു. നിതീഷ് കുമാർ മഹാസഖ്യം വിട്ട് എൻ.ഡി.എ.യിലേക്ക് തിരിച്ചുപോകുമെന്ന അഭ്യൂഹത്തിനിടെയാണിത്. വ്യാഴാഴ്ച വൈകീട്ട് ആർ.ജെ.ഡി. നേതാക്കൾ മുന്മുഖ്യമന്ത്രി റാബ്രിദേവിയുടെ വീട്ടിലും ജെ.ഡി.യു. നേതാക്കൾ നിതീഷിന്റെ ഔദ്യോഗിക വസതിയിലുമാണ് ചേർന്നത്. ഇതിനിടെ, പ്രതിപക്ഷ നേതാവ് വിജയകുമാർ സിൻഹയെ ബിജെപി. കേന്ദ്രനേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം പരിഗണിച്ച് ബിജെപി. ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഢ ഡൽഹിയിൽ തുടരുകയാണ്. നിയമസഭ പിരിച്ചുവിടാൻ നിതീഷ് ശുപാർശ ചെയ്യുമെന്ന അഭ്യൂഹവും പട്‌നയിൽ ഉയരുന്നുണ്ട്.

ലലൻ സിങ് എന്നറിയപ്പെടുന്ന രാജീവ് രഞ്ജൻ സിങിനെ പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് നിന്നും നീക്കം ചെയ്ത് നിതീഷ്‌കുമാർ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ അഭ്യൂഹങ്ങൾ തുടങ്ങിയിരുന്നു. അതിനിടെ, തന്റെ ഔദ്യോഗിക ഓസ്‌ട്രേലിയൻ പര്യടനം ബിഹാർ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവ് റദ്ദാക്കിയതും ചർച്ചയായി. ആകെ 243 അംഗങ്ങളുള്ള ബീഹാർ നിയമസഭയിൽ ലാലുപ്രസാദ് യാദവിന്റെ ആർജെഡിക്ക് 79 സീറ്റുകളുണ്ട്. കോൺഗ്രസ് (19) സിപിഐ-എംഎൽ (12), .സിപിഎം (2), സിപിഐ (2), സ്വതന്ത്രൻ (1) എന്നിങ്ങനെയാണ് സീറ്റുനിലകൾ.ഇത് എല്ലാം കൂട്ടിയാൽ 114 സീറ്റുകളാണ്. 45 സീറ്റുകളാണ് നിതീഷ് കുമാറിന്റെ ജെഡിയുവിനുള്ളത്. ഇനി ജെഡിയുവിന്റെ പിന്തുണയില്ലെങ്കിലും പുറത്ത് നിന്നും ഒരു ഏഴ് പേരുടെ പിന്തുണകിട്ടിയാൽ തേജസ്വിക്ക് മുഖ്യമന്ത്രിയാകാം. ഇവിടയാണ് നിതീഷും ലലൻ സിങും തമ്മിലെ ഭിന്നത നേരത്തെ ചർച്ചയായത്.

ലലൻ സിങ് ആർ.ജെ.ഡി.യുമായി അടുത്ത് തേജസ്വി യാദവിനെ മുഖ്യമന്ത്രിപദത്തിലെത്തിക്കാൻ ശ്രമിക്കുന്നെന്ന സംശയം നിതീഷിനുമുണ്ട്. ലാലുപ്രസാദ് യാദവും ലലൻ സിങ്ങും വിമാനത്തിൽവെച്ച് മാസങ്ങൾക്ക് മുമ്പും എല്ലാം ചർച്ച ചെയ്തുവെന്നാണ് സൂചന. ഈകൂടിക്കാഴ്ചയ്ക്ക് രണ്ട് ദിവസം മുൻപേ ലാലൻസിങ്ങ് 12 ജെഡിയു എംഎൽഎമാരുമായി രഹസ്യയോഗം ചേർന്നതായി പറയുന്നു. കഴിഞ്ഞ കാലമായി ലാലൻസിങ്ങ് തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കണമെന്ന് വാദിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ അത് നിതീഷ് കുമാർ സമ്മതിച്ചിരുന്നില്ല. 12 എംഎൽഎമാരെ ലലൻ സിങിന് ജെഡിയുവിൽ നിന്നും അടർത്തിയെടുക്കാനായാൽ തേജസ്വിക്ക് മുഖ്യമന്ത്രിയാകാം. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഇത് അനിവാര്യമാണെന്നാണ് ആർജെഡിയുടെ വിലയിരുത്തൽ. ഇതു മനസ്സിലാക്കിയാണ് ബിജെപി പാളയത്തിലേക്ക് കൂടുമാറി ആർജെഡി മോഹത്തെ തകർക്കാനുള്ള നീക്കം.

ലലനെതിരെ സംശയംകൂടിയായതോടെയാണ് ജെ.ഡി.യു. ദേശീയഅധ്യക്ഷപദം വീണ്ടും നിതീഷ് ഏറ്റെടുത്തതെന്നാണ് റിപ്പോർട്ടുകൾ. കടുത്ത ബിജെപി വിരുദ്ധ നേതാവ് കൂടിയായിരുന്നു ലലൻ. ഒരു കാലത്ത് ലാലുപ്രസാദ് യാദവും മകനും ലാലുവിന്റെ ഭാര്യ റബ്രിദേവിയും ചേർന്ന് നടത്തിയ രഹസ്യനീക്കങ്ങളുടെ ഫലമായാണ് ബിജെപിയെ ഉപേക്ഷിച്ച് നിതീഷ് ലാലുപ്രസാദ് യാദവിലേക്ക് ചാഞ്ഞത്. ഇപ്പോൾ ലാലുപ്രസാദ് യാദവും മകനും ലലൻ സിങ്ങും ചേർന്ന് നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കസേരയിൽ നിന്നും വലിച്ചുപുറത്തിടാനുള്ള ഗൂഢാലോചന നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതാണ് നിതീഷിനെ പ്രകോപിപ്പിച്ചത്.

ജെഡിയുവിന്റെ പിന്തുണയില്ലെങ്കിലും പുറത്ത് നിന്നും ഒരു ഏഴ് പേരുടെ പിന്തുണകിട്ടിയാൽ തേജസ്വിക്ക് മുഖ്യമന്ത്രിയാകാം. അതാണ് ലാലൻ സിങ്ങിലൂടെ ജെഡിയു ലക്ഷ്യമിടുന്നത്. പ്രത്യുപകാരമായി ലലൻ സിങ്ങിന് രാജ്യസഭാ എംപി പദവി നല്കാമെന്നതാണ് ലാലുപ്രസാദ് നൽകിയിരിക്കുന്ന വാഗ്ദാനം എന്നാണ് സൂചന. എന്നാൽ, ലലൻ സിങ്ങുമായി ചേർന്ന് ഗൂഢാലോചന നടത്തിയ 12 എംഎൽഎമാരിൽ ഒരാൾ ഈ വാർത്ത നിതീഷ് കുമാറിന് ചോർത്തിക്കൊടുത്തു. ഇതോടെയാണ് നിതീഷ് കുമാർ തന്റെ മുഖ്യമന്ത്രിക്കസേര ഏത് വിധേനയും സംരക്ഷിക്കാൻ ഓപ്പറേഷൻ ലലൻ എന്ന പദ്ധതിയുമായി ഇറങ്ങിത്തിരിച്ചത്. അതാണ് ലാലൻ സിങ്ങിന്റെ രാജിയിലും ജെഡിയുവിന്റെ ദേശീയ പ്രസിഡന്റ് പദവി നിതീഷ് കുമാർ തന്നെ ഏറ്റെടുക്കുന്നതിലേക്കും നയിച്ചതെന്നാണ് സൂചന.

നിതീഷും ആർ.ജെ.ഡി.യുമായി നിലനിൽക്കുന്ന അസ്വാരസ്യങ്ങളാണ് മറനീക്കി പുറത്തുവരുന്നത്. കുടുംബവാഴ്ച വിഷയം ഉയർത്തി നിതീഷ് ബുധനാഴ്ച ലാലു കുടുംബത്തെ പരോക്ഷമായി ലക്ഷ്യമിട്ട് നടത്തിയ വിമർശനങ്ങളും അസ്വസ്ഥതകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഈമാസം 30-ന് ബിഹാറിലെത്തുന്ന രാഹുൽ ഗാന്ധിയുടെ ന്യായ് യാത്രയിൽ നിതീഷ് പങ്കെടുക്കില്ലെന്ന റിപ്പോർട്ടുകളും ഇതേത്തുടർന്ന് ഉയർന്നിട്ടുണ്ട്.

ഏഴുദിവസത്തിനകം പുതിയ തീരുമാനം നിതീഷ് പ്രഖ്യാപിക്കുമെന്നാണ് പാർട്ടികേന്ദ്രങ്ങൾ നൽകുന്ന സൂചന. നിതീഷ് ജനുവരി 25-നുശേഷം ആർ.ജെ.ഡി.യുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് കഴിഞ്ഞദിവസം മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാൻ ആവാം മോർച്ച നേതാവുമായ ജിതൻ റാം മാഞ്ചി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 2022-ൽ ബിജെപി.യോട് ഇടഞ്ഞ് രാജ്യത്ത് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങിയ നിതീഷിന്റെ പുതിയ ചാഞ്ചാട്ടങ്ങൾ കോൺഗ്രസ് അടക്കമുള്ള ഇന്ത്യ സഖ്യകക്ഷികൾ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ലോക്സഭാ സീറ്റ് വിഭജനം, മഹാസഖ്യത്തിലെ ധാരണയനുസരിച്ച് മുഖ്യമന്ത്രി പദമൊഴിയൽ തുടങ്ങിയ കാര്യങ്ങളിൽ ബിഹാറിൽ ആർ.ജെ.ഡി.യുമായി ഉടലെടുത്ത തർക്കങ്ങളാണ് നിതീഷിന്റെ പുതിയ കരുനീക്കത്തിന് പിന്നിലെന്നാണ് സൂചന.

സംസ്ഥാന ഗവർണർ രാജേന്ദ്ര അർലേർക്കറുമായി കഴിഞ്ഞയാഴ്ച നിതീഷ് കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിഹാറിലെ രാഷ്ട്രീയകേന്ദ്രങ്ങളിൽ പുതിയ അഭ്യൂഹങ്ങൾ തല ഉയർത്തിയത്. നിതീഷ് മടങ്ങിവരാൻ തയ്യാറുണ്ടെങ്കിൽ ബിജെപി. പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചതോടെ അതിന് ആക്കം കൂടി. പിന്നാലെയാണ് ബുധനാഴ്ച ജെ.ഡി.യു. സംഘടിപ്പിച്ച കർപ്പൂരി ഠാക്കൂർ അനുസ്മരണവേദിയിൽ കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരേ നിതീഷ് രൂക്ഷവിമർശനമുയർത്തിയത്. കർപ്പൂരി ഠാക്കൂറിന് കേന്ദ്രം ഭാരത രത്‌നം നൽകിയതും ഇതിനിടെ ശ്രദ്ധേയമായി.