ന്യൂഡൽഹി: ഡൽഹിയിലെ ആംആദ്മി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ശ്രമം നടത്തുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ രംഗത്ത്. ഏഴ് എഎപി എംഎൽഎമാർക്ക് ബിജെപിയിൽ ചേരുന്നതിനായി 25 കോടി രൂപ വീതം വാഗ്ദാനം ചെയ്‌തെന്നും അരവിന്ദ് കേജ്രിവാൾ ആരോപിച്ചു. എഎപി എംഎൽഎമാരുമായി ബിജെപി നേതൃത്വം ചർച്ച നടത്തിയെന്നും കേജ്രിവാൾ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ആംആദ്മി പാർട്ടി എംഎ‍ൽഎ.മാർക്ക് ബിജെപിയിൽ ചേരാൻ കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ഡൽഹി വിദ്യാഭ്യാസ മന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അതിഷി മെർലേനയും രംഗത്തെത്തി.

ഡൽഹി മദ്യനയക്കേസിൽ കേജ്രിവാളിനെ ദിവസങ്ങൾക്കുള്ളിൽ അറസ്റ്റ് ചെയ്യുമെന്നും അതിനു ശേഷം എംഎൽഎമാരെ അടർത്തിയെടുക്കുമെന്നുമാണ് എഎപി നിയമസഭാംഗങ്ങളോട് ബിജെപി പറഞ്ഞതെന്നും കേജ്രിവാൾ അറിയിച്ചു. 21 എംഎൽഎമാരുമായാണ് ആദ്യം ചർച്ച നടത്തിയത്. മറ്റുള്ളവരുമായും സംസാരിക്കും. അതിനു ശേഷം ഡൽഹി സർക്കാരിനെ വീഴ്‌ത്തും. 'നിങ്ങൾക്കും സ്വാഗതം. 25 കോടി രൂപയും മത്സരിക്കാൻ ബിജെപി ടിക്കറ്റും' എന്നായിരുന്നു വാഗ്ദാനമെന്നും കേജ്രിവാളിന്റെ കുറിപ്പിൽ പറയുന്നു.

എന്നാൽ എല്ലാ എംഎൽഎമാരും ബിജെപിയുടെ വാഗ്ദാനം നിരസിച്ചുവെന്നും കേജ്രിവാൾ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ എഎപിയെ പരാജയപ്പെടുത്താൻ കഴിയാത്ത ബിജെപി ഡൽഹി സർക്കാരിനെ വീഴ്‌ത്താൻ വളഞ്ഞവഴി പയറ്റുകയാണെന്നും കേജ്രിവാൾ കുറ്റപ്പെടുത്തി. "ഡൽഹി മദ്യനയക്കേസ് അന്വേഷണത്തിന്റെ ഭാഗമായല്ല എന്നെ അറസ്റ്റ് ചെയ്യുന്നത്. പകരം ഡൽഹി സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ്. കഴിഞ്ഞ 9 വർഷത്തിനുള്ളിൽ നിരവധി തവണ അവർ ശ്രമം നടത്തിയെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. ഞങ്ങളുടെ എംഎൽഎമാർ ശക്തമായി പാർട്ടിക്കൊപ്പം അണിനിരന്നു.

ഡൽഹിയിൽ ജനക്ഷേമകരമായ നിരവധി പ്രവർത്തനങ്ങൾ ഞങ്ങളുടെ സർക്കാർ ചെയ്തിട്ടുണ്ടെന്നും ജനങ്ങൾ എഎപി സർക്കാരിനെ സ്നേഹിക്കുന്നുണ്ടെന്നും അവർക്കറിയാം. അതുകൊണ്ട് എഎപിലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുക അസാധ്യമാണ്. ആ സാഹചര്യത്തിൽ വ്യാജ മദ്യതട്ടിപ്പ് ആരോപണം ഉന്നയിച്ച് സർക്കാരിനെ വീഴ്‌ത്താനാണ് അവർ ശ്രമിക്കുന്നത്." - കേജ്രിവാൾ പറഞ്ഞു.

ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഡൽഹിയിലെ ആംആദ്മി പാർട്ടി സർക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അതിഷി കുറ്റപ്പെടുത്തി. ഇതിനായി ഓപ്പറേഷൻ താമര 2.0 അവർ ആരംഭിച്ചിരിക്കുന്നു. ഏഴ് എഎപി എംഎ‍ൽഎമാരെയാണ് ബിജെപി ബന്ധപ്പെട്ടത്. 25 കോടി രൂപയാണ് ഓരോരുത്തർക്കും അവർ വാഗ്ദാനം ചെയ്തത്. 'അരവിന്ദ് കെജ്രിവാൾ ഉടനെ അറസ്റ്റ് ചെയ്യപ്പെടും, അതിന് ശേഷം എഎപി എംഎ‍ൽഎമാർ ഭിന്നിക്കും' എന്നായിരുന്നു എംഎൽഎമാരോട് ബിജെപി. പറഞ്ഞത്- അതിഷി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിൽ അധികാരത്തിലെത്താൻ വേണ്ടി ജനാധിപത്യപരമായിട്ടല്ലാതെ ഓപ്പറേഷൻ താമരയിൽ കൂടിയാണ് ബിജെപി ശ്രമിക്കുന്നതെന്നും അതിഷി ആരോപിച്ചു. മഹാരാഷ്ട്ര, ഗോവ, കർണാടക, അരുണാചൽ പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിന് ഉദാഹരണങ്ങളാണെന്നും അതിഷി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഡൽഹി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമം നടത്തിയിരുന്നു എന്ന് നേരത്തെയും ആംആദ്മി പാർട്ടി ആരോപിച്ചിരുന്നു. അന്ന് പാർട്ടി വിളിച്ചു ചേർത്ത യോഗത്തിൽ 62 എംഎൽഎമാരിൽ ഏഴുപേർ വിട്ടുനിന്നത് അഭ്യൂഹങ്ങൾ ഉയത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും എഎപി രംഗത്തെത്തിയത്.