- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എവിടെനിന്ന് പോയോ അവിടെ തിരിച്ചെത്തി; ഇനിയെങ്ങോട്ടെന്ന ചോദ്യത്തിന് പ്രസക്തിയില്ല'
പട്‌ന: സത്യപ്രതിജ്ഞ ചടങ്ങിനു പിന്നാലെ ഇന്ത്യ സഖ്യത്തിനും തേജസ്വി യാദവിനുമെതിരെ വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. തേജസ്വി യാദവ് ഒന്നും ചെയ്യാത്ത ആളായിരുന്നുവെന്ന് നിതീഷ് കുമാർ പറഞ്ഞു. ബിഹാറിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടിയാണ് തങ്ങൾ പ്രവർത്തിച്ചതെന്നും ഇനിയും അത് തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എട്ട് പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ബാക്കിയുള്ളവർ വൈകാതെ തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'നേരത്തേയും ഞാൻ അവർക്കൊപ്പമായിരുന്നു. എന്നാൽ വിവിധ വഴികളിൽ കൂടിയായിരുന്നു സഞ്ചരിച്ചത്. എന്നാൽ ഇപ്പോൾ ഞങ്ങൾ ഒന്നിച്ചിരിക്കുന്നു. തുടർന്നങ്ങോട്ടും അങ്ങനെത്തന്നെ ആയിരിക്കും. ബിഹാറിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിച്ചത്. അതുതന്നെ ഞങ്ങൾ തുടരും. അല്ലാതെ മറ്റൊന്നുമില്ല. തേജസ്വി ഒന്നും ചെയ്യാത്ത ആളായിരുന്നു. മുമ്പ് ഞാൻ എവിടെ ഉണ്ടായിരുന്നോ അവിടെത്തന്നെ ഞാൻ ഇപ്പോൾ എത്തിയിരിക്കുന്നു. ഇനി മറ്റെവിടെയെങ്കിലും പോകുമോ എന്ന ചോദ്യത്തിന്റെ ആവശ്യം ഉയരുന്നില്ല'- സത്യപ്രതിജ്ഞ ചടങ്ങിനുപിന്നാലെ നിതീഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ത്യ സഖ്യത്തിൽ നിന്ന് വിട്ട് എൻ.ഡി.എ. സഖ്യത്തിനൊപ്പം ചേർന്നാണ് നിതീഷ് കുമാർ ബിഹാറിൽ ബിജെപി. സർക്കാർ രൂപീകരിച്ചത്. തുടർന്ന് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തിരുന്നു. തലമുതിർന്ന നേതാവിന്റെ കൂറുമാറ്റം ഇന്ത്യ സഖ്യത്തിൽ വലിയ തോതിൽ ഞെട്ടലുണ്ടാക്കിയിരുന്നു. ഇന്ത്യ സഖ്യം ശക്തമാണെന്നും ഇപ്പോൾ നടക്കുന്നതൊക്കെയും നല്ലതിനാണെന്നുമായിരുന്നു ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് പ്രതികരിച്ചത്. കളി തുടങ്ങിയിട്ടേയുള്ളൂവെന്നും അവസാനിപ്പിക്കുന്ന തങ്ങളായിരിക്കും, 2024 ഓടെ ജെഡിയു ഇല്ലാതാകുമെന്നും തേജസ്വി പറഞ്ഞിരുന്നു.
ഇന്ത്യ സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണെന്നും അശാസ്ത്രീയമാണെന്നും ഇത് ഒരിക്കലും പ്രാവർത്തികമാകില്ലെന്നും തങ്ങൾ അന്നേ പറഞ്ഞിട്ടുണ്ടെന്ന് ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു. ജെഡിയു ബിജെപിയുടെ 'സ്വാഭാവിക' സഖ്യമാണെന്നും നദ്ദ പറയുകയുണ്ടായി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാർ 'ഉജ്ജ്വൽ ബിഹാർ' സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കുടുംബത്തെ സംരക്ഷിക്കുന്നതിന് വേണ്ടി നിലകൊള്ളുന്നതാണ് ഇന്ത്യ മുന്നണി. അവർ അഴിമതിക്ക് കവചമൊരുക്കുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി. ബിഹാറിൽ പുതിയ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എൻഡിഎയിലേക്ക് നിതീഷ് കുമാർ തിരിച്ചെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം ജെഡിയുവിന്റെ സ്വാഭാവിക സഖ്യമാണ് എൻഡിഎ എന്നും അഭിപ്രായപ്പെട്ടു. ബിഹാറിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തുമ്പോഴെല്ലാം സുസ്ഥിരമായ വികസന പ്രവർത്തനങ്ങൾ സംഭവിച്ചിട്ടുള്ളതായി തെളിഞ്ഞിട്ടുള്ളതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ എൻഡിഎ സഖ്യം ലോക്സഭാ തിരഞ്ഞെടുപ്പിനെ തൂത്തുവാരുമെന്നും 2025ൽ എൻഡിഎ തന്നെ ബിഹാറിൽ അധികാരത്തിലെത്തുമെന്നും നദ്ദ പറഞ്ഞു.
ഒമ്പതാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയാകുന്നത്. 2020ൽ ജെ.ഡി.യു-എൻ.ഡി.എ സഖ്യം അധികാരത്തിലെത്തിയപ്പോൾ എൻ.ഡി.എക്കൊപ്പമായിരുന്ന നിതീഷ് 2022ലാണ് ജെ.ഡി.യു-ആർ.ജെ.ഡി, കോൺഗ്രസ്, ഇടത് പാർട്ടികൾ എന്നിവയുൾപ്പെടുന്ന മഹാഗഡ്ബന്ധനൊപ്പം ചേരുന്നതും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നതും. ഈ മഹാസഖ്യത്തെ ഉപേക്ഷിച്ചാണ് നിതീഷിന്റെ ഒടുവിലെ കൂറുമാറ്റം.