- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസും എ.എ.പിയും കൈകോർത്തിട്ടും തിരിച്ചടി; എട്ട് വോട്ടുകൾ അസാധുവായി; ചണ്ഡീഗഢ് മേയർ സ്ഥാനം പിടിച്ചെടുത്ത് ബിജെപി; പകൽവെളിച്ചത്തിലെ തട്ടിപ്പ് അങ്ങേയറ്റം ആശങ്കാജനകമെന്ന് കെജ്രിവാൾ
ചണ്ഡിഗഢ്: ചണ്ഡീഗഢ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ 'ഇന്ത്യ' സഖ്യം തിരിച്ചടി നേരിട്ടതിന് പിന്നാലെ ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിനെതിരെ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്രിവാൾ. ഇത് 'പകൽ വെളിച്ചത്തിലെ ചതി'യാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇത്രയും കളിക്കാൻ കഴിയുമെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ അവർ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
'ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിൽ പകൽവെളിച്ചത്തിൽ തട്ടിപ്പ് നടത്തിയ രീതി അങ്ങേയറ്റം ആശങ്കാജനകമാണ്. ഒരു മേയർ തെരഞ്ഞെടുപ്പിൽ ഇത്തരക്കാർക്ക് ഇത്രയും തരംതാഴാൻ കഴിയുമെങ്കിൽ, അവർക്ക് രാജ്യത്തെ തെരഞ്ഞെടുപ്പിൽ ഏതറ്റം വരെയും പോകാനാകും. ഇത് വളരെ ആശങ്കാജനകമാണ്' -കെജ്രിവാൾ എക്സിൽ കുറിച്ചു.
ബിഹാറിൽ നിതീഷ് കുമാർ മറുകണ്ടം ചാടിയതിന് പിന്നാലെയാണ് ചണ്ഡീഗഢ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് തിരിച്ചടി നേരിട്ടത്. ബിജെപിയുടെ മനോജ് കുമാർ സോങ്കർ 12നെതിരെ 16 വോട്ടുകൾ നേടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച എ.എ.പിയുടെ കുൽദീപ് കുമാറിന് 12 വോട്ട് ലഭിച്ചപ്പോൾ എട്ട് വോട്ടുകൾ അസാധുവായി. കോൺഗ്രസും എ.എ.പിയും കൈകോർത്ത് സഖ്യമായി മത്സരിച്ചിട്ടും മേയർ സ്ഥാനം കൈവിട്ടത് ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടിയായി.
എക്സ് ഒഫീഷ്യോ അംഗമായ കിരൺ ഖേറിന്റെ വോട്ടും മനോജ് കുമാർ സോങ്കറിന് ലഭിച്ചു. എട്ട് പേരുടെ വോട്ട് അസാധുവായി പ്രഖ്യാപിച്ചതിനെതിരെ എ.എ.പി-കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചു. വരണാധികാരിയുടെ നടപടിക്കെതിരെ പഞ്ചാബ്- ഹരിയാണ ഹൈക്കോടതിയെ സമീപിക്കുമെന്ന് എ.എ.പി. അറിയിച്ചു
35 അംഗ കോർപറേഷനിൽ ബിജെപിക്ക് 14ഉം എ.എ.പിക്ക് 13ഉം കോൺഗ്രസിന് ഏഴും ശിരോമണ അകാലിദളിന് ഒന്നും കൗൺസിലർമാരാണ് ഉണ്ടായിരുന്നത്. കോൺഗ്രസുമായി സഖ്യമായാണ് എ.എ.പി മത്സരിച്ചത്. എന്നാൽ, എ.എ.പിയുടെ കുൽദീപ് കുമാറിനെ തോൽപിച്ച് ബിജെപിയുടെ മനോജ് സോങ്കർ മേയറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മനോജ് സോങ്കറിന് എംപിയുടെയും ശിരോമണി അകാലിദളിന്റെയും അടക്കം 16 വോട്ട് ലഭിച്ചപ്പോൾ കുൽദീപ് കുമാറിന് ലഭിച്ചത് 12 വോട്ടാണ്.
എട്ട് വോട്ട് പ്രിസൈഡിങ് ഓഫിസർ അനിൽ മസീഹ് അസാധുവായി പ്രഖ്യാപിച്ചതാണ് നിർണായകമായത്. ജനുവരി 18ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് പ്രിസൈഡിങ് ഓഫിസറുടെ അസുഖം പറഞ്ഞ് അനിശ്ചിതകാലത്തേക്ക് നീട്ടുകയായിരുന്നു. വിഷയത്തിൽ ഇടപെട്ട പഞ്ചാബ്-ഹരിയാന ഹൈക്കോടതി തെരഞ്ഞെടുപ്പ് ജനുവരി 30ന് മുമ്പ് നടത്തണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
എട്ട് വർഷത്തെ ബിജെപി. ഭരണത്തിന് അന്ത്യം കുറിക്കാനുള്ള ഇന്ത്യ സഖ്യത്തിന്റെ നീക്കമാണ് പൊളിഞ്ഞത്. 35 അംഗ മുനിസിപ്പൽ കോർപറേഷനിൽ എ.എ.പി.-കോൺഗ്രസ് സഖ്യത്തിന് 20 അംഗങ്ങളും ബിജെപിക്ക് 15 അംഗങ്ങളുമാണുണ്ടായിരുന്നത്. അനായാസം ഭൂരിപക്ഷം ലഭിക്കുമായിരുന്നിടത്താണ് ബിജെപി. അട്ടിമറി വിജയം നേടിയത്. ഇന്ത്യ സഖ്യം രൂപവത്കരിച്ച ശേഷം നടന്ന ആദ്യ രാഷ്ട്രീയ പോരാട്ടത്തിൽ വിജയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപി.
മറുനാടന് മലയാളി ബ്യൂറോ