- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയെ ഉയർത്തി രാഷ്ട്രപതി ദ്രൗപതി മുർമു
ന്യൂഡൽഹി: രാജ്യം വികസനത്തിന്റെ പാതയിലെന്ന് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപദി മുർമു ഉയർത്തിക്കാട്ടിയത് കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ.. പ്രതിസന്ധികൾക്ക് ഇടയിലും സമ്പദ് വ്യവസ്ഥ വളർന്നു. കേന്ദ്രസർക്കാരിന് കീഴിൽ പുതിയ ഭാരതത്തിന്റെ ഉദയമാണ്. ലക്ഷക്കണത്തിന് യുവാക്കൾക്ക് ജോലി നൽകാനായി. കായികരംഗത്തും ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കാനായി. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ തന്നെയാണ് നയപ്രഖ്യാപനത്തിൽ നിറഞ്ഞത്.
രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മൂന്നു പതിറ്റാണ്ടിനു ശേഷം വനിതാ സംവരണം യാഥാർത്ഥ്യമായി. ബിൽ പാസ്സാക്കിയത് ചരിത്ര നേട്ടമാണ്. ക്രിമിനൽ നിയമങ്ങളും പരിഷ്കരിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇന്ത്യൻ പതാക ഉയർത്തി. ചന്ദ്രയാൻ വിജയം അഭിമാനകരമാണ്. ജി20 ഉച്ചകോടി വിജയകരമായി നടപ്പാക്കാനായി. അയോധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയത് സർക്കാരിന്റെ നേട്ടമാണെന്നും വിശദീകരിച്ചു.
ഇരുസഭകളേയും അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. പാർലമെന്റിൽ ക്രിയാത്മകമായ ചർച്ചകൾ ഉണ്ടാകണമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ജമ്മുകശ്മീർ പുനഃസംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി കൂട്ടിച്ചേർത്തു. പുതിയ പാർലമെന്റ് മന്ദിരത്തിലെ രാഷ്ട്രപതിയുടെ ആദ്യ അഭിസംബോധനയാണിത്. ചെങ്കോൽ പിടിച്ച് നയിച്ചാണ് രാഷ്ട്രപതിയെ പാർലമെന്റിലേക്ക് ആനയിച്ചത്. ഇതും വേറിട്ട കാഴ്ചയായി.
മുത്തലാഖ് നിരോധിക്കാനും പാർലമെന്റിനായി. ഇന്ത്യയുടെ കീർത്തി ലോക രാഷ്ട്രങ്ങൾക്കിടയിൽ ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രധാന ബില്ലുകൾ അവതരിപ്പിക്കാനായി എന്നും രാജ്യത്ത് ദാരിദ്ര്യ നിർമ്മാർജ്ജനം യാഥാർത്ഥ്യമായെന്നും ദ്രൗപതി മുർമു പറഞ്ഞു. ഡിഫൻസ് കോറിഡോർ, സ്റ്റാർട്ടപ്പുകൾ ഇതെല്ലാം നേട്ടങ്ങളാണ്. സ്വകാര്യ മേഖലയെയും പ്രോത്സാഹിപ്പിച്ചു. ഇന്ത്യ വികസന സൗഹൃദ രാജ്യമാണെന് വിദേശ രാജ്യങ്ങൾ തിരിച്ചറിഞ്ഞു.
ഡിജിറ്റൽ ഇന്ത്യ ഗ്രാമങ്ങളിൽ പോലും തിളങ്ങുകയാണ്. യുപിഐ ഇടപാടുകൾ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു. ബാങ്കിങ് മേഖലയ്ക്ക് വലിയ ഉണർവ് നൽകിയെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനവും റെക്കോർഡിട്ടു. ദേശീയപാതകളുടേതടക്കം വികസനം റെക്കോർഡ് വേഗത്തിലാണ്. റോഡ് മാർഗമുള്ള ചരക്ക് നീക്കം ഗണ്യമായി കൂടി. ഗ്യാസ് പൈപ്പ് ലൈൻ, ഒപ്റ്റിക്കൽ ഫൈബർ ഇതെല്ലാം വികസന നേട്ടങ്ങളാണെന്നും ദ്രൗപതി മുർമു പറഞ്ഞു.
വന്ദേഭാരത് ട്രെയിനുകൾ റയിൽവേ വികസനത്തിന്റെ പുതിയ ഉദാഹരണമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. 39 ഭാരത് ട്രെയിനുകൾ വിവിധ റൂട്ടുകളിൽ ഓടുന്നുണ്ട്. 1300 റയിൽവേ സ്റ്റേഷനുകൾ നവീകരിച്ചു. നികുതിഭാരം ഒഴിവാക്കാനും സർക്കാർ മികച്ച ഇടപെടലുകൾ നടത്തി. രണ്ടര ലക്ഷം കോടി ഗ്യാസ് കണക്ഷൻ പാവപ്പെട്ടവർക്ക് നൽകി. സൗജന്യ ഡയാലിസിസ് പദ്ധതി നിരവധി പേർക്ക് ആശ്വാസമായി.
പാവപ്പെട്ടവർക്ക് പോലും വിമാന സർവീസുകൾ പ്രാപ്യമാക്കി. സ്ത്രീകളെ സാമ്പത്തികമായും ശാക്തീകരിച്ചു. സ്വയം സഹായ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകി. പത്ത് കോടി സ്ത്രീകൾ സ്വയം സഹായ സംഘങ്ങളിലൂടെ ശാക്തീകരിക്കപ്പെട്ടു. പി എം കിസാർ സമ്മാൻ പദ്ധതിയിലൂടെ രണ്ട് ലക്ഷം കോടിയിലേറെ രൂപ അനുവദിച്ചുവെന്നും ദ്രൗപതി മുർമു പറഞ്ഞു. അമൃത് കാലത്തിന്റെ തുടക്കത്തിലാണ് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിച്ചതെന്നും അതിന് 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്നതിന്റെ സത്തയുണ്ട്. പുതിയ രാജ്യത്തിന്റെ നിർമ്മാണത്തിന്റെ പ്രതീകമാണ് പുതിയ മന്ദിരമെന്നും ദ്രൗപതി മുർമു പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് നൂറ്റാണ്ടുകളുടെ സ്വപ്നമാണെന്നും അത് ഇപ്പോൾ യാഥാർത്ഥ്യമായി. പതിറ്റാണ്ടുകളായി രാജ്യത്തെ ജനങ്ങൾ കാത്തിരിക്കുന്ന ഇത്തരം പ്രവർത്തികൾ കഴിഞ്ഞ 10 വർഷത്തിനിടയിൽ പൂർത്തീകരിക്കുന്നത് ഇന്ത്യ കണ്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. "നാരി ശക്തി വന്ദൻ അധീനിയം (സ്ത്രീ സംവരണ ബിൽ) പാസാക്കിയതിന് ഞാൻ അംഗങ്ങളെ അഭിനന്ദിക്കുന്നു-രാഷ്ട്രപതി പറഞ്ഞു.
തിരിച്ചടികൾക്കിടയിലും സമ്പദ് വ്യവസ്ഥയ്ക്ക് വളർച്ചയുണ്ടായി. ദാരിദ്ര്യ നിർമ്മാർജനം യാഥാർത്ഥ്യമായി. റെക്കോർഡ് വേഗത്തിൽ ദേശീയ പാതകളുടെ നിർമ്മാണം പൂർത്തിയായി. ഇതോടെ റോഡ് മാർഗമുള്ള ചരക്ക് നീക്കം വേഗത്തിലായെന്നും രാഷ്ട്രപതി പറഞ്ഞു. പാർലമെന്റിൽ പ്രതിപക്ഷ ശബ്ദം ക്രിയാത്മക നിർദ്ദേശങ്ങൾക്കായി ഉയരണമെന്ന് പാർലമെന്റ് സമ്മേളനത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പ്രതിപക്ഷം സഹകരിക്കണം. എന്നാൽ മാന്യമല്ലാത്ത പെരുമാറ്റം അനുവദിക്കാനാവില്ല. കഴിഞ്ഞ സമ്മേളനത്തിലെ അനിഷ്ട സംഭവങ്ങൾ എല്ലാവരും കണ്ടതാണ്. ഈ ബജറ്റ് സമ്മേളനം നാരീശക്തിയുടെ ഉത്സവമാണ്. തെരഞ്ഞെടുപ്പിന് ശേഷം പൂർണ്ണ ബജറ്റുമായി വീണ്ടും കാണാമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.