റാഞ്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറിനീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. ഭരണകക്ഷി എംഎൽഎമാരുടെ പിന്തുണ അറിയിച്ച് കത്ത് നൽകിയിട്ടും സർക്കാർ രൂപീകരിക്കാൻ ഗവർണർ ഇതുവരെ വിളിച്ചില്ലെന്ന ആരോപണവുമായി പുതിയ മുഖ്യമന്ത്രിയായി ജെ.എം.എം മുന്നോട്ടുവെച്ച ചംപായ് സോറൻ രംഗത്ത് വന്നു.

81 അംഗ ഝാർഖണ്ഡ് നിയമസഭയിൽ 47 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് മുഖ്യമന്ത്രിയാകാൻ കാത്തിരിക്കുന്ന ജെഎംഎം നേതാവ് ചംപായ് സോറൻ പറഞ്ഞു. രാജ്ഭവന്റെ ക്ഷണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹേമന്ത് സോറൻ ബുധനാഴ്ച രാജിവെച്ചതിന് പിന്നാലെ ചംപായ് സോറനെ നിയമസഭാ കക്ഷി നേതാവായി ജെഎംഎം എംഎൽഎമാർ തിരഞ്ഞെടുത്തിരുന്നു. പുതിയ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ചാംപയ് സോറൻ ബുധനാഴ്ച തന്നെ ഗവർണർ സി.പി.രാധാകൃഷ്ണനെ കാണുകയും ചെയ്തിരുന്നു. എന്നാൽ, ഗവർണർ സർക്കാർ രൂപീകരിക്കാനാവശ്യപ്പെട്ട് ഇതുവരെ ചംപായ് സോറനെ ക്ഷണിച്ചിട്ടില്ല. ഇത് ബിജെപിയെ സഹായിക്കാനാണെന്നാണ് ജെഎംഎം അടക്കമുള്ള പാർട്ടികൾ ആരോപിക്കുന്നത്.

ബിജെപിയുടെ ചാക്കിട്ട് പിടുത്തത്തിനുള്ള ശ്രമങ്ങൾ നടക്കുന്നെന്ന അഭ്യൂഹങ്ങൾക്കിടെ ഭരണകക്ഷി എംഎൽഎമാരെ സംസ്ഥാനത്തുനിന്ന് മാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങി. ജെ.എം.എം-കോൺഗ്രസ് മുന്നണിയിലെ എല്ലാ എംഎൽഎമാരേയും ഹൈദരാബാദിലേക്ക് മാറ്റാനാണ് നീക്കം. ഇതിനായി രണ്ട് ചാർട്ടേർഡ് വിമാനങ്ങൾ ബുക്ക് ചെയ്തതായി ജെഎംഎം വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

'ഗവർണർ ഉറക്കത്തിൽനിന്ന് ഉണരണം. 18 മണിക്കൂറോളമായി ഞങ്ങൾ കാത്തിരിക്കുകയാണ്', ചംപായ് സോറൻ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ ഗവർണറെ കണ്ട് രണ്ട് മണിക്കൂറിനകമാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്നും ബിഹാറിലെ രാഷ്ട്രീയ നീക്കത്തെ സൂചിപ്പിച്ച് ചാംപയ് സോറൻ പറഞ്ഞു. '43 എംഎൽഎമാർ ഒപ്പിട്ടുനൽകിയ കത്ത് ഇന്നലെ ഗവർണർക്ക് മുമ്പാകെ സമർപ്പിച്ചതാണ്. ഇപ്പോൾ ഞങ്ങൾക്ക് 47 എംഎൽഎമാരുടെ പിന്തുണയുണ്ട്', ചംപായ് സോറൻ പറഞ്ഞു. ഭൂരിപക്ഷം വ്യക്തമായിട്ടും എന്തുകൊണ്ടാണ് ഗവർണർ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കാത്തതെന്ന് കോൺഗ്രസ് ശിൽപി നേഹയും ചോദിച്ചു.

ഇതിനിടെ തങ്ങളെ പിന്തുണയ്ക്കുന്ന മുഴുവൻ എംഎൽഎമാരുമായി രാജ്ഭവനിൽ എത്താമെന്ന് അറിയിച്ച് ചംപായ് സോറൻ ഗവർണർക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 5.30ന് ഗവർണർ സമയം അനുവദിച്ചതായാണ് വിവരം.

അതേ സമയം ഇ ഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ വ്യാഴാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. ഹേമന്ത് സോറന്റെ ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വെള്ളിയാഴ്ച സുപ്രീം കോടതിയിൽ പരിഗണിക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സോറന്റെ അറസ്റ്റിനെതിരെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയിൽ നൽകിയ ഹർജി പരാമർശിച്ചു. ജാർഖണ്ഡ് ഹൈക്കോടതിയിൽ നിന്ന് കേസ് പിൻവലിക്കുകയാണെന്ന് സിബൽ കോടതിയെ അറിയിച്ചു.

'ആയിരക്കണക്കിന് ആളുകളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നു, എല്ലാവർക്കും സുപ്രീം കോടതിയിൽ വരാൻ കഴിയില്ല.' ഹരജി പരാമർശിക്കവേ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നും സോളിസിറ്റർ ജനറലിന് മറുപടിയായി സിബൽ പറഞ്ഞു.

ഭൂമി തട്ടിപ്പ് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുമ്പ്, അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ഒരു വീഡിയോ സന്ദേശം പോസ്റ്റ് ചെയ്യുകയും ചെയ്തു. 'ഞാൻ കുമ്പിടില്ലെന്നും... ആത്യന്തികമായി, സത്യം വിജയിക്കുമെന്നും വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവരെയും ദളിതരെയും ആദിവാസികളെയും അടിച്ചമർത്തുന്ന ഫ്യൂഡൽ വ്യവസ്ഥയ്ക്കെതിരെ യുദ്ധം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താൻ അറസ്റ്റിലായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി തനിക്ക് ബന്ധമില്ലെന്നും സോറൻ അവകാശപ്പെട്ടു. സോറന്റെ രാജിയെത്തുടർന്ന്, പാർട്ടി വിശ്വസ്തനും സംസ്ഥാന ഗതാഗത മന്ത്രിയുമായ ചമ്പായി സോറനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.