- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണബാങ്ക് വായ്പത്തട്ടിപ്പ്: അജിത് പവാറിനെതിരെ കേസന്വേഷണം അവസാനിപ്പിച്ചു
മുംബൈ: മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുമായി (എംഎസ്സി) ബന്ധപ്പെട്ട 25,000 കോടിയുടെ വായ്പത്തട്ടിപ്പ് കേസിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും മറ്റ് എഴുപതോളം പ്രതികൾക്കുമെതിരെ തെളിവില്ലെന്ന് പൊലീസിന്റെ സാമ്പത്തികകുറ്റാന്വേഷണവിഭാഗം (ഇഒഡബ്ല്യു) പ്രത്യേക കോടതിയിൽ വീണ്ടും റിപ്പോർട്ട് നൽകി. കേസ് അവസാനിപ്പിക്കാൻ അനുവദിക്കണമെന്നും അഭ്യർത്ഥിച്ചു.
ഇത് രണ്ടാംതവണയാണ് സാമ്പത്തികകുറ്റാന്വേഷണവിഭാഗം കേസ് അവസാനിപ്പിച്ചതായി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നത്. ഒന്നരവർഷമായി നടക്കുന്ന അന്വേഷണത്തിൽ അജിത്പവാറിനും മറ്റു 70 പേർക്കുമെതിരേ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അജിത് പവാർ എംഎസ്സി ഡയറക്ടർ ആയിരിക്കെ ചില പഞ്ചസാര മില്ലുകൾക്കു ക്രമരഹിതമായി വായ്പ അനുവദിക്കുകയും തിരിച്ചടവ് മുടങ്ങിയപ്പോൾ മില്ലുകൾ ജപ്തി ചെയ്ത് ലേലം ചെയ്യുകയുമായിരുന്നു. എന്നാൽ ലേലം ചെയ്തപ്പോൾ പവാർ കുടുംബവുമായി ബന്ധമുള്ള സ്ഥാപനങ്ങൾ തന്നെ ഇവ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കിയെന്നാണ് ആരോപണം.
അതേവിഷയത്തിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രജിസ്റ്റർ ചെയ്ത കേസിലെ പ്രതിപ്പട്ടികയിൽനിന്ന് അജിത് പവാറിനെ ഒഴിവാക്കിയിരുന്നു. ഈ കേസിൽ 2020ൽ തന്നെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കോടതിയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും ഇ.ഡിയുടെ എതിർവാദം കേട്ട കോടതി അതു തള്ളുകയായിരുന്നു.
25,000 കോടിയുടെ വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണിത്. 2020 ഒക്ടോബറിലാണ് കേസ് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ദേവേന്ദ്ര ഫഡ്നവിസ് സർക്കാരിന്റെ കാലത്തെടുത്ത കേസ് ഉദ്ധവ് താക്കറെ സർക്കാർ അധികാരത്തിലേറിയപ്പോൾ അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ഏക്നാഥ് ഷിൻഡെ സർക്കാർ അധികാരത്തിലേറിയതോടെ കേസന്വേഷണം പുനരുജ്ജീവിപ്പിച്ചു. അജിത് പവാർ ബിജെപി.ചേരിയിലേക്ക് മാറിയതോടെയാണ് വീണ്ടും കേസ് അവസാനിപ്പിച്ചത്.
2020ൽ മഹാവികാസ് അഘാഡി (എംവിഎ) സർക്കാരിൽ അജിത് ഉപമുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചതെങ്കിൽ ഇപ്പോൾ ബിജെപി-ശിവസേന ഷിൻഡെ വിഭാഗം എന്നീ കക്ഷികളുമായി ചേർന്നുള്ള സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് വീണ്ടും ക്ലോഷർ റിപ്പോർട്ട് നൽകുന്നതെന്നത് ശ്രദ്ധേയമാണ്. റിപ്പോർട്ട് സ്വീകരിക്കണോ, അന്വേഷണം തുടരണോ എന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കണം.
ഇതേ വിഷയത്തിൽ എൻസിപി എംഎൽഎയും ശരദ് പവാറിന്റെ സഹോദരൻ അപ്പാസാഹേബ് പവാറിന്റെ കൊച്ചുമകനുമായ രോഹിത് പവാറിനെ ഇ.ഡി. ചോദ്യം ചെയ്തു. കഴിഞ്ഞ മാസം 24നും ഇ.ഡി രോഹിത് പവാറിനെ ചോദ്യം ചെയ്തിരുന്നു. ശരദ് പവാറിന്റെ മറ്റൊരു സഹോദരൻ അനന്ത് റാവു പവാറിന്റെ മകനായ അജിത് പവാറിനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയ ഇ.ഡി രോഹിത് പവാറിനെ പിന്തുടരുന്നത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് ശരദ് പവാർ വിഭാഗം ആരോപിക്കുന്നുണ്ട്.
ഇന്നലെ ശരദ് പവാറിന്റെ ഭാര്യ പ്രതിഭ പവാർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കൊപ്പമാണ് രോഹിത് പവാർ ഇ.ഡി ഓഫിസിലേക്ക് പുറപ്പെട്ടത്. കുടുംബാംഗങ്ങൾ ഇ.ഡി ഓഫിസിനു സമീപമുള്ള പാർട്ടി ഓഫിസിൽ കാത്തിരുന്നു. ബജറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട് ശരദ് പവാറും സുപ്രിയ സുളെയും ഇന്നലെ ഡൽഹിയിലായിരുന്നു. നൂറുകണക്കിനു പാർട്ടി പ്രവർത്തകർ ഇ.ഡി. ഓഫിസിനു മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി.