ന്യൂഡൽഹി: ഏഴു ആം ആദ്മി എം എൽ എമാരെ ബിജെപി വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നുവെന്നും തന്റെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് എത്തി. കേസിൽ നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ച് എത്തിയത്.

എം എൽ എമാർക്ക് 25 കോടി വീതം വാഗ്ദാനം ചെയ്തുവെന്നായിരുന്നു കെജ്രിവാളിന്റെ ആരോപണം. ബിജെപി ഈ വിഷയത്തിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഡൽഹിയിൽ തിരഞ്ഞെടുപ്പിൽ തോറ്റ ബിജെപി തങ്ങളുടെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി എഎപി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, മദ്യനയ അഴിമതി കേസിൽ ഇഡി കെജ്രിവാളിനെ വട്ടമിട്ട് നടക്കുകയാണ്. അഞ്ചുതവണ സമൻസ് അയച്ചെങ്കിലും കെജ്രിവാൾ ഹാജരായില്ല. സമൻസ് അനധികൃതമെന്നാണ് കെജ്രിവാൾ ആരോപിക്കുന്നത്.