ചെന്നൈ: തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴക വെട്രി കഴകം ഭാരവാഹികൾക്ക് സുപ്രധാന നിർദ്ദേശം നൽകി നടൻ വിജയ്. രാഷ്ട്രീയപ്രവർത്തനം മാന്യമായിരിക്കണമെന്നും സാമൂഹികമാധ്യമങ്ങളിലൂടെ മറ്റ് രാഷ്ട്രീയനേതാക്കളെയോ വിമർശകരെയോ അധിക്ഷേപിക്കരുതെന്നുമാണ് പാർട്ടി ഭാരവാഹികൾക്ക് വിജയ് ആദ്യം നൽകിയ നിർദ്ദേശം.

നാളെ ആരാധക കൂട്ടായ്മ ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തിയേക്കും. രണ്ട് മാസത്തിനുള്ളിൽ കടലൂരിലോ തിരുച്ചിറപ്പള്ളിയിലോ വമ്പൻ പൊതുയോഗം വിളിക്കാനും രാഷ്ട്രീയനയം പ്രഖ്യാപിക്കാനുമാണ് ആലോചന. ഇതിനിടെ, നടൻ വിജയ് യുടെ രാഷ്ട്രീയപ്രവേശനം ബിജെപിയുടെ തിരക്കഥ എന്ന ആരോപണവുമായി എഐഎഡിഎംകെ രംഗത്തെത്തി. അതേസമയം, മുൻനിലപാടുകളുടെ പേരിൽ വിജയിയെ എതിർക്കുന്നുവെന്ന പ്രതീതി ഉണ്ടാകാതിരിക്കാനുള്ള കരുതൽ ബിജെപി നിരയിൽ പ്രകടമാണ്.

എന്നാൽ, സമീപകാല ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി , വിജയ് ഭീഷണിയാകില്ലെന്ന പരസ്യനിലപാട് സ്വീകരിക്കുന്നതാകും ഉചിതമെന്ന ആലോചന ഡിഎംകെയിലുമുണ്ട്. ഐക്കൺ നേതാക്കളുടെ അഭാവം എഐഎഡിഎംകെയിൽ ദൃശ്യമായിരിക്കെ, വിജയിയുടെ വരവ് ബിജെപി ക്വോട്ടയിലെന്ന ആക്ഷേപം ഉയർത്തുകയാണ് സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ പാർട്ടി.

ലോക്‌സഭയിലേക്ക് തത്കാലം മത്സരിക്കില്ലെന്ന വിജയിയുടെ പ്രസ്താവനയോടെ കള്ളി വെളിച്ചത്തായെന്നാണ് എഐഎഡിംകെ വക്താവ് കൊവൈ സത്യൻ ആരോപിച്ചത്. ബിജെപി ഏറെ സമ്മർദ്ദത്തിലാക്കിയെങ്കിലും രജനീകാന്ത് ഒടുവിൽ രക്ഷപ്പെട്ടുവെന്നും ഇപ്പോൾ വിജയിയെ പരീക്ഷിക്കുകയാണെന്നും കൊവൈ സത്യൻ ആരോപിച്ചു.ഇതിനിടെ, അമേരിക്കയിലുള്ള കമൽഹാസൻ വിജയിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചതായി മക്കൾ നീതി മയ്യം വാർത്താക്കുറിപ്പിറക്കി.

അതേ സമയം പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ വിജയ്ക്ക് അഭിനന്ദനങ്ങളുമായി കോളിവുഡിലെ പ്രമുഖർ രംഗത്ത് വന്നു. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ, സംവിധായകൻ അറ്റ്‌ലീ, കാർത്തിക് സുബ്ബരാജ് തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. പുതിയ തുടക്കം വിജയകരമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്ന് നടൻ രാഘവ ലോറൻസും എക്‌സിലൂടെ കുറിച്ചു. ദളപതി 69 ആയിരിക്കും അവസാന ചിത്രം. നിലവിൽ ചിത്രീകരണത്തിൽ ഉള്ള വെങ്കട്ട് പ്രഭു ചിത്രം പൂർത്തിയാക്കുമെന്നും. പിന്നീട് ഒരു സിനിമ കൂടിയെ അഭിനയിക്കുകയുള്ളു എന്നും വിജയ് അറിയിച്ചിരുന്നു.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദ ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം(GOAT)' ചിത്രീകരണത്തിലാണ് വിജയ് ഇപ്പോൾ. കാർത്തിക് സുബ്ബരാജ് ആണ് അറുപത്തി ഒമ്പതാം ചിത്രത്തിന്റെ സംവിധായകൻ. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആയിരിക്കും ചിത്രം നിർമ്മിക്കുക. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. എസ് ജെ സൂര്യ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തും. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിർവഹിക്കുക.

നടൻ വിജയ് നേതൃത്വം നൽകുന്ന പാർട്ടിക്ക് തമിഴക വെട്രി കഴകം എന്നാണ് പേര്. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം നേതാക്കൾ ഇപ്പോൾ ഡൽഹിയിലുണ്ട്. പാർട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈൽ ആപ്പും പാർട്ടി പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങൾക്ക് പാർട്ടി അംഗമാവാൻ സാധിക്കും. ഒരു കോടി ആളുകളെ പാർട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്.