- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ പുരസ്കാരം ജീവിതത്തിൽ ഉടനീളം ഉയർത്തിപ്പിടിച്ച ആദർശങ്ങൾക്ക് കൂടിയുള്ളത്; പൊതുജീവിതത്തിൽ ഒപ്പം പ്രവർത്തിച്ച ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരെ നന്ദി അറിയിക്കുന്നു'; ഭാരതരത്ന പുരസ്കാരം കൃതജ്ഞതയോടും വിനയത്തോടും കൂടി സ്വീകരിക്കുന്നുവെന്ന് എൽ.കെ.അഡ്വാനി
ന്യൂഡൽഹി: രാജ്യം നൽകിയ ആദരവിന് നന്ദി അറിയിച്ച് ബിജെപി മുതിർന്ന നേതാവ് എൽ.കെ.അഡ്വാനി. തനിക്കു ലഭിച്ച ഭാരതരത്ന പുരസ്കാരം ജീവിതത്തിൽ ഉടനീളം ഉയർത്തിപ്പിടിച്ച ആദർശങ്ങൾക്കു കൂടിയുള്ളതാണെന്നു എൽ.കെ.അഡ്വാനി പറഞ്ഞു. 14ാം വയസ്സിൽ ആർഎസ്എസിൽ ചേർന്ന നാൾ മുതൽ പ്രാധാന്യം നൽകിയത് രാജ്യ സേവനത്തിനാണ്. പൊതുജീവിതത്തിൽ തന്നോടൊപ്പം പ്രവർത്തിച്ച ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരെ നന്ദി അറിയിക്കുന്നതായും അഡ്വാനി പ്രസ്താവനയിൽ പറഞ്ഞു. നേരത്തേ, അഡ്വാനിക്ക് ഭരതരത്ന പുരസ്കാരം നൽകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.
''അങ്ങേയറ്റം കൃതജ്ഞതയോടും വിനയത്തോടും കൂടി ഭാരതരത്ന പുരസ്കാരം ഞാൻ സ്വീകരിക്കുന്നു. എനിക്ക് ഈ പുരസ്കാരം ഒരു വ്യക്തി എന്ന നിലയിലുള്ള നേട്ടം മാത്രമല്ല, ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ച ആദർശങ്ങൾക്കു കൂടിയുള്ള അംഗീകാരമാണ്. 14ാം വയസ്സിൽ ആർഎസ്എസിൽ സന്നദ്ധസേവകനായി ചേർന്നതു മുതൽ എന്റെ രാജ്യത്തിനായി ജീവിതം നീക്കിവച്ചു. എന്റെ ജീവിതം രാജ്യത്തിനുള്ളതാണ് എന്ന ആപ്തവാക്യമാണ് എന്നെ മുന്നോട്ടുനയിച്ചത്.
ഏറ്റവും അടുപ്പത്തോടെ എന്നോടൊപ്പം പ്രവർത്തിച്ച പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയെയും അടൽ ബിഹാരി വായ്പേയിയെയും ഈ അവസരത്തിൽ സ്മരിക്കുകയാണ്. പൊതുജീവിതത്തിൽ എന്നോടൊപ്പം പ്രവർത്തിച്ച ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരെയും സ്വയംസേവകരെയും നന്ദി അറിയിക്കുന്നു. എല്ലായ്പ്പോഴും പ്രവർത്തിക്കാനുള്ള ഊർജം നൽകിയ ഭാര്യ കമലയെയും മറ്റ് കുടുംബാംഗങ്ങളെയും ഓർക്കുന്നു. ഈ പുരസ്കാരത്തിനായി എന്നെ തിരഞ്ഞെടുത്തതിനു രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിക്കുന്നു നമ്മുടെ രാജ്യം ഇനിയും ഉയരങ്ങളിലേക്കു വളരട്ടെ'' അഡ്വാനി പറഞ്ഞു.
അദ്വാനിക്ക് ഭാരതരത്ന ലഭിച്ചതിലുള്ള സന്തോഷം അദ്ദേഹത്തിന്റെ കുടുംബവും മറച്ചുവെച്ചില്ല. ലഡു വിതരണം ചെയ്താണ് കുടുംബം സന്തോഷം പങ്കുവെച്ചത്. മുഴുവൻ കുടുംബവും വലിയ സന്തോഷത്തിലാണെന്ന് മകൾ പ്രതിഭ അദ്വാനി പറഞ്ഞു. 'ദാദയ്ക്ക് (അദ്വാനിക്ക്) ഭാരതരത്ന ലഭിച്ചതിൽ മുഴുവൻ കുടുംബവും വലിയ സന്തോഷത്തിലാണ്. ഇന്ന് ഞാൻ എന്റെ അമ്മയെ ഓർക്കുകയാണ്. രാഷ്ട്രീയമായും വ്യക്തിപരമായും ദാദയുടെ ജീവിതത്തിൽ അമ്മ നൽകിയ സംഭാവനകൾ അത്ര വലുതാണ്.
ഭാരതരത്ന ലഭിച്ച വാർത്ത പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. ആരെങ്കിലും അദ്ദേഹത്തെ കുറിച്ച് നല്ലവാക്കുകൾ പറഞ്ഞാൽ പോലും കണ്ണുകൾ നിറയുന്ന പ്രകൃതമാണ് അദ്ദേഹത്തിന്. അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. തന്റെ മുഴുവൻ ജീവിതവും രാജ്യത്തെ സേവിക്കാനായാണ് ചെലവഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിാേടും രാജ്യത്തെ ജനങ്ങളോടും അദ്ദേഹം നന്ദി പറഞ്ഞു.' -പ്രതിഭ അദ്വാനി പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടന്നപ്പോഴും അദ്വാനി വളരെ സന്തോഷവാനായിരുന്നുവെന്ന് മകൾ പ്രതിഭ ഓർത്തെടുത്തു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അത്. അതിനായി അദ്ദേഹം ദീർഘകാലം പരിശ്രമിച്ചിരുന്നുവെന്നും പ്രതിഭ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ