റാഞ്ചി: ഝാർഖണ്ഡ് നിയമസഭയിൽ ഗവർണർ സി.പി.രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണമുന്നയിച്ച് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ. ഭൂമി അഴിമതിക്കേസിൽ ഇ.ഡി തന്നെ അറസ്റ്റ് ചെയ്തതിൽ രാജ്ഭവനും ഇടപെട്ടെന്ന് ഹേമന്ത് സോറൻ ആരോപിച്ചു. ഇ.ഡി.കസ്റ്റഡിയിലുള്ള ഹേമന്ത് സോറന് ഝാർഖണ്ഡ് നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകിയതിനെ തുടർന്ന് സഭയിലെത്തിയ സോറൻ വിശ്വാസവോട്ടെടുപ്പുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കുകയായിരുന്നു.

'ജനുവരി 31-ന് രാത്രി രാജ്യത്ത് ആദ്യമായി ഒരു മുഖ്യമന്ത്രി അറസ്റ്റിലായി. ഈ സംഭവത്തിൽ രാജ്ഭവനും പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു', ഹേമന്ത് സോറൻ പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ഏടാണ് തന്റെ അറസ്റ്റെന്ന് ഹേമന്ത് സോറൻ കുറ്റപ്പെടുത്തി. ഭൂമി അഴിമതിയിൽ തന്റെ ബന്ധം തെളിയിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ സോറൻ വെല്ലുവിളിച്ചു. നിയമം എങ്ങനെ ദുരുപയോഗംചെയ്യാമെന്ന് ഇ.ഡിയിൽ നിന്ന് പഠിക്കണമെന്നും അദ്ദേഹം വിമർശിച്ചു.

'8.5 ഏക്കർ ഭൂമി തട്ടിപ്പ് കേസിലാണ് എന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അവർക്ക് ധൈര്യമുണ്ടെങ്കിൽ, അവർ എന്റെ പേരിൽ രജിസ്റ്റർചെയ്ത പ്രസ്തുത ഭൂമിയുടെ രേഖകൾ കാണിക്കണം. അത് തെളിയിക്കപ്പെട്ടാൽ ഞാൻ രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കാം', ഹേമന്ത് സോറൻ നിയമസഭയിൽ പറഞ്ഞു.

തന്റെ അറസ്റ്റിനുള്ള തിരക്കഥ 2022-ൽത്തന്നെ തയ്യാറാക്കിയിരുന്നു. ആ ഗൂഢാലോചനയാണ് ജനുവരി 31-ൽ നടപ്പാക്കിയത്. എല്ലാ കോണുകളിലും ആദിവാസികളും ദളിതരും ജീവൻ ബലിയർപ്പിച്ചിട്ടുള്ള സംസ്ഥാനമാണ് ഝാർഖണ്ഡ്. തന്നെ ജയിലിലാക്കി അവർക്ക് വിജയിക്കാമെന്ന് അവർ കരുതുന്നുവെങ്കിൽ തെറ്റിപ്പോയെന്നും ഹേമന്ത് സോറൻ പറഞ്ഞു.

അറസ്റ്റിന് മുമ്പായി രാജിവെച്ച സോറൻ മുതിർന്ന ജെഎംഎം നേതാവ് ചംപയ് സോറനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുകയും ചെയ്തു.

ചംപയ് സോറന്റെ നേതൃത്വത്തിലുള്ള ജെ.എം.എം.-കോൺഗ്രസ്-ആർ.ജെ.ഡി സഖ്യസർക്കാരിന് വിശ്വാസ വോട്ടെടുപ്പിൽ ആകെയുള്ള 81 അംഗങ്ങളിൽ 47 പേരുടെ പിന്തുണയാണ് ലഭിച്ചത്. പ്രതിപക്ഷത്തിന് 29 എംഎൽഎമാരുടെ വോട്ടുകളാണ് ലഭിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെ ആരംഭിച്ച വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ ജെഎംഎം.നോതാവും മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനുമെത്തിയിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് അദ്ദേഹം എത്തിയത്.

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സോറന് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ റാഞ്ചിയിലെ പ്രത്യേക കോടതി അനുമതി നൽകിയിരുന്നു. ജനുവരി 31നാണ് സോറൻ അറസ്റ്റിലായത്. അഞ്ചുദിവസത്തേക്ക് സോറനെ റിമാൻഡ് ചെയ്ത് ഫെബ്രുവരി രണ്ടിന് കോടതി ഉത്തരവിട്ടിരുന്നു.

സോറന്റെ അറസ്റ്റിനെ തുടർന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ചംപയ് സോറന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിനാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. ഝാർഖണ്ഡിലെ 81 അംഗസഭയിൽ കേവല ഭൂരിപക്ഷത്തിന് 41 പേരുടെ പിന്തുണയാണ് വേണ്ടത്. നിലവിൽ 47 ജനപ്രതിനിധികളാണ് ഭരണപക്ഷത്തുള്ളത്. ഇതിൽ ജെഎംഎമ്മിന് 28ഉം കോൺഗ്രസിന് 16ഉം ജനപ്രതിനിധികളുണ്ട്.