മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ശരദ് പവാർ വിഭാഗത്തിന് കനത്ത തിരിച്ചടി. അനന്തരവനും ഏക്നാഥ് ഷിൻഡെ സർക്കാരിലെ ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ നേതൃത്വം നൽകുന്ന എൻ.സി.പിയാണ് യഥാർഥ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 2023 ജൂലായിലാണ് ശരദ് പവാറിനോടു കലഹിച്ച് അജിത് ഒരുകൂട്ടം എംഎ‍ൽഎമാരുമായി എൻഡിഎയിലേക്ക് ചേക്കേറി ഷിൻഡെ സർക്കാരിന്റെ ഭാഗമായത്.

'ലെജിസ്ലേറ്റീവ് മജോരിറ്റി' കണക്കാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അജിത് പവാർ പക്ഷമാണ് യഥാർഥ എൻ.സി.പി. എന്ന നിഗമനത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ എത്തിച്ചേർന്നത്. സഭയിലെ 81 എൻ.സി.പി. എംഎ‍ൽഎമാരിൽ 51 പേരുടെയും പിന്തുണ അജിത്തിനായിരുന്നു. തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തോടെ എൻ.സി.പിയുടെ പേരും പതാകയും ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നമായ ക്ലോക്കും അജിത് പവാർ വിഭാഗത്തിന് ലഭിക്കും.

ഉടൻ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി, തന്റെ പക്ഷത്തിന് പേരും ചിഹ്നവും തീരുമാനിച്ച് അറിയിക്കാൻ ശരദ് പവാറിന് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശവും നൽകിയിട്ടുണ്ട്. നാളെ (ബുധനാഴ്ച) വൈകിട്ട് മൂന്നു മണിക്കുള്ളിൽ ഇതു രണ്ടും കമ്മിഷനെ അറിയിക്കാനാണ് നിർദ്ദേശം.

കഴിഞ്ഞ മാസത്തിലേറെ നീണ്ട 10 ലധികം ഹിയറിംഗുകൾക്ക് ശേഷമാണ് ശരദ് പവാർ പക്ഷത്തിന് കനത്ത തിരിച്ചടി നൽകുന്ന പ്രഖ്യാപനം. രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ശരത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തോട് പുതിയ പേര് തെരഞ്ഞെടുക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി. തങ്ങളാണ് യഥാർഥ എൻ.സി.പി.യെന്ന് അവകാശപ്പെട്ട് ഇരുവിഭാഗവും തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുകയായിരുന്നു.

എൻ സി പി പിളർത്തി ഭരണപക്ഷമായ ബിജെപിയുമായി കൈകോർത്ത അജിത് പവാർ വിഭാഗത്തിന് അനുകൂലമായി വിധി വന്നേക്കുമെന്ന പ്രതീക്ഷ നേരത്തെ തന്നെ ഉണ്ടായിരുന്നു. നേരത്തെ ശിവസേനയിലും സമാനമായ വിധിയായിരുന്നു വന്നത്. എതിർപക്ഷത്തെ അയോഗ്യരാക്കണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം തള്ളിയതിനു സമാനമായി ശരദ് പവാറിന്റെ ആവശ്യവും ഇപ്പോൾ തള്ളിയിരിക്കുകയാണ്. ശിവസേന കേസിൽ ഷിൻഡെ പക്ഷത്തിനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ പേരും ചിഹ്നവും അനുവദിച്ചത്.

6 മാസത്തിനിടെ 10-ലധികം ഹിയറിംഗുകൾ നടത്തിയതിന് ശേഷമാണ് അജിത് പവാറിന്റെ വിഭാഗത്തിന് അനുകൂലമായി എൻ സി പിയിലെ തർക്കം തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിച്ചിരിക്കുന്നത്. ശരദ് പവാർ വിഭാഗത്തിന് പുതിയ പാർട്ടി രൂപീകരണത്തിന് പേര് ക്ലെയിം ചെയ്യാനും മൂന്ന് നിർദ്ദേശങ്ങൾ കമ്മീഷനിൽ സമർപ്പിക്കാനും കമ്മീഷൻ അവസരം നൽകിയിട്ടുണ്ട്.

എൻ സി പി പിളർന്നതോടെ ശരദ് പവാറിനെ പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തുനിന്നും അജിത് പവാർ പക്ഷം നീക്കിയിരുന്നു. അതേസമയം, ബിജെപി-ശിവസേന സഖ്യ സർക്കാരിൽ ചേരുന്നതിന് മുമ്പ് താൻ ശരദ് പവാറുമായി ആലോചിച്ചിരുന്നുവെന്നും അദ്ദേഹം തീരുമാനത്തിന് അനുകൂലമായിരുന്നുവെന്നും അജിത് പവാർ നേരത്തെ പറഞ്ഞിരുന്നു.