- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാകും മോദിയുടെ പിൻഗാമി? ജനങ്ങൾ ഉറ്റുനോക്കുന്നത് ബിജെപിയിലെ ചാണക്യനെ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ മൂന്നാം തവണയും ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്നാണ് ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേ കഴിഞ്ഞ ദിവസം പ്രവചിച്ചത്. എൻഡിഎ സഖ്യം 335 സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് സർവേഫലം. സർക്കാർ രൂപീകരണത്തിന് ആവശ്യമായ 272 സീറ്റുകളുടെ പരിധി നിസാരമായി മറികടക്കും. എന്നാൽ സഖ്യത്തിന് മൊത്തത്തിൽ 18 സീറ്റുകൾ നഷ്ടപ്പെടുമെന്ന് വിലയിരുത്തുന്നു.
2014ൽ കേന്ദ്രത്തിൽ അധികാരത്തിലേറിയ എൻഡിഎ സർക്കാരിന്റെ വികസനത്തിന്റെയും സദ്ഭരണത്തിന്റെയും രാഷ്ട്രീയത്തെ രാജ്യം അംഗീകരിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനപ്രിയ നേതാവായി മാറി. ഇതോടെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും എൻഡിഎ അധികാരത്തിൽ വന്നു. ഇതിനുപിന്നാലെയാണ് വീണ്ടും എൻഡിഎ അധികാരത്തിലെത്തുമെന്ന മൂഡ് ഓഫ് ദി നേഷന്റെ സർവേഫലം ശ്രദ്ധേയമാകുന്നത്.
പ്രധാനമന്ത്രി മോദിക്ക് ബദലായി ഒരു ഏകീകൃത മുന്നണിയും നേതൃത്വവും അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ പോരാട്ടം അവരുടെ തിരഞ്ഞെടുപ്പ് മോഹങ്ങൾ സഫലമാക്കില്ല. എന്നാൽ ഈ മാതൃക അസംബ്ലി തിരഞ്ഞെടുപ്പുകളിലെ പ്രവണതയുമായി യോജിക്കുന്നുതാണ്. ശക്തമായ പ്രാദേശിക പാർട്ടികളുള്ള സംസ്ഥാനങ്ങളിൽ ബിജെപി പരുങ്ങുന്നുണ്ട്. ഉത്തർപ്രദേശ് ഒരു അപവാദമായി തുടരുന്നു. പ്രാദേശിക പാർട്ടികളുമായി സഖ്യം ആവശ്യമില്ലാതെ തന്നെ ബിജെപി ഇവിടെ വിജയം ഉറപ്പിക്കുമെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം വട്ടം അധികാരത്തിൽ വരാൻ ഒരുങ്ങുമ്പോൾ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ അദ്ദേഹം ചെലുത്തുന്ന സ്വാധീനം പ്രാധാന്യമർഹിക്കുന്നു. സർക്കാരിന്റെ നേട്ടങ്ങളും പരാജയങ്ങളും, രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഭരണകാലത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണയിലേക്ക് വെളിച്ചം വീശുന്നതാണ് സർവേ.
ഭരണത്തിൽ തന്റേതായ മികവ് കൊണ്ട് ശ്രദ്ധ നേടിയ നേതാവാണ് നരേന്ദ്ര മോദി. എൻഡിഎ സർക്കാർ അധികാരത്തിലേറുകയാണെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്മുറക്കാരനായി അല്ലെങ്കിൽ പിൻഗാമിയാകാൻ വരാൻ പോകുന്ന നേതാവിനെക്കുറിച്ചുള്ള വോട്ടർമാരുടെ ചോദ്യങ്ങളാണ് സർവേയിൽ ചർച്ച ചെയ്യുന്നത്. വോട്ടർമാരുടെ അഭിപ്രായങ്ങളനുസരിച്ച് പ്രധാനമായും മൂന്ന് ബിജെപി നേതാക്കളുടെ പേരുകളാണ് ഇപ്പോൾ ഉയർന്നുവരുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവരാണ് നരേന്ദ്ര മോദിയുടെ പിൻഗാമിയാകാൻ ഏറ്റവും അധികം സാദ്ധ്യതയുള്ള നേതാക്കൾ. ബിജെപി നേതാക്കൾ പോലും മോദിയുടെ പിൻഗാമിയായി യോഗിയെക്കുറിച്ച് പറയുമ്പോൾ പുറത്തുവന്ന സർവേഫലത്തിൽ 29 ശതമാനം വോട്ടർമാരും നരേന്ദ്ര മോദിയുടെ പിൻഗാമിയായി കാണുന്നത് അമിത് ഷായെയാണ്. എന്നാൽ 25 ശതമാനം പേരും അഭിപ്രായപ്പെടുന്നത് യോഗി ആദിത്യനാഥാണ് നരേന്ദ്ര മോദിയുടെ പിന്മുറക്കാരനാകാൻ അനുയോജ്യനെന്നാണ്. പിന്നാലെ 16 ശതമാനം പേരുടെ പിന്തുണ നിതിൻ ഗഡ്കരിക്കാണ്.
മുഖ്യ നയതന്ത്രജ്ഞനായ അമിത് ഷാ
ഇന്ത്യയിൽ ബിജെപിയുടെ കൃത്യമായ വളർച്ചയ്ക്ക് പിന്നിൽ അമിത് ഷായാണ് എന്ന് വ്യക്തമായി പറയാൻ സാധിക്കും. നരേന്ദ്ര മോദി രാജ്യത്തെ ജനപ്രിയനായ നേതാവും ഭരണാധികാരിയുമാണെങ്കിൽ അമിത് ഷായുടെ പ്രവർത്തനങ്ങൾ ബിജെപിയിൽ വരുത്തിയ മാറ്റങ്ങൾ വലുതാണ്. സസൂക്ഷ്മമായനിരീക്ഷണങ്ങളിലൂടെയും വ്യക്തമായ തയ്യാറെടുപ്പുകളിലൂടെയും പാർട്ടിയിലെ ആശയങ്ങൾ ഉയർത്തി പിടിക്കുന്ന നേതാവാണ് അമിത് ഷാ.2014 മുതൽ 2020 വരെ അമിത് ഷാ ബിജെപിയുടെ അദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാർട്ടിയിലെ മുഖ്യ നയതന്ത്രജ്ഞനും നരേന്ദ്ര മോദിയുടെ അടുത്ത അനുയായി അദ്ദേഹം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗാന്ധിനഗറിൽ നിന്നാണ് വിജയിച്ചത്.2017ൽ ഗുജറാത്തിൽ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗുജറാത്ത് കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ബില്ല് സംസ്ഥാന അസംബ്ലിയിലൂടെ പ്രതിപക്ഷ വോക്കൗട്ടിൽ അദ്ദേഹം പരീക്ഷിച്ചിരുന്നു. ഇത് അമിത് ഷായുടെ രാഷ്ട്രീയ ജീവിതത്തിലെ ശ്രദ്ധേയമായ ഈടായിരുന്നു. അതുപോലെ ഗുജറാത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു മതസ്വാതന്ത്ര്യ ബില്ല് അല്ലെങ്കിൽ ഭേദഗതി. ഇത് നരേന്ദ്ര മോദി സർക്കാരിനെ ബോധ്യപ്പെടുത്തുന്നതിലും അദ്ദേഹം വ്യക്തമായ പങ്കുവഹിച്ചിട്ടുണ്ട്,
വികസനത്തിന്റെ കൈപിടിച്ച യോഗി ആദിത്യനാഥ്
അയോധ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തീകരിച്ചതോടെ ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഒന്നൊന്നായി യാഥാർഥ്യമാകുകയാണ്. ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിക്കുന്ന യോഗി ആദിത്യനാഥ് 2017 മാർച്ച് 19നാണ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. അണികളോട് വളരെ ശാന്തനായും ബഹുമാനത്തോടെയും പെരുമാറുന്ന നേതാവെന്ന പ്രത്യേകത കൂടി അദ്ദേഹത്തിനുണ്ട്.16-ാമത് ലോക്സഭാ കാലത്ത് യോഗി ആദിത്യനാഥിന്റെ സാന്നിദ്ധ്യം മികച്ചതായിരുന്നു. ആ സമയത്ത് അദ്ദേഹം 284 ഓളം ചോദ്യങ്ങൾ സഭയിൽ ഉന്നയിച്ചിട്ടുണ്ട്, ലോക്സഭയിൽ യോഗി ആദിത്യനാഥ് നടത്തിയ 56 ഓളം പ്രസംഗങ്ങൾ വലിയ ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.
നിതിൻ ഗഡ്കരി പ്രതിപക്ഷത്തിനും സമ്മതൻ
അധികാരം എങ്ങനെ ജനങ്ങൾക്കായി വിനിയോഗിക്കണമെന്ന് പ്രവർത്തനത്തിലൂടെ ബോധ്യപ്പെടുത്തിയാണ് നിതിൻ ഗഡ്കരി ജനമനസുകളിൽ ഇടംപിടിക്കുന്നത്. രാജ്യത്തെ ഗതാഗത മേഖലയുടെ വളർച്ച ദ്രുതഗതിയിൽ നടന്നത് നിതിൻ ഗഡ്കരി മന്ത്രിയായി അധികാരമേറ്റതിനെ തുടർന്നാണ്. രാഷ്ട്രീയത്തിൽ തന്റേതായ നിലപാടിൽ ഉറച്ചുനിൽക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പിലാക്കുകയും ചെയ്ത ബിജെപിയിലെ പ്രമുഖനാണ് അദ്ദേഹം. പ്രശ്നപരിഹാരിയെന്നാണ് നിതിൻ ഗഡ്കരിയെ അറിയപ്പെടുന്നത്. ഇന്ത്യയിലെ ഗതാഗത നിലവാരം ഉയർത്തിയതിൽ പ്രതിപക്ഷ നേതാക്കളുടെയടക്കം പ്രശംസ നേടിയെടുത്ത നേതാവുകൂടിയാണ് അദ്ദേഹം. നാഗ്പൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചെത്തിയ നിതിൻ ഗഡ്കരി രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്), അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) എന്നീ സംഘനകളുടെ പ്രവർത്തനത്തിൽ സജീവമായിരുന്നു.
സർവേ ഫലം പറയുന്നത്
പാർട്ടി തിരിച്ചുള്ള സീറ്റ് വിഹിതത്തിന്റെ അടിസ്ഥാനത്തിൽ, 543 സീറ്റുകളിൽ 304 സീറ്റുകൾ ബിജെപി നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സ്വതന്ത്രമായി കേവല ഭൂരിപക്ഷം നേടാനുള്ള ശേഷി ഉറപ്പിക്കുന്നു. 2019ൽ നേടിയ 303 സീറ്റുകളേക്കാൾ ഒരു സീറ്റ് മാത്രമാണ് അധികം ലഭിക്കുക. കഴിഞ്ഞ തവണത്തേക്കാൾ 19 സീറ്റുകൾ വർധിപ്പിച്ച് 71 സീറ്റുകളോടെ കോൺഗ്രസ് രണ്ടാമത്തെ വലിയ കക്ഷിയാകും. ബാക്കിയുള്ള 168 സീറ്റുകൾ പ്രാദേശിക പാർട്ടികളും സ്വതന്ത്രരും ഉൾപ്പെടെ മറ്റുള്ളവർ നേടും.
'ഇന്ത്യ' മുന്നണി 166 സീറ്റുകൾ നേടുമെന്നും സർവേയിൽ പറയുന്നു. എന്നാൽ 370ൽ കൂടുതൽ സീറ്റുകൾ നേടുമെന്ന മോദിയുടെ അവകാശവാദത്തിൽ തിരുത്തലുകൾ ഉണ്ടാകുമെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. വിവിധ ലോക്സഭ മണ്ഡലങ്ങളിൽ നിന്നുള്ള 35,801 പേരെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രിമാരുടെയും അവകാശവാദം പോലെ മോദി 3.0 സംഭവിക്കുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
ആകെയുള്ള 543 സീറ്റുകളിൽ ബിജെപി 304 സീറ്റുകൾ നേടും. കഴിഞ്ഞ തവണത്തേക്കാൾ (303) ഒരു സീറ്റ് ബിജെപി വർധിപ്പിക്കുമെന്നും പറയുന്നു. 2019ൽ 52 സീറ്റുകൾ നേടിയ കോൺഗ്രസ് ഇത്തവണ 19 സീറ്റുകൾ കൂട്ടി 71 നേടുമെന്നാണ് റിപ്പോർട്ട്. മറ്റു പ്രാദേശിക പാർട്ടികളും സ്വതന്ത്രരും ചേർന്ന് 168 സീറ്റുകളും നേടിയേക്കുമെന്നും പ്രവചനമുണ്ട്.