- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷകരുടെ 'ഡൽഹി ചലോ' മാർച്ച് തടയാൻ നിയന്ത്രണം കടുപ്പിച്ച് സർക്കാർ
ന്യൂഡൽഹി: കർഷക സംഘടനകൾ പ്രഖ്യാപിച്ച ഡൽഹി ചലോ മാർച്ച് നേരിടാൻ ഡൽഹിയിലും ഹരിയാണയിലും കടുത്ത നിയന്ത്രണങ്ങൾ. പൊതു സമ്മേളനങ്ങൾ ഒരു മാസത്തേക്ക് ഡൽഹി സർക്കാർ നിരോധിച്ചു. മാർച്ച് 12 വരെയാണു നിരോധനം. ഡൽഹി പൊലീസ് കമ്മിഷണർ സഞ്ജയ് അറോറയുടെ ഉത്തരവ് പുറത്തിറങ്ങി. ട്രാക്ടറുകളും ഡൽഹിയിൽ നിരോധിച്ചിട്ടുണ്ട്. തോക്കുകൾ, സ്ഫോടക വസ്തുക്കൾ, ചുടുകട്ടകൾ, കല്ലുകൾ, പെട്രോൾ, സോഡാ കുപ്പി എന്നിവയും കൈയിൽ കരുതാൻ പാടില്ല. ലൗഡ് സ്പീക്കറുകളുടെ ഉപയോഗവും സമ്പൂർണമായി വിലക്കിയിട്ടുണ്ടെന്നു ഉത്തരവിൽ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവരെ സംഭവസ്ഥലത്തുനിന്നു തന്നെ അറസ്റ്റു ചെയ്യണമെന്നാണ് നിർദ്ദേശം.
കർഷക മാർച്ച് നേരിടാൻ പഞ്ചാബ്, ഡൽഹി, ഹരിയാന അതിർത്തികളിൽ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ തിക്രു, സിംഘു, ഗസ്സിപൂർ, ബദർപൂർ എന്നിവിടങ്ങളിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. രണ്ടായിരത്തിലേറെ ട്രാക്ടറുകളുമായി കാൽ ലക്ഷത്തിലേറെ കർഷകരാണ് ഡൽഹിയിലേക്ക് വരാൻ തയ്യാറെടുക്കുന്നത്. യാത്ര തടയാൻ ഡൽഹി അതിർത്തികളിൽ കോൺക്രീറ്റ് സ്ലാബും മുള്ളുവേലികളും പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏഴു ജില്ലകളിലെ ഇന്റർനെറ്റ് സംവിധാനം ഹരിയാന പൊലീസ് നിരോധിച്ചിട്ടുണ്ട്.
അതിർത്തികളിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചതിന് പിന്നാലെ ഡൽഹിയിലുടനീളം നിരോധനാജ്ഞ പുറപ്പെടുവിച്ച് ഡൽഹി പൊലീസ് ഉത്തരവിറക്കി. ഒരു മാസത്തേക്കാണ് നിരോധനാജ്ഞ. റാലികകൾ, സമ്മേളനങ്ങൾ, കാൽനട ജാഥകൾ തുടങ്ങി ഒരു തരത്തിലുമുള്ള കൂടിച്ചേരലുകളും മാർച്ച് 12 വരെ അനുവദിക്കില്ലെന്നാണ് ഡൽഹി പൊലീസിന്റെ ഉത്തരവിൽ പറയുന്നത്. ദേശീയ തലസ്ഥാനത്തേക്ക് ട്രാക്ടറുകൾ കടക്കുന്നതിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പുനൽകുന്ന നിയമം കൊണ്ടുവരുന്നതുൾപ്പെടെ നിരവധി ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നതിനായി കർഷകർ ചൊവ്വാഴ്ചയാണ് ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നത്. രാജ്യത്തുടനീളമുള്ള 200-ലധികം കർഷക സംഘടനകൾ ഡൽഹി ചലോ മാർച്ചിൽ പങ്കെടുക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ അറിയിച്ചിട്ടുണ്ട്.
ദേശീയപാതയിലുൾപ്പെടെ സിമന്റ് ബാരിക്കേഡുകളും ഇരുമ്പാണികളും ഇന്നലെ തന്നെ നിരത്തിയിരുന്നു. ഹരിയാണ-പഞ്ചാബ് അതിർത്തി പൂർണമായും സീൽ ചെയ്തിരിക്കുകയാണ്. ഹരിയാണയിലെ ഏഴുജില്ലകളിൽ ചൊവ്വാഴ്ചവരെ ഇന്റർനെറ്റ്, ബൾക്ക് എസ്.എം.എസ്., സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചതായി ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഗസ്സിപുർ അതിർത്തിയിൽ റാപ്പിഡ് പൊലീസ് ഫോഴ്സ് (ആർപിഎഫ്) സംഘത്തെയാണ് വിന്യസിച്ചിട്ടുള്ളത്. കർഷകരുടെ സമരത്തിന് പിന്നാലെ ഫെബ്രുവരി 16-ന് തൊഴിലാളി യൂണിയനുകൾ ഗ്രാമീണ ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യവ്യാപകമായി റോഡുകൾ ഉപരോധിക്കും. ഭാരത് ബന്ദിന് കർഷക സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കർഷകർ വീണ്ടും രംഗത്തെത്തുന്നത്. നൂറ്റിയമ്പതോളം സംഘടനകളുടെ കൂട്ടായ്മയായ കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും സംയുക്തമായാണ് പ്രക്ഷോഭം നടത്തുന്നത്. താങ്ങുവില, വിള ഇൻഷുറൻസ് എന്നിവ ലഭ്യമാക്കണമെന്നും കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം എന്നുമാണു പ്രധാന ആവശ്യം.