- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോണിയ ഗാന്ധി രാജ്യസഭയിലേക്ക്; രാജസ്ഥാനിൽനിന്നും മത്സരിച്ചേക്കും
ന്യൂഡൽഹി: യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി രാജ്യസഭയിലേക്ക്. രാജസ്ഥാനിൽനിന്നാവും സോണിയ രാജ്യസഭയിലെത്തുക എന്നാണ് പുറത്തുവരുന്ന വിവരം. ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. നിലവിൽ, റായ്ബറേലിയെ പ്രതിനിധീകരിക്കുന്ന ലോക്സഭാ എംപിയാണ് സോണിയ. മൂന്ന് സീറ്റുകൾ ഒഴിവുവരുന്ന രാജസ്ഥാനിൽ ഒരുസീറ്റിലേക്കാണ് കോൺഗ്രസിന് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ സാധിക്കുക.
കോൺഗ്രസിന് ഭരണമുള്ള തെലങ്കാനയിൽനിന്നോ കർണാടകയിൽനിന്നോ സോണിയ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ഗാന്ധി കുടുംബം ഹിന്ദി ഹൃദയഭൂമി ഉപേക്ഷിക്കുന്നില്ല എന്ന സന്ദേശം നൽകാൻ കൂടിയാവും, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭരണം കൈവിട്ട രാജസ്ഥാനിൽനിന്ന് സോണിയ രാജ്യസഭയിലേക്ക് പോകുന്നത്. പത്രിക സമർപ്പിക്കാൻ സോണിയയെ എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽഗാന്ധിയും അനുഗമിക്കും.
ഫെബ്രുവരി 27-നാണ് ഒഴിവുവരുന്ന സീറ്റുകളിലേക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ്. വ്യാഴാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 15 സംസ്ഥാനങ്ങളിലാണ് രാജ്യസഭയി തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിൽ പത്തും മഹാരാഷ്ട്രയിലും ബിഹാറിലും ആറുവീതവും മധ്യപ്രദേശിലും ബംഗാളിലും അഞ്ചും ഗുജറാത്തിലും കർണാടകയിലും നാലും ആന്ധ്രയിലും തെലങ്കാനയിലും രാജസ്ഥാനിലും ഒഡിഷയിലും മൂന്ന് വീതവും ഉത്തരാഖണ്ഡിലും ഛത്തീസ്ഗഢിലും ഹരിയാനയിലും ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഓരോ സീറ്റുമാണ് ഒഴിവുവരുന്നത്.
സോണിയ രാജ്യസഭാ എംപിയാവുന്നതോടെ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറികൂടിയായ പ്രിയങ്കാഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാവുമെന്ന് റിപ്പോർട്ടുകളുണ്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കഴിഞ്ഞ ആഴ്ച സോണിയാ ഗാന്ധിയോട് സംസ്ഥാനത്തെ ഖമ്മം സീറ്റിൽ നിന്ന് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തെലങ്കാനയ്ക്ക് സംസ്ഥാന പദവി നൽകിയ തെലങ്കാനയുടെ മാതാവായി സോണിയ ഗാന്ധിയെ കാണുന്നതിനാലാണ് അഭ്യർത്ഥന നടത്തിയതെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.
അഭിഷേക് മനു സിങ്വി, അജയ് മാക്കൻ എന്നിവരും രാജ്യസഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസിനായി മത്സരിക്കാൻ സാധ്യതയുള്ള മറ്റ് നേതാക്കളാണെന്ന് വൃത്തങ്ങൾ അറിയിച്ചു.