ന്യൂഡൽഹി: കർണാടക, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യസഭാ സ്ഥാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചപ്പോൾ മുതിർന്ന നേതാവ് കമൽനാഥിനെ നേതൃത്വം അവഗണിച്ചെന്ന് ആക്ഷേപം. രാജ്യസഭയിലേക്ക് മത്സരിക്കാൻ താൽപര്യം അറിയിച്ചിട്ടും കമൽനാഥിനും അദ്ദേഹം നിർദ്ദേശിച്ച സജ്ജൻ സിങ് വർമയ്ക്കും സീറ്റ് നൽകിയില്ല. അശോക് സിങിനാണ് പകരം കോൺഗ്രസ് ദേശീയ അധ്യക്ഷൻ സീറ്റ് നൽകിയത്.

മധ്യപ്രദേശിൽ കമൽനാഥ് രാജ്യസഭാ ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന് സീറ്റ് നൽകിയില്ല. പാർട്ടി സംസ്ഥാന ട്രഷറർ ആയിട്ടുള്ള അശോക് സിങിനെയാണ് പകരം കോൺഗ്രസ് ടിക്കറ്റ് നൽകിയിരിക്കുന്നത്. മധ്യപ്രദേശിൽ ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസിന് വിജയം ഉറപ്പുള്ളത്.

നിലവിൽ എംഎൽഎ ആയിട്ടുള്ള കമൽനാഥ് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് ലക്ഷ്യമിട്ട് രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോൺഗ്രസ് നേതൃത്വം ഇതിനോട് മുഖംതിരിക്കുകയായിരുന്നു. മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ കനത്ത പരാജയം ഹൈക്കമാൻഡിനെ അദ്ദേഹത്തിലുള്ള താത്പര്യം നഷ്ടമാക്കിയെന്നാണ് പറയപ്പെടുന്നത്.

കോൺഗ്രസ് ദേശീയ ട്രഷറർ അജയ് മാക്കനെ കർണാടകയിൽ രാജ്യസഭാ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. സയീദ് നസീർ ഹുസൈൻ, ജി.സി.ചന്ദ്രശേഖർ എന്നിവരേയും കർണാടകയിൽ കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെ ഭരണം പിടിച്ച തെലങ്കാനയിലെ രണ്ട് സീറ്റിലേക്ക് രേണുക ചൗധരിയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ അനിൽകുമാർ യാദവും മത്സരിക്കും.

ഇതിനിടെ കമൽനാഥ് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയായ കമൽനാഥ്, സോണിയാ ഗാന്ധിയുടെ വിശ്വസ്ഥനെന്ന നിലയിലും കോൺഗ്രസിലെ പ്രധാന നേതാവാണ്. അതിനിടെ സംസ്ഥാനത്ത് ജയസാധ്യതയുള്ള രാജ്യസഭാ സീറ്റിൽ അദ്ദേഹത്തെ പാർട്ടി നേതൃത്വം പരിഗണിക്കാതിരുന്നത്.

ബിജെപി കമൽനാഥിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്‌തെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. സംസ്ഥാനത്ത് പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്തായതിന് പിന്നാലെയാണ് കമൽനാഥിന്റെ നീക്കം. വിവേക് തൻഖയും കമൽനാഥിനൊപ്പം ബിജെപിയിലേക്ക് പോകുമെന്നാണ് സൂചന.

കോൺഗ്രസിൽ കൊഴിഞ്ഞ് പോക്ക് തുടരുകയാണ്. ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചെറുമകൻ വിഭാകർ ശാസ്ത്രി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് ഇന്നായിരുന്നു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പതക്കിന്റെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ കൂടുതൽ നന്നായി സേവിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി വിഭകർ ശാസ്ത്രി പറഞ്ഞു. നേരത്തെ സാമൂഹ്യ മാധ്യമമായ എക്‌സിലായിരുന്നു കോൺഗ്രസിൽ നിന്ന് രാജി വെയ്ക്കുന്നതായി വിഭകർ ശാസ്ത്രി അറിയിച്ചത്.