ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യത്തിന് ആശങ്കയായി നിലപാട് കടുപ്പിച്ച് ഫറൂഖ് അബ്ദുള്ള. കോൺഗ്രസ്- നാഷണൽ കോൺഫറസ് ചർച്ച പരാജയപ്പെട്ടതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫറൂഖ് അബ്ദുള്ള അറിയിച്ചു. അതേ സമയം എൻഡിഎയിൽ ചേരുമെന്നുള്ള പ്രചാരണങ്ങളെ തള്ളാതെയാണ് പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ നിരവധി തിരിച്ചടികളാണ് ഇന്ത്യ സഖ്യം നേരിടുന്നത്. എൻഡിഎക്കൊപ്പം നിതീഷ് കുമാർ പോയപ്പോൾ നിസ്സഹകരണ നിലപാടിലാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിൽ ആരുമായും സഖ്യത്തിനില്ലെന്നും തന്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ഇതിൽ രണ്ടാമതൊരു അഭിപ്രായമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ജമ്മു കശ്മീർ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇതിനിടെ തനിക്ക് ഇ.ഡി സമൻസയച്ചത് സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. ഫാറൂഖ് അബ്ദുല്ലയ്ക്ക് സമൻസയച്ച് അറസ്റ്റ് ചെയ്താൽ നാഷണൽ കോൺഫറൻസ് ഇല്ലാതാകുമെന്ന് കരുതുന്നവരുണ്ടെങ്കിൽ അവർക്ക് തെറ്റിയെന്ന് അദ്ദേഹം പറഞ്ഞു. 'ഞാൻ ഇ.ഡി.ക്ക് മുമ്പാകെ ഹാജരാകും. എന്നാൽ, ഈ പ്രവൃത്തിയിലൂടെ നാഷണൽകോൺഫറൻസ് ഇല്ലാതാകുമെന്നാണ് അവർ കരുതുന്നതെങ്കിൽ തെറ്റിപ്പോയി', ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള നാഷണൽ കോൺഫറൻസിന്റെ തീരുമാനത്തിൽ കോൺഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചു. 'ചർച്ചകൾ നടന്നുവരികയാണ്. എല്ലാ പാർട്ടികൾക്കും അവരുടേതായ പരിമതികളുണ്ടാകും. നാഷണൽ കോൺഫറൻസും പി.ഡി.പിയും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്', ജയറാം രമേശ് പറഞ്ഞു.

ചർച്ചകൾ നടക്കുകയാണ്. ഓരോ പാർട്ടിക്കും അവരുടേതായ പരിമിതികളുണ്ട്. നാഷണൽ കോൺഫറൻസും പിഡിപിയും ഇന്ത്യാ ബ്ലോക്കിന്റെ ഭാഗമാണ്, അത് തുടരുമെന്ന് കോൺഗ്രസ് എംപി ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധിയുടെ ന്യായ് യാത്രക്ക് പിന്നാലെ അസമിൽ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഉൾപ്പെടെ പാർട്ടിയുടെ രണ്ട് എംഎൽഎമാർ ബിജെപി സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചു.

ഇതോടെ അസമിലെ പ്രതിപക്ഷമായ കോൺഗ്രസിന്റെ നില കൂടുതൽ പരുങ്ങലിലായി. പാർട്ടിയുടെ വർക്കിങ് പ്രസിഡന്റും നോർത്ത് കരിംഗഞ്ചിൽ നിന്നുള്ള എംഎൽഎയുമായ കമലാഖ്യദേ പുർകയസ്ത ബുധനാഴ്ച തന്റെ സ്ഥാനം രാജിവച്ച് ബിജെപി സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാലെ മംഗൽദോയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ബസന്ത ദാസും ബിജെപി സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചു.

നിലവിലെ സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് സാക്ഷിയാണെന്നും അതുകൊണ്ടാണ് പിന്തുണ നൽകാൻ ഞാൻ തീരുമാനിച്ചതെന്നും കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടതിനാൽ പാർട്ടിയിൽ തുടരുമെന്നും പുർകയസ്ത പറഞ്ഞു. എംഎൽഎമാരുടെ തീരുമാനത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, ഇത് സംസ്ഥാന സർക്കാരിനെ ശക്തിപ്പെടുത്തുമെന്നും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും പറഞ്ഞു. പാർട്ടി സംസ്ഥാന ഘടകം പ്രസിഡന്റ് ഭൂപൻ കുമാർ ബോറയ്ക്ക് അയച്ച കത്തിൽ പുർക്കയസ്ത തന്റെ സ്ഥാനം രാജിവച്ചതായും എന്നാൽ കോൺഗ്രസിന്റെ പ്രാഥമിക അംഗമായി തുടരുന്നതായും അറിയിച്ചു. അടുത്ത ദിവസങ്ങളിൽ, കൂടുതൽ കോൺഗ്രസ് നിയമസഭാംഗങ്ങൾ തന്റെ സർക്കാരിന് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2022-ൽ, രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തതിന് സൗത്ത് കരിംഗഞ്ച് എംഎൽഎ സിദ്ദിഖ് അഹമ്മദിനെ സസ്‌പെൻഡ് ചെയ്തിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 29 സീറ്റുകൾ മാത്രമേ നേടിയിരുന്നുള്ളൂ. എന്നാൽ മാസങ്ങൾക്കുള്ളിൽ അതിന്റെ രണ്ട് നിയമസഭാംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നതോടെ എണ്ണം 27 ആയി കുറഞ്ഞു.