ന്യൂഡൽഹി: വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്നതടക്കം വിവിധ ആവശ്യങ്ങൾ ഉയർത്തി കർഷക സംഘടനകൾ നടത്തുന്ന 'ഡൽഹി ചലോ' മാർച്ച് സംഘർഷഭരിതമായിരിക്കെ, ഭാരത് കിസാൻ യൂണിയൻ (ഏക്ത സിദ്ദുപുർ) നേതാവിന്റെ പ്രസ്താവന വിവാദത്തിൽ. കർഷക സമരം ആരംഭിക്കുന്നതിന് ദിവസങ്ങൾ മുൻപ് ഭാരത് കിസാൻ യൂണിയൻ (ഏക്ത സിദ്ദുപുർ) നേതാവ് ജഗ്ജിത് സിങ് ദല്ലേവാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി സംസാരിച്ച വിഡിയോയാണ് വിവാദത്തിന് വഴിവച്ചിരിക്കുന്നത്.

അയോധ്യ രാമക്ഷേത്ര ചടങ്ങോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രാഫ് ഉയർന്നിരിക്കുകയാണെന്നും അത് താഴേക്ക് കൊണ്ടുവരണമെന്നുമാണ് വിഡിയോയിൽ ജഗ്ജിത് സിങ് ദല്ലേവാൽ പറയുന്നത്. "അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു ശേഷം മോദിയുടെ ഗ്രാഫ് വളരെയധികം ഉയർന്നു. നമുക്ക് കുറച്ചു സമയം മാത്രമാണ് ബാക്കിയുള്ളത്. അദ്ദേഹത്തിന്റെ ഗ്രാഫ് എങ്ങനെയും താഴ്‌ത്തണം" എന്നാണ് വിഡിയയോയിൽ ജഗ്ജിത് സിങ് പറയുന്നത്.

ജഗ്ജിത്തിന്റെ വാക്കുകൾക്കെതിരെ ബിജെപി നേതാക്കൾ രംഗത്തു വന്നു. കർഷക സംഘടന നേതാവിന്റേത് രാഷ്ട്രീയ പരാമർശമാണെന്നു ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ചൂണ്ടിക്കാട്ടി. "ഇത്തരത്തിൽ വലിയൊരു പ്രതിഷേധം സംഘടിപ്പിച്ചാൽ ജനങ്ങൾ പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കുന്നത് നിർത്തുമെന്നാണോ നിങ്ങൾ കരുതുന്നത് ഇങ്ങനെയല്ല പ്രതിഷേധം നടത്തേണ്ടത് എന്ന സന്ദേശമാണ് ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നത്.

കർഷകർ സമരത്തിനായി ആവിഷ്‌കരിച്ച രീതിയോട് എതിർപ്പുണ്ട്. ട്രാക്ടറിലും ട്രോളികളിലും ഒരു വർഷത്തെ റേഷനുമായാണ് അവർ നീങ്ങുന്നത്, ഒരു സൈന്യത്തെപ്പോലെ. അവർ ഡൽഹിയിലേക്ക് പോകുന്നതിൽ ഞങ്ങൾക്ക് എതിർപ്പൊന്നുമില്ല. എന്നാൽ ട്രെയിനിലോ ബസിലോ മറ്റു വാഹനങ്ങളിലോ പോകാമായിരുന്നു. ട്രാക്ടർ ഗതാഗത ഉപാധിയല്ല, അതൊരു കാർഷിക സാമഗ്രിയാണ്." ഖട്ടർ പറഞ്ഞു.

അതേ സമയം പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിൽ 'ഡൽഹി ചലോ' മാർച്ചിന്റെ ഭാഗമായി അരങ്ങേറിയ സംഘർഷങ്ങൾക്കു പിന്നാലെ കർഷക സംഘടനകളുമായുള്ള കേന്ദ്രസർക്കാരിന്റെ ചർച്ച സമയത്തും സംഘർഷം അരങ്ങേറി. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷകരുടെ നീക്കം.

ഇതിനിടെ ശംഭുവിൽ വീണ്ടും സംഘർഷമുണ്ടായി. കർഷകർക്കുനേരെ ഹരിയാന പൊലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചു. ഇതിനെ നേരിടാൻ പൊലീസിനുനേരെ കർഷകർ കുപ്പികളെറിഞ്ഞു. പഞ്ചാബ്ഹരിയാന അതിർത്തിയിൽ പ്രതിഷേധക്കാർ തടിച്ചുകൂടിയിരിക്കുകയാണ്. പ്രധാനമന്ത്രിയുമായി ചർച്ച നടത്തണമെന്നും കർഷകർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പഞ്ചാബിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4വരെ ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹാൻ വിഭാഗം ട്രെയിൻ തടഞ്ഞു.

ദേശീയ പാതയിൽ ബാരിക്കേഡ് കോൺക്രീറ്റ് ചെയ്തും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചും കർഷകരെ തടയാൻ സജ്ജീകരണങ്ങൾ ഒരുക്കുകയാണ് പൊലീസ്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് പഞ്ചാബിലെ പല ജില്ലകളിലും ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. പ്രതിഷേധിച്ച കർഷകർക്ക് എതിരെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽഖട്ടർ വിമർശനം ഉന്നയിച്ചപ്പോൾ രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, മമത ബാനർജി എന്നിവർ ഉൾപ്പടെ നിരവധി 'ഇന്ത്യ' മുന്നണി നേതാക്കളാണ് കർഷകരെ പിന്തുണച്ച് ഇന്ന് രംഗത്ത് വന്നത്.