- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎൽഎമാർ ആരും കൂറുമാറിയില്ല; നിയമസഭയിൽ വിശ്വാസ വോട്ട് നേടി അരവിന്ദ് കെജ്രിവാൾ; മദ്യനയ അഴിമതിക്കേസിൽ മാർച്ച് 16ന് ഹാജരായിക്കൊള്ളാമെന്ന് വീഡിയോ കോൺഫറൻസിംഗിൽ; നേരിട്ട് ഹാജരാകാൻ സമയം നൽകി കോടതി
ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ വിശ്വാസ വോട്ട് നേടി ആംആദ്മി സർക്കാർ. 70 അംഗ ഡൽഹി നിയമസഭയിൽ എഎപിക്ക് 62 എംഎൽഎമാരുണ്ട്. ഇതിൽ 52 എംഎൽഎമാരും വിശ്വാസവോട്ടെടുപ്പിൽ പങ്കെടുത്തു. ആരും കൂറുമാറിയില്ല. ഇതോടെ മദ്യനയ അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അടക്കമുള്ള നേതൃത്വത്തിന് ആശ്വാസമായി.
മദ്യനയ അഴിമതിക്കേസിൽ ഇഡി ആറാമത്തെ സമൻസും അയച്ചതിനു പിന്നാലെയാണ് നാടകീയ നീക്കങ്ങളുണ്ടായത്. പാർട്ടി വിടുന്ന ഓരോ എംഎൽഎക്കും 25 കോടി രൂപ വാഗ്ദാനം നൽകിയെന്ന് ഇന്നലെ നിയമസഭയിൽ കെജ്രിവാൾ ആരോപിച്ചിരുന്നു.
അതിനിടെ, മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരിട്ട് ഹാജരാകാൻ കോടതി സമയം നീട്ടി നൽകി. അടുത്തമാസം പതിനാറിന് നേരിട്ടെത്തണമെന്ന് ഡൽഹി റൗസ് അവന്യൂ കോടതി നിർദേശിച്ചു. മദ്യനയക്കേസിൽ ചോദ്യം ചെയ്യാൻ അഞ്ച് നോട്ടീസുകൾ ഇഡി നൽകിയിട്ടും കെജരിവാൾ ഹാജരായിരുന്നില്ല. തുടർന്ന് ഇഡി നൽകിയ അപേക്ഷയിലാണ് ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചത്.
എന്നാൽ ഓൺലൈനായിട്ടാണ് കെജ്രിവാൾ റൗസ് അവന്യു കോടതിയിൽ ഹാജരായത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നേരിട്ട് ഹാജരാകുന്നതിൽ തടസമുണ്ടെന്ന് കോടതിയെ അറിയിച്ചു. സമയം നീട്ടി നൽകണമെന്ന കെജരിവാളിന്റെ അപേക്ഷ പരിഗണിച്ച കോടതി അടുത്ത മാസം പതിനാറിലേക്ക് വാദം മാറ്റി. തിങ്കളാഴ്‌ച്ച ഹാജരാകാൻ നോട്ടീസ് ഇഡി നൽകിയിട്ടുണ്ടെങ്കിലും ഇതും കെജരിവാൾ തള്ളാനാണ് സാധ്യത.
ഡൽഹി മദ്യ കുംഭകോണ കേസിൽ ആവർത്തിച്ച് സമൻസ് ലഭിച്ചിട്ടും കെജ്രിവാൾ ഹാജരായിരുന്നില്ല. കെജ്രിവാളിന് നേരിട്ട് ഹാജരാകാൻ നിർദ്ദേശം നൽകണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെട്ടതിണനെ തുടർന്നാണ് കോടതി ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രി കോടതിയിൽ ഹാജരാകുമെന്നും ജാമ്യാപേക്ഷ നൽകുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
ഇന്ന് നടന്ന വെർച്വൽ കൂടുതൽ നടപടിക്കിടെ തനിക്ക് കോടതിയിൽ വരാൻ ആഗ്രഹം ഉണ്ടായിരുന്നു എന്നും എന്നാൽ വിശ്വാസ പ്രമേയവും ബജറ്റ് സമ്മേളനവുമാണ് അതിനു തടസ്സമായതെന്നും കെജ്രിവാൾ പറഞ്ഞു. മാർച്ച് 1 കഴിഞ്ഞതിനു ശേഷം ഏതു തീയതിയിലും കോടതിയിൽ ഹാജരായിക്കൊള്ളാമെന്നും അദ്ദേഹം അറിയിച്ചു.
മദ്യനയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ അവസാന അഞ്ച് സമൻസുകളുമായി ബന്ധപ്പെട്ട് തന്റെ അസാന്നിധ്യം വിശദീകരിക്കാൻ കെജ്രിവാൾ വീഡിയോ കോൺഫറൻസിംഗിലൂടെ ഇന്ന് കോടതിയിൽ ഹാജരാകുകയായിരുന്നു. അതേസമയം അരവിന്ദ് കെജ്രിവാളിന് അയച്ച സമൻസുകളെ ഇന്നത്തെ വാദം കേൾക്കൽ ബാധിക്കില്ലെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. 19ന് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ, അരവിന്ദ് കെജ്രിവാളിനെതിരെ എന്തെങ്കിലും കർശന നടപടിയെടുക്കാൻ ഇഡി തീരുമാനിച്ചാൽ അത് അവരുടെ അധികാരപരിധിയിലുള്ള കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ