ന്യൂഡൽഹി: 'വികസിത് ഭാരത്' സ്വപ്നം യാഥാർത്ഥ്യമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരുമെന്ന് രാജ്യം തീരുമാനിച്ചു കഴിഞ്ഞതായി ആഭ്യന്തര മന്ത്രി അമിത് ഷാ. അതിൽ ആർക്കും യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന ബിജെപി. ദേശീയ കൗൺസിലിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ബൂത്ത് തലത്തിൽ പ്രവർത്തിച്ച ഒരാൾ രാജ്യത്തിന്റെ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമാകാം. ഈ സൗകര്യം ബിജെപിയിൽ മാത്രമേ കാണൂ, കാരണം ഇതൊരു ജനാധിപത്യപാർട്ടിയായി നിലനിൽക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

'75 വർഷത്തിനിടെ 17 ലോക്‌സഭാ തെരഞ്ഞെടുപ്പുകളും 22 സർക്കാരുകളും 15 പ്രധാനമന്ത്രിമാരേയും ഈ രാജ്യം കണ്ടു. രാജ്യത്തെ എല്ലാ സർക്കാരുകളും തങ്ങളുടെ കാലത്തിനനുസരിച്ച് വികസനം കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ ഇന്ന് എനിക്ക് ഒരു സംശയവുമില്ലാതെ പറയാൻ കഴിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 10 വർഷത്തിനുള്ളിൽ മാത്രമാണ് സമഗ്ര വികസനം, എല്ലാ മേഖലയുടെയും വികസനം, ഓരോ വ്യക്തിയുടെയും വികസനം നടന്നത്' അമിത് ഷാ അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലാണ് നമ്മൾ ദേശീയ കൗൺസിൽ വിളിച്ച്ചേർത്തിരിക്കുന്നത്. ഈ കൺവെൻഷന് ശേഷം മോദിയുടെ 'വികസിത് ഭാരത്' സ്വപ്നം യാഥാർത്ഥ്യമാക്കാൻ നമ്മൾ മണ്ഡലങ്ങളിലേക്കിറങ്ങുകയാണെന്നും അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷ സഖ്യവും കോൺഗ്രസും രാജ്യത്തെ ജനാധിപത്യത്തിന്റെ ആത്മാവിനെ നശിപ്പിക്കുകയാണ്. അവർ രാജ്യത്തിന്റെ ജനാധിപത്യത്തെ അഴിമതിയും സ്വജനപക്ഷപാതവും പ്രീണനവും ജാതീയതയും കൊണ്ട് നിറച്ചു. അഴിമതിയും സ്വജനപക്ഷപാതവും പ്രീണനവും ജാതീയതയും ഇല്ലാതാക്കി പ്രധാനമന്ത്രി മോദി 10 വർഷം കൊണ്ട് വികസനം കൈവരിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

'അടിമത്തത്തിന്റെ പ്രതീകങ്ങളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനാണ് പ്രധാനമന്ത്രി മോദി ആദ്യമായി ആഹ്വാനം ചെയ്തത്. സ്വാതന്ത്ര്യംനേടി രണ്ടാം ദിനത്തിൽ ഇത് ആരംഭിക്കേണ്ടതായിരുന്നു, എന്നാൽ കോൺഗ്രസും സഖ്യകക്ഷികളും അധികാരത്തിലിരുന്നിടത്തോളം കാലം അവർ അത് ചെയ്തില്ല. മൂന്നാംമോദി സർക്കാർ വരുന്നതോടെ ഈ രാജ്യം തീവ്രവാദം,ഭീകരവാദം, നക്‌സലിസം എന്നിവയിൽ നിന്ന് സ്വയം മോചിതരാവുകയും സമാധാനപൂർണവും സമൃദ്ധവുമായ ഇന്ത്യയായി മാറുമെന്ന് രാജ്യത്തെ ജനങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു' ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.

ലോകവുമായി ചങ്ങാത്തം കൂടണമെങ്കിൽ രാജ്യസുരക്ഷയിൽ വിട്ടുവീഴ്‌ച്ച ചെയ്യണമെന്ന തെറ്റിദ്ധാരണ നിറഞ്ഞവിദേശനയങ്ങൾ ഇവിടെയുണ്ടായിരുന്നു. എന്നാൽ ഇന്ത്യയുടെ സുരക്ഷയ്ക്ക് മുകളിലല്ല ഒന്നുമെന്ന് പ്രധാനമന്ത്രി മോദി തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയ ഇന്ത്യയാണ് പ്രധാനമന്ത്രി മോദി ലക്ഷ്യമിടുന്നത്. സോണിയാഗാന്ധിയുടെ ലക്ഷ്യം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി ആക്കുക എന്നതാണ്. പവാർ സാഹിബിന്റെ ലക്ഷ്യം മകളെ മുഖ്യമന്ത്രിയാക്കുക, മമതാ ബാനർജിയുടെ ലക്ഷ്യം മരുമകനെ മുഖ്യമന്ത്രിയാക്കുക, സ്റ്റാലിന്റെ ലക്ഷ്യം മകനെ മുഖ്യമന്ത്രിയാക്കുക, ലാലുവിന്റെ ലക്ഷ്യം മകനെ മുഖ്യമന്ത്രിയാക്കുകയാണ്.

ഉദ്ധവ് താക്കറെയുടെ ലക്ഷ്യം മകനെ മുഖ്യമന്ത്രിയാക്കുക, മുലായം സിങ് യാദവ് മകനെ മുഖ്യമന്ത്രിയാക്കി. സ്വന്തം കുടുംബത്തിന് വേണ്ടി അധികാരം പിടിക്കാൻ ശ്രമിക്കുന്നവർ പാവപ്പെട്ടവരുടെ ക്ഷേമത്തെക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോയെന്നും അമിത് ഷാ ചോദിച്ചു.