ജമ്മു: ജമ്മു കശ്മീരിന്റെ വികസനത്തിന് ഏറ്റവും വലിയ തടസ്സമായിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയത് വലിയ നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ചുവെന്ന് പറഞ്ഞ അദ്ദേഹം ജമ്മു കശ്മീരിൽ ഇപ്പോൾ വികസനത്തിന്റെ കാലമാണെന്നും പറഞ്ഞു. കുടുംബാധിപത്യമാണ് ജമ്മു കശ്മീരിൽ വികസനം പിന്നിലാക്കിയത്.

കോൺഗ്രസ് സൈന്യത്തെ അപമാനിച്ചുവെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം തന്റെ സർക്കാർ ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കിയെന്നും പറഞ്ഞു. റെയിൽ റോഡ് ഗതാഗത്തിൽ വലിയ പദ്ധതികൾ തന്റെ സർക്കാർ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിൽ 32000 കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ജമ്മുവിൽ നിർമ്മാണം പൂർത്തിയായ എയിംസ്, ഐ.ഐ.എം, ഐ.ഐ.ടി ക്യാമ്പസുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ജമ്മുകശ്മീരിൽ സർക്കാർ ഉദ്യോഗസ്ഥരായി നിയമനം കിട്ടിയ 1500 പേർക്ക് പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറി.

പതിറ്റാണ്ടുകളോളം കുടുംബഭരണത്തിന്റെ ഭാരം ജമ്മുകശ്മീരിന് സഹിക്കേണ്ടി വന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. വംശീയ രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ സ്വന്തം താൽപ്പര്യത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ജമ്മുകശ്മീരിലെ യുവാക്കളെ അവഗണിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു. ജമ്മുവിൽ നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ബഹുജന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിന്റെ മുഖം മാറിയെന്നും അദ്ദേഹം പറഞ്ഞു.

'പതിറ്റാണ്ടുകളായി ജമ്മു കശ്മീരിന് കുടുംബാധിപത്യ രാഷ്ട്രീയത്തിന്റെ ഭാരം സഹിക്കേണ്ടി വന്നു. അവർക്ക് അവരുടെ കുടുംബങ്ങളെക്കുറിച്ച് മാത്രമാണ് ആശങ്ക, നിങ്ങളുടെ താൽപ്പര്യങ്ങളെക്കുറിച്ചല്ല. കശ്മീരിലെ കുടുംബങ്ങളും പ്രദേശത്തെ യുവാക്കളും ഇതുമൂലം വലിയ ദുരിതം അനുഭവിച്ചിട്ടുണ്ട്. ഈ കുടുംബാധിപത്യ രാഷ്ട്രീയത്തിൽ നിന്ന് ജമ്മു കശ്മീരിന് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ സന്തോഷമുണ്ട്. ആർട്ടിക്കിൾ 370 എന്നത് ജമ്മു കശ്മീരിന്റെ വികസനത്തിന് ഏറ്റവും വലിയ തടസമായിരുന്നു. ബിജെപി സർക്കാർ അത് റദ്ദാക്കി. ജമ്മു കശ്മീർ ഇപ്പോൾ വികസനത്തിലേക്ക് നീങ്ങുകയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനാലാണ് ഇത് സാധ്യമായത്'.

'വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 370 സീറ്റുകളും എൻഡിഎയ്ക്ക് 400 സീറ്റുകളും നേടാൻ ബിജെപിയെ സഹായിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. എനിക്ക് നിങ്ങളിൽ പൂർണ വിശ്വാസമുണ്ട്. ഞങ്ങൾ ഈ നാടിനെ 'വിക്ഷിത് ജമ്മു കശ്മീർ' ആക്കും. നിങ്ങളുടെ 70 വർഷത്തെ സ്വപ്നങ്ങൾ വരും വർഷങ്ങളിൽ ഈ മോദി സാക്ഷാത്കരിക്കും. മുമ്പ് ബോംബ് സ്‌ഫോടനം, തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെ നിരാശാജനകമായ വാർത്തകൾ മാത്രമേ ജമ്മു കശ്മീരിൽ നിന്നും വന്നിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ജമ്മു കശ്മീർ വികസനത്തിന്റെ പാതയിലാണ്'- പ്രധാനമന്ത്രി പറഞ്ഞു.