- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിക്കറ്റിൽ നിന്നും രാഷ്ട്രീയത്തിലേക്ക് യുവരാജ് സിംഗും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും; ഗുരുദാസ്പൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടുമെന്ന് സൂചന; സിദ്ദുവും ബിജെപിയിലേക്ക് മടങ്ങിയേക്കും
ചണ്ഡീഗഡ്: ക്രിക്കറ്റിന്റെ ലോകത്തുനിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റാൻ ഒരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുവരാജ് സിങ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗുരുദാസ്പൂർ മണ്ഡലത്തിൽ നിന്നാവും യുവരാജ് ബിജെപി ടിക്കറ്റിൽ ലോക്‌സഭിലേക്ക് മത്സരിക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അടുത്തിടെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി യുവരാജ് സിങ് കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ മുന്നോടിയായെന്നാണ് സൂചന.
ഗുരുദാസ്പൂർ മണ്ഡലത്തിൽ നിന്നുള്ള സിറ്റിങ് എംപി സണ്ണി ഡിയോളിന് പകരക്കാരനായി യുവരാജ് മത്സരിക്കാനാണ് സാധ്യത. യുവരാജ് അടുത്തിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതോടെ അദ്ദേഹം പാർട്ടിയിൽ ചേരും എന്ന റിപ്പോർട്ടുകൾ സജീവമായി.
നിലവിൽ നടൻ സണ്ണി ഡിയോളാണ് ഗുരുദാസ്പൂരിൽ നിന്നുള്ള ബിജെപി എംപി. എന്നാൽ മണ്ഡലത്തിൽ എത്താത്ത സണ്ണി ഡിയോളിനെതിരെ ജനവികാരം ശക്തമാണ്. അതിനാലാണ് പുതുമുഖത്തെ പരീക്ഷിക്കാൻ ബിജെപി ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്. ബോളിവുഡ് നടൻ വിനോദ് ഖന്നയും മുമ്പ് പാർലമെന്റിൽ ഗുരുദാസ്പൂരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിലൊരാളായ യുവരാജ് സിംഗാണ് 2007ലെ ഇന്ത്യയുടെ ആദ്യ ടി20 ലോകകപ്പ് ജയത്തിലും 2011ലെ ഏകദിന ലോകകപ്പിലും നിർണായക പങ്കുവഹിച്ചത്. 2011ലെ ഏകദിന ലോകകപ്പിൽ 362 റൺസും 15 വിക്കറ്റും സ്വന്തമാക്കിയ യുവരാജ് ആയിരുന്നു ടൂർണമെന്റിലെ താരം.
ലോകകപ്പ് സമയത്ത് ക്യാൻസർ ബാധിതനായിരുന്ന യുവരാജ് ചികിത്സയിലൂടെ രോഗമുക്തി നേടിയതിനുശേഷം വീണ്ടും ഇന്ത്യൻ കുപ്പായത്തിൽ കളിക്കുകയും ചെയ്തു. വിരമിച്ചശേഷം ക്രിക്കറ്റ് കമന്റേറ്ററായും യുവി തിളങ്ങിയിരുന്നു.
അതേസമയം, ബിജെപി വിട്ട് കോൺഗ്രസിലേക്ക് മുൻ ഇന്ത്യൻ താരം നവജ്യോത് സിദ്ദുവും ബിജെപിയിൽ തിരിച്ചെത്തിയേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. അമൃത്സറിൽ നിന്നാകും സിദ്ദു മത്സരിക്കുക എന്നാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിഞ്ജാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിരവധി ക്രിക്കറ്റ് താരങ്ങൾ മുമ്പ് തിരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുണ്ടെങ്കിലും അവർ ജയിച്ച മണ്ഡലങ്ങളിൽ കാര്യമായ പ്രവർത്തനങ്ങൾ ഒന്നും തന്നെ ചെയ്യാത്ത സംഭവവും ഉണ്ടായിട്ടുണ്ട് . ജനശ്രദ്ധയാകർഷിക്കാനാണ് പലപ്പോഴും പാർട്ടികൾ ഇവർക്ക് ടിക്കറ്റ് നൽകുന്നത്. ഡൽഹിയിൽ നിന്നുള്ള സിറ്റിങ് എംപിയാണ് ഗൗതം ഗംഭീർ. തന്റെ ചുമതലകൾ അവഗണിക്കുന്നുവെന്ന് പ്രതിപക്ഷം പലപ്പോഴും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ