- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അനീതിക്കെതിരായ ഈ മഹത്തായ പരിപാടിയിൽ നമുക്ക് ഒരുമിച്ച് അണിചേരാം'; ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് കമൽനാഥ്; രാജ്യസഭാ സീറ്റ് നിഷേധിച്ചതിനാൽ കമൽനാഥും മകനും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കുമെന്ന പ്രഖ്യാപനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്. രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ കമൽനാഥ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. ഇതിനുള്ള മറുപടി കൂടിയായാണ് കമലിന്റെ പ്രഖ്യാപനം.
അടിച്ചമർത്തലിനും അനീതിക്കും എതിരായ പോരാട്ടത്തിൽ പങ്കാളികളാകണമെന്നാണ് പ്രവർത്തകരോട് കമൽനാഥ് പറഞ്ഞിരിക്കുന്നത്. ഇതോടെ കമൽനാഥും മകനും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.
മാർച്ച് രണ്ടിന് മധ്യപ്രദേശിൽ എത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിലാണ് കമൽനാഥ് നയം വ്യക്തമാക്കിയത്. ഓൺലൈനായാണ് യോഗത്തിൽ കമൽനാഥ് പങ്കെടുത്തത്. രാഹുലിന്റെ യാത്ര പങ്കെടുക്കുമെന്ന് കമൽനാഥ് അറിയിച്ചതായി കോൺഗ്രസ് അധ്യക്ഷൻ ജിത്തു പട്വാരിയാണ് വ്യക്തമാക്കിയത്.
''രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ വരവേൽക്കാനുള്ള ആവേശത്തിലാണ് മധ്യപ്രദേശിലെ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും. നമ്മുടെ നേതാവ് രാഹുൽ ഗാന്ധി രാജ്യത്തുടനീളം തെരുവിലിറങ്ങി അനീതിക്കും അടിച്ചമർത്തലിനും ചൂഷണത്തിനുമെതിരെ നിർണായക പോരാട്ടം നടത്തുകയാണ്. ഭാരത് ജോഡോ ന്യായ് യാത്രയിൽ പരമാവധി പങ്കാളികളായി രാഹുൽ ഗാന്ധിയുടെ ശക്തിയും ധൈര്യവും ആവാൻ ഞാൻ മധ്യപ്രദേശിലെ ജനങ്ങളോടും കോൺഗ്രസിന്റെ ധീരരായ പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു. അനീതിക്കെതിരായ ഈ മഹത്തായ പരിപാടിയിൽ നമുക്ക് ഒരുമിച്ച് അണിചേരാം'' കമൽനാഥ് എക്‌സിൽ കുറിച്ചു.
നാല് ദിവസമാണ് ന്യായ് യാത്ര മധ്യപ്രദേശിൽ പര്യടനം നടത്തുക. രാജസ്ഥാനിലെ മൊറേനയിൽ വച്ച് മധ്യപ്രദേശിലേക്ക് യാത്ര പ്രവേശിക്കും. ഗ്വാളിയോർ, ശിവപുരി, ഗുണ, രാജ്ഗഡ്, ഷാജാപൂർ, ഉജ്ജയിൻ, ധാർ, രത്‌ലം എന്നിവിടങ്ങളിലൂടെ മാർച്ച് ആറിന് യാത്ര വീണ്ടും രാജസ്ഥാനിലേക്ക് കടക്കും. പര്യടനത്തിനിടെ മഹാകാലേശ്വർ ക്ഷേത്രത്തിലെ പൂജ ചടങ്ങുകളിലും രാഹുൽ ഗാന്ധി പങ്കെടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കമൽനാഥും മകൻ നകുൽനാഥും പാർട്ടിവിട്ടേക്കുമെന്ന പ്രചാരണത്തിനിടെ ഉണ്ടായ പ്രഖ്യാപനം കോൺഗ്രസ് പ്രവർത്തകർക്ക് ആശ്വാസം പകർന്നിട്ടുണ്ട്.
കമൽനാഥ് ആഗ്രഹിച്ച രാജ്യസഭാ സീറ്റ് കോൺഗ്രസ് നിഷേധിച്ചതോടെയാണ് അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ശക്തമായത്. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ രാഹുൽഗാന്ധിക്ക് കമൽനാഥിനോടുള്ള വിയോജിപ്പാണ് സീറ്റ് നിഷേധിക്കപ്പെടാനുള്ള കാരണമായി വിലയിരുത്തപ്പെട്ടത്. 2023ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 230 സീറ്റുകളിൽ 163 എണ്ണവും ബിജെപി നേടിയിരുന്നു. ഭരണകക്ഷിയായിരുന്ന കോൺഗ്രസ് 66 സീറ്റിലൊതുങ്ങുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ