- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയിലെ ഇന്ത്യ സഖ്യം: 39 സീറ്റുകളിൽ ധാരണ
മുംബൈ: മഹാരാഷ്ട്രയിലെ ഇന്ത്യ സഖ്യകക്ഷികളുടെ സീറ്റ് വിഭജന ചർച്ചയിൽ കാര്യമായ പുരോഗതി. സംസ്ഥാനത്തെ 48 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. ഇതിൽ 39 മണ്ഡലങ്ങളിൽ ധാരണയായെന്നാണ് വിവരം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മഹാരാഷ്ട്രയിലെ സഖ്യകക്ഷികളായ ശിവസേന (യു.ബി.ടി.)യും ശരദ് പവാറിന്റെ എൻ.സി.പിയുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെയാണിത്.
സംസ്ഥാനത്തെ 48 സീറ്റുകളിൽ 39 എണ്ണത്തിലും ധാരണയായതായാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നത്. മറ്റ് ഒമ്പത് സീറ്റുകളിലേക്കുള്ള ചർച്ച തുടരുകയാണ്. എന്നാൽ, ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. നേരത്തെ, ഫെബ്രുവരി 22-ന് മുംബൈയിൽ നിശ്ചയിച്ചിരുന്ന യോഗം മുതിർന്ന നേതാക്കളുടെ തിരക്കുകൾ കാരണം 27-ലേക്ക് മാറ്റിയിരുന്നു. ഈ യോഗത്തിന് പിന്നാലെ വിഷയത്തിൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.
ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുൽ ഉദ്ധവിനെ നേരിട്ട് വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ ഏതൊക്കെ മണ്ഡലങ്ങളിൽ ആര് മത്സരിക്കും എന്ന് വ്യക്തമായിട്ടില്ല. നേരത്തെ, സംസ്ഥാനത്ത് 20 സീറ്റ് വേണമെന്ന് ഉദ്ധവ് താക്കറെ കടുംപിടുത്തം പിടിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 18 ലോക്സഭാമണ്ഡലങ്ങളിലേക്ക് ഉദ്ധവ് ശിവസേന കോ-ഓർഡിനേറ്റർമാരെയും നിയമിച്ചിരുന്നു.
മഹാരാഷ്ട്രയിലെ 39 ലോക്സഭാസീറ്റുകളിൽ മഹാരാഷ്ട്ര വികാസ് അഘാഡി സഖ്യം സമവായത്തിലെത്തിയതായി എൻ.സി.പി. സ്ഥാപകൻ ശരദ് പവാറും അറിയിച്ചിരുന്നു. ശിവസേന (യു.ബി.ടി.), കോൺഗ്രസ്, എൻ.സി.പി.യുടെ ശരദ് പവാർ വിഭാഗം, പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി എന്നിവരടങ്ങുന്ന മഹാരാഷ്ട്ര വികാസ് അഘാഡിയിലെ നേതാക്കളുമായി ഒരു മാസത്തിലേറെയായി സീറ്റുപങ്കിടൽ ചർച്ചകൾ പുരോഗമിച്ചു വരികയാണ്.
മുംബൈ സൗത്ത് സെൻട്രൽ, മുംബൈ നോർത്ത് സെൻട്രൽ, നോർത്ത് വെസ്റ്റ് തുടങ്ങിയ മണ്ഡലങ്ങളിലുൾപ്പെടെ കോൺഗ്രസും ശിവസേന (യു.ബി.ടി.)യും ഒരേപോലെ ലക്ഷ്യമിടുന്ന എട്ട് സീറ്റുകൾ മഹാരാഷ്ട്രയിലുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ബിജെപിയുമായി സഖ്യത്തിലായിരുന്ന 2019 പൊതുതിരഞ്ഞെടുപ്പിൽ 23 സീറ്റുകളിൽ മത്സരിച്ച ശിവസേന 18 സീറ്റുകളിൽ വിജയിച്ചിരുന്നു. 25 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് അന്ന് വിജയിക്കാനായത് ചന്ദ്രപുർ മണ്ഡലം മാത്രമായിരുന്നു. ശരദ് പവാറിന്റെ എൻ.സി.പി. മത്സരിച്ച 19 സീറ്റുകളിൽ നാലെണ്ണം വിജയിച്ചപ്പോൾ ബിജെപി. 2019-ൽ മത്സരിച്ച 25-ൽ 23-ഉം സ്വന്തമാക്കിയിരുന്നു.
ഉത്തർപ്രദേശിൽ കോൺഗ്രസും സമാജ്വാദി പാർട്ടിയും സീറ്റുധാരണയിലെത്തിയതിന് പിന്നാലെയാണ് മഹാരാഷട്രയിൽ തീരുമാനമായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എസ്പി. 63 സീറ്റിലും കോൺഗ്രസ് 17 സീറ്റിലും മത്സരിക്കാനാണ് ഉത്തർപ്രദേശിൽ തീരുമാനം. അമേഠിയിലും റായ്ബറേലിയിലും ഭാരത് ന്യായ് യാത്രയിൽ പങ്കെടുക്കാതെ എസ്പി. അധ്യക്ഷൻ അഖിലേഷ് യാദവ് ബുധനാഴ്ച വാരാണസിയിലടക്കം അഞ്ചു സ്ഥാനാർത്ഥികളെക്കൂടി പ്രഖ്യാപിച്ച് കോൺഗ്രസിനെ സമ്മർദത്തിലാക്കിയിരുന്നു. രാഹുൽ ഗാന്ധിയുടെ അനുമതിയോടെ പ്രിയങ്കാ ഗാന്ധി അഖിലേഷ് യാദവിനെ ഫോണിൽ വിളിച്ചതോടെയാണ് മഞ്ഞുരുകിയത്. പിന്നാലെ യു.പി.യിൽ ഇന്ത്യസഖ്യമുണ്ടാകുമെന്ന് അഖിലേഷ് പറഞ്ഞു.